ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള നിര്‍ണായക മല്‍സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച മുംബൈ ഇന്ത്യന്‍സ് ക്യാപറ്റന്‍ രോഹിത് ശര്‍മ രണ്ട് വമ്പന്‍ നാഴികക്കല്ലുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ഹിറ്റ്മാന്‍ റണ്‍ചേസില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു.
31 ബോളുകളില്‍ നിന്നായിരുന്നു രോഹിത് ഈ സീസണിലെ തന്റെ രണ്ടാമത്തെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. മല്‍സരത്തില്‍ 56 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. 37 ബോളുകള്‍ നേരിട്ട രോഹിത് എട്ടു ഫോറുകളും ഒരു സിക്‌സറുമടിച്ചു. ഈ ഫിഫ്റ്റിക്കു മുമ്പ് തന്നെ ഹിറ്റ്മാന്‍ രണ്ടു വമ്പന്‍ നേട്ടങ്ങള്‍ തികച്ചിരുന്നു.

മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഐപിഎല്ലില്‍ 5000 റണ്‍സെന്ന റെക്കോര്‍ഡായിരുന്നു ആദ്യത്തേത്. പിന്നാലെ ടി20 ക്രിക്കറ്റില്‍ 11,000 റണ്‍സും രോഹിത് തികയ്ക്കുകയായിരുന്നു. ഈ നേട്ടത്തിലെത്തിയ രണ്ടാമത്തെ താരമാണ് അദ്ദേഹം. 11,864 റണ്‍സോടെ വിരാട് കോലിയാണ് ടി20യില്‍ ഇന്ത്യയുടെ ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ തലപ്പത്തു നില്‍ക്കുന്നത്. ടി20യില്‍ 11,000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിച്ച ഏഴാമത്തെ താരം കൂടിയാണ് രോഹിത്.
മുംബൈയ്ക്കു വേണ്ടി ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബ്ബില്‍ അംഗമായ ആദ്യത്തെ താരം കൂടിയാണ് അദ്ദേഹം. കൂടാതെ ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിക്കായി 5000 റണ്‍സ് തികച്ച രണ്ടാമത്തെ താരമായും ഹിറ്റ്മാന്‍ മാറി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി നേരത്തേ വിരാട് കോലി മാത്രമേ ഈ നേട്ടത്തിലെത്തിയിട്ടുള്ളൂ. ഇപ്പോള്‍ ഹിറ്റ്മാനും എലൈറ്റ് ക്ലബ്ബിലെത്തിയിരിക്കുകയാണ്.

രോഹിത് ശര്‍മയുടെ ടി20 കരിയറെടുത്താല്‍ ഇന്ത്യന്‍ ടീമിനായി അദ്ദേഹത്തിന്റെ സമ്പാദ്യം 148 മല്‍സരങ്ങളില്‍ നിന്നും 3853 റണ്‍സാണ്. 30.82 ശരാശരിയില്‍ 139.25 സ്‌ട്രൈക്ക് റേറ്റോടെയാണത്. നാലു സെഞ്ച്വറികളും 29 ഫിഫ്റ്റികളും ഇന്ത്യന്‍ ജഴ്‌സിയില്‍ ഹിറ്റ്മാന്‍ നേടുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 118 റണ്‍സാണ്. ഐപിഎല്ലില്‍ രോഹിത് 241 മല്‍സരങ്ങളില്‍ നിന്നും നേടിയത് 6192 റണ്‍സാണ്.
ഒരു സെഞ്ച്വറിയും 42 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ആദ്യത്തെ മൂന്നു സീസണുകളിലും ഹിറ്റ്മാന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിനൊപ്പമായിരുന്നു. 2011ലാണ് അദ്ദേഹം മുംബൈ ടീമിന്റെ ഭാഗമായത്.
മുംബൈയ്ക്കു തകര്‍പ്പന്‍ ജയം
ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ എട്ടു വിക്കറ്റിന്റെ ഗംഭീര വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 200 പ്ലസ് റണ്‍സ് ചേസ് ചെയ്യുന്നത് ശീലമാക്കിയ മുംബൈ ഈ കളിയിലും പതിവുതെറ്റിച്ചില്ല. 201 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ രണ്ടോവറുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.
ഓസ്‌ട്രേലിയന്‍ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ (100*) കന്നി ടി20 സെഞ്ച്വറിയാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ അദ്ദേഹം 47 ബോളില്‍ എട്ടു വീതം ഫോറും സിക്‌സറുമടക്കമാണ് മൂന്നക്കം കടന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 56 റണ്‍സുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇഷാന്‍ കിഷനാണ് (14) പുറത്തായ മറ്റൊരു താരം. ഗ്രീനും സൂര്യകുമാര്‍ യാദവും (25*) ചേര്‍ന്ന് മുംബൈയുടെ ജയം പൂര്‍ത്തിയാക്കുകയായിരുന്നു.