രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ റണ്ണൊഴുകുന്ന വാംഖഡെയിലെ പിച്ചില്‍ മികച്ച തുടക്കത്തിനു ശേഷം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. മോശം ഷോട്ട് കകളിച്ചാണ് സഞ്ജു ഒരിക്കല്‍ക്കൂടി പുറത്തായത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹത്തിനു 14 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 10 ബോളുകള്‍ നേരിട്ട സഞ്ജു ഓരോ ഫോറും സിക്‌സറുമടിച്ചു.
എട്ടാം ഓവറിലെ ആദ്യ ബോളില്‍ ജോസ് ബട്‌ലറെ പിയൂഷ് ചൗള പുറത്താക്കിയ ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. ആരാധകരെ ആവേശം കൊള്ളിച്ച് ആദ്യ ബോളില്‍ തകര്‍പ്പന്‍ സിക്‌സറടിച്ചാണ് അദ്ദേഹം തുടങ്ങിയത്. ചൗളയുടെ ഗൂഗ്ലി ലോങ് ഓണിലൂടെ സഞ്ജു സിക്‌സറിലേക്കു പറത്തിയപ്പോള്‍ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആശ്ചര്യത്തോടെ ചിരിക്കുകയായിരുന്നു. തൊട്ടടുത്ത ബോളില്‍ എഡ്ജായി ക്യാച്ചാവുന്നതില്‍ നിന്നും കഷ്ടിച്ച് സഞ്ജു രക്ഷപ്പെട്ടു. അംപയര്‍ ഔട്ട് വിധിച്ചെങ്കിലും റിവ്യു രക്ഷിക്കുകയായിരുന്നു.

ഈ രക്ഷപ്പെടലിനു ശേഷം സഞ്ജു കൂടുതല്‍ പക്വതയോടെയാണ് കളിച്ചത്. അടുത്ത ഓവറില്‍ കുമാര്‍ കാര്‍ത്തിയേകയ്‌ക്കെതിരേ അദ്ദേഹം ബൗണ്ടറി പായിക്കുകയും ചെയ്തിരുന്നു. പക്ഷെ അര്‍ഷദ് ഖാനെറിഞ്ഞ 10ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ സഞ്ജു പുറത്തായി. സ്ലോ ബോളില്‍ അദ്ദേഹം സിക്‌സറിനു മുതിരുകയായിരുന്നു. പക്ഷെ ഡീപ്പ് മിഡ് വിക്കറ്റില്‍ തിലക് വര്‍മയ്ക്കു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.
ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ ഫ്‌ളോപ്പായ സഞ്ജുവിനെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്. ഈ കാരണത്താലാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഞ്ജു സാംസണിന് സാധിക്കാത്തത്. എന്തുകൊണ്ട് ഇത്രയും സോഫ്റ്റായ ഷോട്ടുകള്‍ കളിക്കുന്നു? ഒന്നുകില്‍ മുഴുവന്‍ കരുത്തോടെയും ആഞ്ഞടിക്കുക, അല്ലെങ്കില്‍ ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കുക.

പുതുമുഖമായ യശസ്വി ജയ്‌സ്വാളിന്റെ സ്ഥിരത പോലും സഞ്ജു സാംസണ്‍ ബാറ്റിങില്‍ കാണിക്കുന്നില്ല. സഞ്ജുവിനേക്കാള്‍ നന്നായിട്ടാണ് ഇന്ത്യക്കായി അരങ്ങേറിയിട്ടില്ലാത്ത ജയ്‌സ്വാള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഈ തരത്തിലുള്ള നിരുത്തരവാദപരമായ ഷോട്ടുകള്‍ കളിച്ച് സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്കു വിളി പ്രതീക്ഷിക്കേണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ഈ തരത്തിലുള്ള വളരെ അശ്രദ്ധമായ ക്രിക്കറ്റാണ് സഞ്ജു സാംസണിന ഇന്ത്യന്‍ ടീമിലെടുക്കാത്തതിന്റെ പ്രധാന കാരണം. സഞ്ജു സാംസണിന്റെ ദിനചര്യ- അസാധാരണ ഷോട്ട് കളിക്കുക, പിന്നെ വിക്കറ്റ് വലിച്ചെറിയുക. പ്ലീസ് സഞ്ജൂ, ഇതു ലോകകപ്പ് വര്‍ഷമാണ്. നിങ്ങളില്‍ നിന്നും വലിയ ഇന്നിങ്‌സ് എല്ലാവരും പ്രതീക്ഷിക്കുന്നു.
പക്ഷെ എല്ലാവരെയും നിങ്ങള്‍ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സഞ്ജു സാംസണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു. നേരത്തേ തന്നെ പുറത്തായ ശേഷം യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ക്കു അദ്ദേഹം അവസരം നല്‍കുകയാണ്. ക്യാപ്റ്റനായാല്‍ ഇങ്ങനെയാവണമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
സഞ്ജു സാംസണ്‍ ഒട്ടും ഉത്തരവാദിത്വവും സ്ഥിരതയുമില്ലാത്ത ബാറ്ററാണ്. സ്ഥിരതയില്ലാത്തവനെന്ന് വിമര്‍ശിക്കുന്നവരുടെ വാദം തെറ്റാണെന്നു നിങ്ങള്‍ക്കു തെളിയിക്കേണ്ടതുണ്ട്. പക്ഷെ അവരുടെ അഭിപ്രായം ശരിയാണെന്നാണ് നിങ്ങള്‍ വീണ്ടും വീണ്ടും തെളിയിക്കുന്നത്. സഞ്ജു സാംസണ്‍ തീര്‍ച്ചയായും ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ സാധിക്കുന്നയാളാണ്. പക്ഷെ നിങ്ങള്‍ ലഭിക്കുന്ന നല്ല തുടക്കങ്ങള്‍ നന്നായി ഉപയോഗിക്കുന്നില്ലെങ്കില്‍ കാര്യമില്ല. സഞ്ജുവിന്റെ ലക്ഷ്യം നല്ലതും ഏതു ടീമിനെയും സഹായിക്കുന്നതുമാണ്. പക്ഷെ എല്ലാ തവണയും നേരത്തേ പുറത്താവുന്നതിനോടു യോജിക്കാനാവില്ലെന്നും ആരാധകര്‍ പറയുന്നു.