ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതോടെ ക്രിക്കറ്റ് പ്രേമികളും താരങ്ങളുമെല്ലാം ഐപിഎല്‍ ഫീവറിലേക്കു കടക്കുകയാണ്. അടുത്തയാഴ്ച ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗിനു തുടക്കം കുറിക്കാനിരിക്കെ പത്തു ടീമുകളും പടൊരുക്കം ആരഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ താരങ്ങളും വിദേശ കളിക്കാരുമടക്കം ഭൂരിഭാഗം പേരും ഇതിനകം ഫ്രാഞ്ചൈസികള്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്.

31ന് വെള്ളിയാഴ്ചയാണ് ഐപിഎല്ലിന്റെ 16ാം സീസണിനു തുടക്കമാവുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ശേഷം കന്നിയങ്കത്തിനു തുടക്കമാവും. നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ പോരാട്ടം. വിജയികളെന്ന തലയെടുപ്പോടെ ആയിരിക്കും ജിടി ഇറങ്ങുകയെങ്കില്‍ നാലു തവണ ചാംപ്യന്‍മാരായ ചെന്നൈയും വിജയത്തുടക്കമായിരിക്കും ലക്ഷ്യമിടുക.
ബാറ്റര്‍മാരുടെ ഗെയിമായതിനാല്‍ തന്നെ ഐപിഎല്ലില്‍ സിക്‌സറുകള്‍ക്കും ഫോറുകള്‍ക്കും ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. ആയിരക്കണക്കിനു സിക്സറുകള്‍ കഴിഞ്ഞ 15 സീസണുകളിലായി നമ്മള്‍ കണ്ടുകഴിഞ്ഞു. ടൂര്‍ണമെന്റിലെ സിക്‌സര്‍ വീരന്മാരായ താരങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 2020 മുതലുള്ള കണക്കുകള്‍ പ്രകാരം മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ഇറങ്ങി ഏറ്റവുമധികം സിക്സറുകള്‍ പറത്തിയ അഞ്ചു പേര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും ആരാധകര്‍ക്കു പ്രിയങ്കരനുമായ മലയാളി താരം സഞ്ജു സാംസാണ് ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത്. ടോപ്പ് ഫൈവിലെ ഇന്ത്യന്‍ താരങ്ങളില്‍ അദ്ദേഹത്തിനു അരികില്‍പ്പോലും ആരുമില്ലെന്നു കാണാം. 2020നു ശേഷം റോയല്‍സിനായി സഞ്ജു വാരിക്കൂട്ടിയത് 69 സിക്‌സറുകളാണ്. രണ്ടാം സ്ഥാനത്തു വെസ്റ്റ് ഇന്‍ഡീസിന്റെ യുവ താരവും വെടിക്കെട്ട് ബാറ്ററുമായ നിക്കോളാസ് പൂരനാണ്. 51 സിക്‌സറുകളാണ് താരത്തിന്റെ സമ്പാദ്യം.
മൂന്നാം സ്ഥാനം ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ഇന്ത്യയുടെ മുന്‍ താരം അമ്പാട്ടി റായുഡുവിനാണ്. സിഎസ്‌കെയ്ക്കായി മധ്യനിരയില്‍ മിന്നുന്ന ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം 44 സിക്‌സറുകളടിച്ചിട്ടുണ്ട്. ഇതിനകം ക്രിക്കറ്റില്‍ നിന്നും വിരമിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൗത്താഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ് നാലാമന്‍. 38 സിക്‌സറുകള്‍ ആര്‍സിബിക്കായി അദ്ദേഹം നേടിയിരുന്നു. എബിഡിയുടെ പിന്‍ഗാമിയെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനാണ് അഞ്ചാംസ്ഥാനം. മുംബൈ ഇന്ത്യന്‍സിനായി ഈ കാലയളവില്‍ അദ്ദേഹം നേടിയിരിക്കുന്നത് 37 സിക്‌സറുകളാണ്.

അതേസമയം സഞ്ജു സാംസണിന്റെ പ്രകടനത്തിലേക്കു വരികയാണെങ്കില്‍ 2020ലെ സീസണില്‍ അദ്ദേഹം നേടിയത് 26 സിക്‌സറുകളായിരുന്നു. 2021ല്‍ പക്ഷെ സിക്‌സറുകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചു. 17 സിക്‌സറുകളാണ് സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായത്. എന്നാല്‍ കഴിഞ്ഞ തവണ അദ്ദേഹം ഇതിന്റെ ക്ഷീണം തീര്‍ത്തു.
2020 ആവര്‍ത്തിച്ച സഞ്ജു ഒരിക്കല്‍ക്കൂടി 26 സിക്‌സറുകള്‍ സ്വന്തം പേരില്‍ കുറിക്കുകയായിരുന്നു. അദ്ദേഹം ഏറ്റവുമധികം സിക്സറുകള്‍ പറത്തിയ സീസണുകളും 2020, 22 എന്നിവയാണ്. ഐപിഎല്‍ കരിയറില്‍ സഞ്ജു ഇതുവരെ കളിച്ചത് 138 മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും 158 സിക്‌സറുകളടിക്കുകയും ചെയ്തു.