For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ജയ്‌സ്വാള്‍ ഷോ പാഴായി, റണ്‍മല താണ്ടി മുംബൈ! ഇടിവെട്ട് ജയം

മുംബൈ: ഐപിഎല്ലിലെ 1000ാമത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരേ അവിസ്മരണീയ വിജയം കുറിച്ച് മുംബൈ ഇന്ത്യന്‍സ്. വാംഖഡെയില്‍ 213 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം റോയല്‍സ് മുന്നില്‍ വച്ചെങ്കിലും മുംബൈ പതറിയില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയൊഴികെ (3) മറ്റെല്ലാവരും തല്ലിത്തകര്‍ത്തപ്പോള്‍ മുംബൈ അസാധ്യമെന്നു കരുതിയ വിജയലക്ഷ്യം എത്തിപ്പിടിക്കുകയായിരുന്നു.

ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു മുംബൈയ്ക്കു വേണ്ടിയിരുന്നത്. ആദ്യ മൂന്നു ബോളും സിക്‌സറിലേക്കു പറത്തിയ ടിം ഡേവിഡ് മുംബൈയ്ക്കു ത്രില്ലിങ് ജയം സമ്മാനിച്ചു. വെറും 14 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറുമടക്കം ഡേവിഡ് വാരിക്കൂട്ടിയത് 45 റണ്‍സാണ്. നാലു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് മുംബൈ വിജയത്തിലേക്കു കുതിച്ചെത്തിയത്. സ്‌കോര്‍ റോയല്‍സ് ഏഴിന് 212. മുംബൈ 19.3 ഓവറില്‍ നാലിന് 214.

SURYAKUMAR YADAV BATTING

റണ്‍ചേസില്‍ തുടക്കം പാളിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെ (55) തട്ടുപൊളിപ്പന്‍ ഫിഫ്റ്റിയും കാമറൂണ്‍ ഗ്രീനിന്റെ (44) വെടിക്കെട്ടും മുംബൈയ്ക്കു വിജയപ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇരുവരെയും പുറത്താക്കി റോയല്‍സ് പിടിമുറുക്കുകയായിരുന്നു. തന്റെ യഥാര്‍ഥ ഫോമിലേക്കു തിരിച്ചെത്തിയ സൂര്യ 29 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടക്കമാണ്
ടീമിന്റെ അമരക്കാരനായത്. ഗ്രീന്‍ 26 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടിച്ചു.

3 ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുകള്‍ മുംബൈ ഇന്നിങ്‌സിലുണ്ടായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇഷാന്‍- ഗ്രീന്‍ ജോടി 62ഉം നാലാം വിക്കറ്റില്‍ സൂര്യ- തിലക് സഖ്യം 51 റണ്‍സും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. സൂര്യ- തിലക് ജോടി മുംബൈയെ മിന്നുന്ന വിജയത്തിലേക്കു നയിക്കുമെന്നു തോന്നിക്കവെയായിരുന്നു വാംഖഡെ സ്തബ്ധരാക്കിയ സന്ദീപ് ശര്‍മയുടെ വണ്ടര്‍ ക്യാച്ച്.

ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യവെ പിറകിലേക്കു ഓടിയ ശേഷം ഡൈവിങ് ക്യാച്ചിലൂടെ സൂര്യയെ സന്ദീപ് പിടികൂടുകയായിരുന്നു. പക്ഷെ പിന്നീട് ഡേവിഡും തിലക് വര്‍മയും (21 ബോളില്‍ 29*) മുംബൈയെ അവിസ്മരണീയ വിജയത്തിലേക്കു നയിക്കുകയായിരുന്നു.

tim david

റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (124) തകര്‍പ്പന്‍ സെഞ്ച്വറി ഈ മല്‍സരത്തില്‍ കുറിച്ചെങ്കിലും മുംബൈയുടെ മാരക റണ്‍ചേസില്‍ ഇതു മുങ്ങിപ്പോയി. കരിയറിലെ ആദ്യ സെഞ്ച്വറിയാണ് 21 കാരന്‍ കുറിച്ചത്. 62 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 16 ഫോറും എട്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഈ സീസണില്‍ സ്‌കോര്‍ പ്രതിരോധിക്കലാണ് തങ്ങളെ സംബന്ധിച്ച് ഏറ്റവും മികച്ച ഓപ്ഷനെന്നു വ്യക്തമായ റോയല്‍സ് നായകന്‍ സഞ്ജു ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്കു മുന്‍തൂക്കമുള്ള പിച്ചായിരുന്നിട്ടും വലിയൊരു റിസ്‌ക്ക് തന്നെയാണ് അദ്ദേഹമെടുത്തത്. ഈ പ്രതീക്ഷ തെറ്റിയതുമില്ല.

ഏഴു വിക്കറ്റിനു 212 റണ്‍സെന്ന വലിയ സ്‌കോര്‍ നേടാന്‍ റോയല്‍സിനു സാധിച്ചു. ജയ്‌സ്വാളിന്റെ ഇന്നിങ്‌സായിരുന്നു റോയല്‍സ് സ്‌കോര്‍ ബോര്‍ഡില്‍ വേറിട്ടുനിന്നത്. ജയ്‌സ്വാളിന്റെ സ്‌കോര്‍ മാറ്റിനിര്‍ത്തിയാല്‍ റോയല്‍സ് നിരയില്‍ മറ്റാര്‍ക്കും 15 റണ്‍സ് പോലും നേടാനായില്ല.

ജോസ് ബട്‌ലര്‍ (18), നായകന്‍ സഞ്ജു (14), ജേസണ്‍ ഹോള്‍ഡര്‍ (11) എന്നിവരാണ് രണ്ടക്ക സ്‌കോറിലെത്തിയവര്‍. ദേവ്ദത്ത് പടിക്കല്‍ (2), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (8), ധ്രുവ് ജുറേല്‍ (2), ആര്‍ അശ്വിന്‍ (8*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. എക്‌സ്ട്രായിനത്തില്‍ ലഭിച്ച 25 റണ്‍സാണ് റോയല്‍സ് ഇന്നിങ്‌സിലെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍.

yashasvi jaiswal

ഒരിക്കല്‍ക്കൂടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണിങ് ജോടികളായ ബട്‌ലറും ജയ്‌സ്വാളും നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 43 ബോളുകളില്‍ നിന്നായിരുന്നു ഇത്. ബട്‌ലറെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി മുംബൈ ബൗളിങിനെ ജയ്‌സ്വാള്‍ കശാപ്പ് ചെയ്യുകയായിരുന്നു. ബട്‌ലറെ പുറത്താക്കി പിയൂഷ് ചൗളയാണ് റോയല്‍സിനു ആദ്യ പ്രഹരമേല്‍പ്പിച്ചത്.

മൂന്നാം നമ്പറിലെത്തിയ സഞ്ജു ആദ്യ ബോളില്‍ സിക്‌സര്‍ പറത്തിയാണ് തുടങ്ങിയത്. തൊട്ടടുത്ത ബോളില്‍ റിവ്യു എടുത്ത് പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും സഞ്ജുവിന് അധികം ആയുസ്സുണ്ടായില്ല. വമ്പന്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ അര്‍ഷദ് ഖാന്റെ ബൗളിങില്‍ തിലക് വര്‍മ പിടികൂടി (95/2). നാലാം നമ്പറില്‍ ദേവ്ദത്തിനെ ഇറക്കാനുള്ള റോയല്‍സിന്റെ തീരുമാനം പാളി. ചൗളയുടെ ബൗളിങില്‍ ദേവ്ദത്ത് ക്ലീന്‍ ബൗള്‍ഡ് (103/3).

നാലാം വിക്കറ്റില്‍ ജയ്‌സ്വാള്‍-ഹോള്‍ഡര്‍ സഖ്യം 40 റണ്‍സിന്റെ കൂട്ടുകെട്ടുനായി റോയല്‍സിനെ വലിയ തകര്‍ച്ചയിലേക്കു വീഴാതെ രക്ഷിച്ചു. പക്ഷെ ടീം സ്‌കോര്‍ 143ല്‍ നില്‍ക്കെ ഹോള്‍ഡര്‍ മടങ്ങിയതോടെ വീണ്ടും റോയല്‍സിന്റെ വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങി. ജോഫ്ര ആര്‍ച്ചറുടെ ബൗളിങില്‍ ഹോള്‍ഡറെ ടിം ഡേവിഡ് പിടികൂടി. ഹെറ്റ്‌മെയറും ജുറേലും മികച്ച ഫിനിഷിങ് നടത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്താവുകയായിരുന്നു.

ഇതോടെ ഓപ്പണിങിനൊപ്പം ഫിനിഷിങിന്റെ ചുമതല കൂടി ജയ്‌സ്വാളിനു ഏറ്റെടുക്കേണ്ടി വരികയായിരുന്നു. ഇതിനിടെ കന്നി സെഞ്ച്വറി താരം പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്നക്കത്തിലെത്താന്‍ ജയ്‌സ്വാളിനു 53 ബോളുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. 20ാം ഓവറിലെ നാലാമത്തെ ബോളില്‍ ഏഴാമാനായാണ് അദ്ദേഹം ക്രീസ് വിട്ടത്. മുംബൈയ്ക്കു വേണ്ടി അര്‍ഷദ് ഖാന്‍ മൂന്നും പിയൂഷ് ചൗള രണ്ടും വിക്കറ്റുകളെടുത്തു.

വാംഖഡെയില്‍ ടോസ് ലഭിച്ച റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു കാരണം കഴിഞ്ഞ മല്‍സരം നഷ്ടമായ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് ഈ മല്‍സരത്തില്‍ റോയല്‍സ് നിരയില്‍ തിരിച്ചെത്തി. മറുഭാഗത്തു മുംബൈ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയിരുന്നു. ജേസണ്‍ ബെറന്‍ഡോര്‍ഫറിനെയും അര്‍ജുന്‍ ടെണ്ടുല്‍ക്കറെയും ഒഴിവാക്കിയ മുംബൈ പകരം ജോഫ്ര ആര്‍ച്ചറിനെയും അര്‍ഷദ് ഖാനെയും കളിപ്പിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, തിലക് വര്‍മ, പിയൂഷ് ചൗള, ജാഫ്ര ആര്‍ച്ചര്‍, അര്‍ഷദ് ഖാന്‍, കുമാര്‍ കാര്‍ത്തികേയ, റിലേ മെറെഡിത്ത്.

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ധ്രുവ് ജുറേല്‍, യുസ്വേന്ദ്ര ചഹല്‍, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്.

Story first published: Sunday, April 30, 2023, 12:32 [IST]
Other articles published on Apr 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+