ഐപിഎല്ലിന്റെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് പ്ലേഓഫ് പോരാട്ടങ്ങള്‍ നടക്കുന്നത്. ലീഗ് ഘട്ടത്തിലെ മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ഒരു കാര്യത്തില്‍ ശിഖര്‍ ധവാന്റെ പഞ്ചാബ് കിങ്‌സ് മറ്റുള്ളവരെ നിഷ്പ്രഭരായിരിക്കുകയാണ്. അണ്‍ക്യാപ്ഡ് താരങ്ങള്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത ഫ്രാഞ്ചൈസിയായാണ് പഞ്ചാബ് മാറിയിരിക്കുന്നത്. പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഈ നേട്ടം പഞ്ചാബിനു അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങറിയിട്ടില്ലാത്ത താരങ്ങള്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി വാരിക്കൂട്ടിയിരിക്കുന്നത് 1255 റണ്‍സാണ്. മറ്റൊരു ടീമിലെയും അണ്‍ക്യാപ്ഡ് താരങ്ങള്‍ 1000ത്തിനു മുകളില്‍ റണ്‍സ് ഇത്തവണ സ്‌കോര്‍ ചെയ്തിട്ടില്ല. പഞ്ചാബ് കഴിഞ്ഞാല്‍ രണ്ടാംസ്ഥാനത്തുള്ളത് പ്ലേഓഫില്‍ ഇല്ലാത്ത മറ്റൊരു ടീമായ രാജസ്ഥാന്‍ റോയല്‍സാണ്. സഞ്ജു സാംസണിന്റെ ടീമിലെ അണ്‍ക്യാപ്ഡ് താരങ്ങള്‍ ചേര്‍ന്നു 14 മല്‍സരങ്ങളില്‍ നിന്നും നേടിയത് 856 റണ്‍സാണ്.

റോയല്‍സിനു പിന്നില്‍ മൂന്നാംസ്ഥാനത്ത് പ്ലേഓഫില്‍ ഇല്ലാത്ത മറ്റൊരു ടീമും രണ്ടു തവണ ചാംപ്യന്‍മാരുമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. പുതിയ നായകന്‍ നിതീഷ് റാണയ്ക്കു കീഴിലായിരുന്നു കെകെആര്‍ ഇറങ്ങിയത്. അവര്‍ക്കു വേണ്ടി 589 റണ്‍സ് അണ്‍ക്യാപ്ഡ് താരങ്ങള്‍ ചേര്‍ന്നെടുത്തിട്ടുണ്ട്.
നേരിയ വ്യത്യാസത്തിലാണ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാലാംസ്ഥാനക്കാരായത്. ഓറഞ്ച് ആര്‍മിക്കു വേണ്ടി അണ്‍ക്യാപ്ഡ് താരങ്ങള്‍ ചേര്‍ന്ന് സ്‌കോര്‍ ചെയ്തത് 580 റണ്‍സാണ്.
അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് (574 റണ്‍സ്), നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് (417 റണ്‍സ്), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (372 റണ്‍സ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (352), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (267) എന്നിവരാണ് അഞ്ചു മുതല്‍ ഒമ്പതു വരെ സ്ഥാനങ്ങളിലുള്ളത്.
അവസാന സ്ഥാനത്ത് ഇതിഹാസ നായകന്‍ എംഎസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. ഒരു റണ്‍സ് പോലും ഈ സീസണില്‍ ഇതുവരെ സിഎസ്‌കെയ്ക്കായി അണ്‍ക്യാപ്ഡ് താരങ്ങള്‍ ചേര്‍ന്ന് നേടിയിട്ടില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
അതേസമയം, തലപ്പത്തുള്ള പഞ്ചാബ് കിങ്‌സിലേക്കു തന്നെ വീണ്ടും വരികയാണെങ്കില്‍ പ്രധാനമായും നാലു അണ്‍ ക്യാപ്പ്ഡ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമാണ് അവരെ 1255 റണ്‍സിലെത്തിച്ചത്. ഇക്കൂട്ടത്തില്‍ ഒന്നാമന്‍ പ്രഭ്‌സിമ്രന്‍ സിങാണ്. 14 ഇന്നിങ്‌സുകളിലായി താരത്തിന്റെ സമ്പാദ്യം 358 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടുന്നു.

പ്രഭ്‌സിമ്രന് പിന്നില്‍ രണ്ടാം സ്ഥാനത്തു വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ്. 14 കളിയില്‍ നിന്നും 309 റണ്‍സാണ് താരം നേടിയത്. വെറും 198 ബോളുകളിലാണിത്. ഫിഫ്റ്റിയോ, സെഞ്ച്വറിയോ ജിതേഷ് ഇത്തവണ നേടിയിട്ടില്ല. അതര്‍വ്വ ടെയ്‌ഡെ (186), ഷാരൂഖ് ഖാന്‍ (156) എന്നിവരാണ് പഞ്ചാബിനു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത മറ്റു രണ്ട് അണ്‍ക്യാപ്ഡ് താരങ്ങള്‍.
രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയ അണ്‍ക്യാപ്ഡ് താരം യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ്. 14 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം 625 റണ്‍സ് താരം വാരിക്കൂട്ടി. 152 റണ്‍സെടുത്ത ധ്രുവ് ജുറേലാണ് രണ്ടാംസ്ഥാനത്ത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ 589 റണ്‍സില്‍ ഭൂരിഭാഗവും ഒരാളുടെ ബാറ്റില്‍ നിന്നായിരുന്നു. ഫിനിഷര്‍ റിങ്കു സിങിന്റെ വകയായിരുന്നു ഇത്. 14 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളോടെ അദ്ദേഹം സ്‌കോര്‍ ചെയ്തത് 474 റണ്‍സാണ്.