Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 'മിസ് യു ബുംറ', ആര്‍ച്ചറെക്കൊണ്ടൊന്നും ആകില്ല! മുംബൈ ഫാന്‍സ് പ്രതികരിക്കുന്നു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടിരിക്കുകയാണ്. എട്ട് വിക്കറ്റിനാണ് ആര്‍സിബിയോട് മുംബൈ നാണംകെട്ടത്. തൊട്ടതെല്ലാം രോഹിത്തിനും സംഘത്തിനും പിഴച്ചുവെന്ന് പറയാം. ബാറ്റിങ്ങില്‍ പ്രമുഖരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ബൗളിങ് നിരയും നനഞ്ഞ പടക്കമായി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബി 16.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.

22 പന്ത് ബാക്കിനിര്‍ത്തിയാണ് ആര്‍സിബിയുടെ വമ്പന്‍ ജയം. വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട മുംബൈയെ തിലക് വര്‍മയാണ് (46 പന്തില്‍ 84*) 171 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. എന്നാല്‍ ഒന്ന് പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് മുംബൈ ബൗളര്‍മാര്‍ നിരാശപ്പെടുത്തിയത്. വമ്പന്‍ പ്രതീക്ഷവെച്ച ജോഫ്രാ ആര്‍ച്ചറടക്കം പ്രമുഖരില്‍ പലരും നിരാശപ്പെടുത്തിയതോടെ മുംബൈ ആരാധകര്‍ കടുത്ത നിരാശയിലാണ്. ആദ്യ മത്സരത്തിലെ തോല്‍വി മുംബൈയെ തളര്‍ത്തില്ല.

jasprit bumrah

ഇത് വര്‍ഷങ്ങളായുള്ള ശീലമാണ്. എന്നാല്‍ ടീമിന്റെ ആകെയുള്ള പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ഇപ്പോഴിതാ മുംബൈയുടെ തോല്‍വിക്ക് പിന്നാലെ 'മിസ് യു ബുംറ ടാഗ്' സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മുംബൈ നിരയില്‍ ബുംറയുടെ അഭാവം തെളിഞ്ഞുകാണുന്നുവെന്നും ആര്‍ച്ചറിനെക്കൊണ്ട് ബുംറയുടെ അഭാവം നികത്താനാവുമെന്ന് കരുതുന്നില്ലെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ന്യൂബോളിലും ഡെത്ത് ഓവറിലും ബുംറയുടെ ബൗളിങ് മികവിനെ മുംബൈ മിസ് ചെയ്യുന്നുണ്ടെന്നുറപ്പ്.

മുംബൈയുടെ ബൗളര്‍മാരെല്ലാം ആര്‍സിബിക്ക് മുന്നില്‍ ചെണ്ടകളെപ്പോലെയായിരുന്നു. വിരാട് കോലിയും ഫഫ് ഡുപ്ലെസിസും ചേര്‍ന്ന് 10 വിക്കറ്റിന്റെ വിജയം ആര്‍സിബിക്ക് നേടിക്കൊടുക്കുമെന്ന് പോലും ചില സമയത്ത് തോന്നിയിരുന്നു. അത്രത്തോളം ആത്മവിശ്വാസമില്ലാതെയാണ് മുംബൈ പന്തെറിഞ്ഞത്. ഇംപാക്ട് പ്ലയറായി മുംബൈ കളത്തിലിറക്കിയ ജേസന്‍ ബെഹറന്‍ഡോര്‍ഫ് മൂന്ന് ഓവറില്‍ 37 റണ്‍സാണ് വഴങ്ങിയത്.

jofra archer

ജോഫ്രാ ആര്‍ച്ചറുടെ മികവ് വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നുവെങ്കിലും താരവും നിരാശപ്പെടുത്തി. നാല് ഓവറില്‍ 33 റണ്‍സാണ് ആര്‍ച്ചര്‍ വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനും ആര്‍ച്ചര്‍ക്കായില്ല. ആദ്യ പന്തില്‍ത്തന്നെ വിരാട് കോലിയുടെ റിട്ടേണ്‍ ക്യാച്ച് നേടാന്‍ അവസരം ലഭിച്ചെങ്കിലും ആര്‍ച്ചര്‍ അത് പാഴാക്കിക്കളഞ്ഞു. പിന്നീടങ്ങോട്ട് കോലി ബൗണ്ടറികളും സിക്‌സുകളുമായി ആര്‍ച്ചറെ പഞ്ഞിക്കിട്ടു. പരിക്കിന്റെ ഇടവേളക്ക് ശേഷമാണ് ആര്‍ച്ചറുടെ വരവ്.

മുംബൈ പ്രതീക്ഷിച്ച നിലവാരം ആദ്യ മത്സരത്തില്‍ കാട്ടാന്‍ ആര്‍ച്ചര്‍ക്ക് സാധിച്ചില്ലെന്ന് പറയാം. യുവ പേസര്‍ അര്‍ഷാദ് ഖാന്റെ ബൗളിങ് അല്‍പ്പം ആശ്വാസം നല്‍കുന്നതാണ്. മികച്ച പിന്തുണ ലഭിച്ചാല്‍ ഇനിയും മെച്ചപ്പെടാന്‍ കഴിവുള്ള ബൗളറാണ് താരം. കാമറൂണ്‍ ഗ്രീനിനെയും ബൗളറെന്ന നിലയില്‍ വിശ്വാസിക്കാനാവില്ല. രണ്ട് ഓവറില്‍ 20 റണ്‍സാണ് താരം വഴങ്ങിയത്. ബുംറയെപ്പോലെ വിക്കറ്റ് നേടാനും റണ്‍സൊഴുക്ക് തടയാനും സാധിക്കുന്ന ബൗളര്‍ ഇപ്പോള്‍ മുംബൈക്കൊപ്പമില്ല.

jasprit bumrah

പരിക്കിന്റെ പിടിയിലുള്ള ബുംറ ഏറെ നാളുകളായി ക്രിക്കറ്റ് കളിക്കുന്നില്ല. ഐപിഎല്ലിലൂടെ ബുംറ തിരിച്ചുവരവ് നടത്താന്‍ പദ്ധതിയിട്ടെങ്കിലും ബിസിസി ഐ ഇതിന് തടസം നില്‍ക്കുകയായിരുന്നു. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ബുംറയെ പൂര്‍ണ്ണ ആരോഗ്യവാനായി മുംബൈക്ക് ലഭിക്കേണ്ടതായുണ്ട്. ഐപിഎല്ലില്‍ കളിച്ചാല്‍ ബുംറക്ക് വീണ്ടും പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. ഇത് വിലയിരുത്തിയാണ് ഐപിഎല്ലില്‍ നിന്ന് ബുംറയോട് വിട്ടുനില്‍ക്കാന്‍ ബിസിസി ഐ ആവിശ്യപ്പെട്ടത്.

ബുംറ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. ബുംറയുടെ അഭാവം മുംബൈയെ വരുന്ന മത്സരങ്ങളിലും കാര്യമായി ബാധിക്കുമെന്നുറപ്പ്. ജേസന്‍ ബെഹറന്‍ഡോര്‍ഫിനെക്കൊണ്ട് റണ്ണൊഴുക്ക് തടയാനാവില്ല. മുംബൈ സന്ദീപ് ശര്‍മയെ വിട്ടുകളഞ്ഞത് വലിയ മണ്ടത്തരമായിപ്പോയെന്ന് അഭിപ്രായപ്പെടുന്നുവരും ഏറെയാണ്. എന്തായാലും ഈ സീസണിലും മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്.

Story first published: Monday, April 3, 2023, 7:42 [IST]
Other articles published on Apr 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+