ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകരെ തന്റെ 360 ഡിഗ്രി ബാറ്റിങിലൂടെ കൈയിലെടുത്ത താരമാണ് സൂര്യകുമാര്‍ യാദവ്. അന്താരാഷ്ട്ര ടി20യില്‍ അദ്ദേഹം കഴിഞ്ഞ വര്‍ഷം വാരിക്കൂട്ടിയത് 1000ത്തിന് മുകളില്‍ റണ്‍സായിരുന്നു. ഇതോടെ ഐസിസി റാങ്കിങില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്ററെന്ന പദവിയും അദ്ദേഹത്തെ തേടിയെത്തി. ഇന്ത്യയുടെ എബി ഡിവില്ലിയേഴ്‌സെന്നു പോലും ആരാധകര്‍ സ്‌കൈയെ വിശേഷിപ്പിച്ചിരുന്നു. ലോക ക്രിക്കറ്റിലെ ഇനിയുള്ള വര്‍ഷങ്ങള്‍ സൂര്യയുടേതായിരിക്കുമെന്ന് 2022ല്‍ പലരും പ്രവചിക്കുകയും ചെയ്തു.
പക്ഷെ ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? കത്തിജ്വലിച്ച ഉദിച്ചുയര്‍ന്ന സൂര്യ ഇപ്പോള്‍ അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ കളി വരുമ്പോഴും പഴയ സൂര്യയായി അദ്ദേഹം ലോക ക്രിക്കറ്റിന്റെ ആകാശത്ത് ഉദിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഇതു കാണാന്‍ കഴിയുന്നില്ല.

ഏറ്റവും അവസാനമായി തന്നെ സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്തിയ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് കരുതപ്പെട്ടെങ്കിലും ആദ്യ കളിയില്‍ ഫ്‌ളോപ്പായി മാറി. 16 ബോളില്‍ ഒരു ഫോറടക്കം 15 റണ്‍സാണ് സൂര്യക്കു നേടാനായത്. മൈക്കല്‍ ബ്രെസ്വെല്ലിന്റെ ബൗളിങില്‍ ഷഹബാസ് അഹമ്മദ് അദ്ദേഹത്തെ പിടികൂടുകയായിരുന്നു.
ഇന്ത്യന്‍ ടീമിനെയും ആരാധകരെയും സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ സൂര്യയുടെ പ്രകടനം. ഐസിസിയുടെ ഏകദിന ലോകകപ്പുള്‍പ്പെടെ ഈ വര്‍ഷം നടക്കാനിരിക്കെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ഒട്ടും ആശ്വസിക്കാന്‍ വക നല്‍കുന്നതല്ല ഇത്. യഥാര്‍ഥത്തില്‍ സൂര്യക്കു എവിടെയാണ് പിഴയ്ക്കുന്നത്? ഇതിന്റെ കാരണക്കാര്‍ പ്രധാനമായും രണ്ടു പേരാണെന്നു കാണാം. ഒരാള്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡാണെങ്കില്‍ മറ്റൊരാള്‍ രോഹിത് ശര്‍മയാണ്.
ടി20 സ്‌പെഷ്യലിസ്റ്റായിരുന്ന സൂര്യയെ മറ്റു ഫോര്‍മാറ്റുകളിലും ഉള്‍പ്പെടുത്തുകയും അദ്ദേഹം ഫ്‌ളോപ്പായിക്കൊണ്ടിരുന്നിട്ടും വീണ്ടും കളിപ്പിച്ച് ആത്മവിശ്വാസം പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്തത് ഇവര്‍ രണ്ടു പേരാണ്. ഏകദിനത്തില്‍ മിന്നുന്ന ഫോമിലുള്ള സഞ്ജു സാംസണിനെപ്പോലെയുള്ളവരെ പുറത്തിരുത്തി സൂര്യയെ ദ്രാവിഡും രോഹിത്തും 'നിര്‍ബന്ധിച്ച്' കളിപ്പിക്കുകയായിരുന്നു.
ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും താരം ഗോള്‍ഡന്‍ ഡെക്കായിരുന്നു. അതിനു മുമ്പ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലൂടെ സൂര്യക്കു റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറാന്‍ ഇന്ത്യ അവസരം നല്‍കിയിരുന്നു. ഈ മല്‍സരത്തില്‍ ബാറ്റിങില്‍ ക്ലിക്കാവാതിരുന്ന അദ്ദേഹത്തെ തുര്‍ന്നുള്ള മൂന്നു ടെസ്റ്റുകളിലും കളിപ്പിച്ചതുമില്ല.

ശ്രേയസ് അയ്യര്‍ ഓസ്‌ട്രേലിക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും പിന്‍മാറിയപ്പോള്‍ പകരക്കാരനായി സഞ്ജുവായിരുന്നു ഏറ്റവും മികച്ച ഓപ്ഷന്‍. പക്ഷെ പകരക്കാരനെ പ്രഖ്യാപിക്കേണ്ടതില്ലെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ദ്രാവിഡിനും രോഹിത്തിനും പ്രത്യേക താല്‍പ്പര്യമുള്ള സൂര്യയെ ഈ റോളില്‍ മെരുക്കിയെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പക്ഷെ ഈ പരീക്ഷണം ദയനീയമായി പരാജയപ്പെട്ടു.
ആദ്യ രണ്ടു കളിയില്‍ നാലാം നമ്പറില്‍ ഇറക്കിയ സൂര്യയെ അവസാന മാച്ചില്‍ ഏഴാമനായും പരീക്ഷിച്ചെങ്കിലും അവിടെയും ഗോള്‍ഡന്‍ ഡെക്ക് തന്നെയായിരുന്നു. ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരുന്നത് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്. ഇതു തന്നെയാണ് ഐപിഎല്ലിലെ ആദ്യ മല്‍സരം കാണിച്ചുതന്നത്. എങ്കിലും കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കുന്നതോടെ സൂര്യക്കു പഴയ മാജിക്കല്‍ ടച്ച് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകര്‍.
ഓസ്‌ട്രേലിയക്കെതിരേ മാത്രമല്ല അതിനു മുമ്പ് ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവരുമായുള്ള ഏകദിന പരമ്പരകളിലും സൂര്യകുമാര്‍ യാദവ് പരീക്ഷിക്കപ്പെട്ടിരുന്നു. അവയിലും കാര്യമായ സംഭാവനകളൊന്നും നല്‍കാന്‍ അദ്ദേഹത്തിനായില്ല. ഏകദിനത്തിലും തന്റെ ബാറ്റിങിലേക്കു ടി20 ശൈലി കടന്നുവരുന്നുവെന്നതാണ് സൂര്യയുടെ പ്രധാന പ്രശ്‌നം.
രണ്ടു ഫോര്‍മാറ്റുകളിലെയും വ്യത്യസ്തമായ സാഹചര്യങ്ങളുമായി ഇനിയും പൊരുത്തപ്പെടാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന്റെ പ്രധാന പോരായ്മ. ഏകദിനത്തിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളുടെ സമ്മര്‍ദ്ദം ഇപ്പോള്‍ ടി20യിലും സൂര്യയുടെ പ്രകടനത്തെ ബാധിച്ചിരിക്കുകയാണ്.