ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു നിരവധി മിന്നും താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ഫ്രാഞ്ചൈസിയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരെല്ലാം മുംബൈ ടീമിലൂടെ താരപദവിയിലേക്കുയരുകയും പിന്നീട് ദേശീയ ടീമിലെത്തിയവരുമാണ്. ഇപ്പോഴിതാ അവരുടെ കൂട്ടത്തിലേക്കു ഒരാള്‍ കൂടി വന്നിരിക്കുകയാണ്.
യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മയാണ് ഒരൊറ്റ സീസണ്‍ കൊണ്ട് തന്നെ സെന്‍സേഷനായി മാറിയിരിക്കുന്നത്. കഴിഞ്ഞ സീസണിലായിരുന്നു താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. മുംബൈയ്ക്കു വേണ്ടി പല നിര്‍ണായക മല്‍സരങ്ങളിലും ശ്രദ്ധേയമായ പ്രകടനം നടത്തി തിലക് കൈയടി നേടുകയും ചെയ്തു. സീസണിനു ശേഷം മുംബൈ നിലനിര്‍ത്തിയ താരങ്ങളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.

താന്‍ വെറുമൊരു വണ്‍ സീസണ്‍ വണ്ടറല്ലെന്നു ഇത്തവണത്തെ ആദ്യ മാച്ചില്‍ തന്നെ തിലക് തെളിയിച്ചിരിക്കുകയാണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള കഴിഞ്ഞ മാച്ചില്‍ മുബൈയുടെ പേരുകേട്ട മുന്‍നിര ബാറ്റര്‍മാരെല്ലാം ഫ്‌ളോപ്പായപ്പോള്‍ രക്ഷകനായത് തിലകായിരുന്നു. ആര്‍സിബി ബൗളിങ് ആക്രമണത്തെ കൂസലില്ലാതെ നേരിട്ട അദ്ദേഹം അതിവേഗം റണ്‍സ് വാരിക്കൂട്ടി. പുറത്താവാതെ 84 റണ്‍സാണ് തിലക് അടിച്ചെടുത്തത്. 46 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. മല്‍സരത്തില്‍ മുംബൈ പരാജയപ്പെട്ടതിനാല്‍ തിലകിന്റെ ഇന്നിങ്‌സിനു വേണ്ടത്ര പ്രശംസ ലഭിച്ചില്ല.
എന്നാല്‍ ഈ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലെത്താനുള്ള തന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് തിലക്. ദേശീയ ടീമില്‍ തീര്‍യായും സ്ഥാനം അര്‍ഹിക്കുന്ന താരം തന്നെയാണ് അദ്ദേഹം. ഉടന്‍ അദ്ദേഹത്തെ ടീമില്‍ കാണുകയും ചെയ്യാം. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പ്രശംസ പിചിച്ചുപറ്റിയ താരമാണ് തിലക്. കഴിഞ്ഞ സീസണിലായിരുന്നു യുവ താരത്തെ മുംബൈ ക്യാപ്റ്റന്‍ വാനോളം പ്രശംസിച്ചത്. അതിശയിപ്പിക്കുന്ന താരമാണ് തിലക്. വൈകാതെ തന്നെ ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് പ്ലെയറായി അവന്‍ മാറുമെന്നാണ് തോന്നുന്നതെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.

മികച്ച ബാറ്റിങ് ടെക്‌നിക്കിനൊപ്പം പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയുമുള്ള ക്രിക്കറ്ററാണ് തിലക്. ഏതു പ്രതിസന്ധി ഘട്ടത്തിലും പതറാതെ ക്രീസില്‍ ഉറച്ചു നിന്ന് മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ താരത്തിനാവും. ഇതു തന്നെയാണ് തിലകിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി 36 ശരാശരിയോടെ 397 റണ്‍സാണ് താരം നേടിയത്. രണ്ടു ഫിഫ്റ്റികള്‍ ഉള്‍പ്പെടെയായിരുന്നു ഇത്.
മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യാനുള്ള മിടുക്കാണ് തിലക് ഇന്ത്യന്‍ ടീമില്‍ വരണമെന്നതിന്റെ മൂന്നാമത്തെ കാരണം. റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരുമായുള്ള കഴിഞ്ഞ മാച്ചില്‍ താരത്തിന്റെ ഫിനിഷിങ് മികവ് ലോകമറിഞ്ഞിരുന്നു. മുഹമ്മദ് സിറാജിനെയും ഹര്‍ഷല്‍ പട്ടേലിനെയുമെല്ലാം അവസാന ഓവറുകളില്‍ തിലക് തല്ലിപ്പരുവമാക്കുകയായിരുന്നു. മികച്ചൊരു ഫിനിഷറുടെ അഭാവം നേരിടുന്ന ഇന്ത്യന്‍ ടീമിനു തീര്‍ച്ചയായും മുതല്‍ക്കൂട്ടായി മാറാാന്‍ ഇടംകൈയന്‍ ബാറ്റര്‍ക്കു സാധിക്കും.