ഐപിഎല്ലില്‍ തോല്‍വിയോടെ തന്നെ സീസണ്‍ തുടങ്ങുന്ന പതിവ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും തെറ്റിച്ചില്ല. കരുത്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു അവരുടെ മൈതാനത്തു എട്ടു വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് മുംബൈ്‌യ്ക്കു നേരിട്ടത്. കഴിഞ്ഞ സീസണിലെ ലീഗില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത് പരിഹാസങ്ങളേറ്റു വാങ്ങിയ മുംബൈയ്ക്കു ഇത്തവണയും കാര്യങ്ങള്‍ അത്ര ശുഭകരമാവില്ലെന്നാണ് ആദ്യ മല്‍സരം തെളിയിക്കുന്നത്.
കഴിഞ്ഞ സീസണിലെ കണ്ടെത്തലായിരുന്ന യുവതാരം തിലക് വര്‍മയുടെ 46 ബോളില്‍ 84*) വണ്‍മാന്‍ ഷോ മാറ്റിനിര്‍ത്തിയാല്‍ ആര്‍സിബിക്കെതിരേ മുംബൈയ്ക്കു ആഹ്ലാദിക്കാന്‍ മറ്റൊന്നും തന്നെയില്ല. മല്‍സര ശേഷം രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോഫ്ര ആര്‍ച്ചര്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നാലാം ഓവറില്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ എനിക്കു വലിയ ആശ്ചര്യമാണ് തോന്നിയത്. നിങ്ങള്‍ അത്ര വലുതല്ലാത്ത ടോട്ടലാണ് ആദ്യം ബാറ്റ് ചെയ്ത ശേഷം നേടിയതെങ്കില്‍ ബൗളിങില്‍ ആദ്യത്തെയോ, രണ്ടാമത്തെയോ ഓവറില്‍ തന്നെ ആര്‍ച്ചറെ പന്തേല്‍പ്പിക്കണം. കാരണം തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ ലഭിക്കേണ്ടത് ആവശ്യമാണ്. മുംബൈ ടീമിന്റെ തുറുപ്പുചീട്ടായിരുന്നു ആര്‍ച്ചര്‍.
ആര്‍ച്ചഫിനെ നാലാമത്തെയും ആറാമത്തെയും ഓവറുകള്‍ ബൗള്‍ ചെയ്യിക്കാമെന്നത് മുംബൈ നേരത്തേ പ്ലാന്‍ ചെയ്തത് ആയിരിക്കാം. പക്ഷെ ചില സമയങ്ങളില്‍ പ്രത്യേകിച്ചും ടി20 ക്രിക്കറ്റില്‍ നിങ്ങള്‍ക്കു നേരത്തേ തയ്യാറാക്കിയ പ്ലാനിന് വിപരീതമായ പ്രവര്‍ത്തിക്കേണ്ടി വരുമെന്നും മൈക്കല്‍ വോന്‍ നിരീക്ഷിച്ചു.
ജോഫ്ര ആര്‍ച്ചറിനെ നാലാം ഓവറിലായിരുന്നു മുംബൈ നായകന്‍ രോഹിത് ശര്‍മ പരീക്ഷിച്ചത്. ഈ ഓവറില്‍ ഓരോ ഫോറും സിക്‌സറുമടക്കം 10 റണ്‍സ് അദ്ദേഹം വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ആര്‍സിബി ഓപ്പണര്‍മാരായ ഫഫ് ഡുപ്ലെസിയും വിരാട് കോലിയും ക്രീസില്‍ നിലയുറപ്പിച്ച ശേഷമായിരുന്നു ആര്‍ച്ചര്‍ ബൗള് ചെയ്യാനെത്തിയതെന്നു മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടി. ആര്‍സിബി വിക്കറ്റ് പോവാതെ 30 റണ്‍സില്‍ നില്‍ക്കെയായിരുന്നു ആര്‍ച്ചര്‍ ബൗള്‍ ചെയ്തത്.

അവനെ സംബന്ധിച്ച് ഇത്തരമൊരു ഘട്ടത്തില്‍ ബൗള്‍ ചെയ്യുക എളുപ്പമായിരിക്കില്ലെന്നു ഞാന്‍ കരുതുന്നു. കാരണം രണ്ടു ഓപ്പണര്‍മാരും അപ്പോഴേക്കും ട്രാക്കിലേക്കു കയറിയിരുന്നു. രണ്ടു അസാധാരണ താരങ്ങള്‍ ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അവര്‍ക്കെതിരേ ബൗള്‍ ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ആദ്യ ഓവറില്‍ തന്നെ ആര്‍ച്ചറെക്കൊണ്ട് രോഹിത് ബൗള്‍ ചെയ്യിക്കുകയും ഒന്നോ, രണ്ടോ വിക്കറ്റുകളെടുക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുകയും ചെയ്യണമായിരുന്നുവെന്നു വോന്‍ നിരീക്ഷിച്ചു. നാലോവറില്‍ വിക്കറ്റൊന്നുമില്ലാതെ 8.2 ഇക്കോണമി റേറ്റില്‍ 33 റണ്‍സാണ് ആര്‍ച്ചര്‍ കളിയില്‍ വിട്ടുകൊടുത്തത്. മുംബൈയ്ക്കായി അദ്ദേഹത്തിന്റെ കന്നി മല്‍സരം കൂടിയായിരുന്നു ഇത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നതില്‍ നിന്നും വ്യത്യസ്്തമായ സമ്മര്‍ദ്ദമാണ് ഐപിഎല്ലില്‍ ജോഫ്ര ആര്‍ച്ചര്‍ക്കു നേരിടേണ്ടി വരികയെന്നു മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ട് ടീമിനായി കളിക്കുന്നതു പോലെയുള്ള സമ്മര്‍ദ്ദമല്ല ഐപിഎല്ലിലുണ്ടാവുക. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ സമ്മര്‍ദ്ദമായിരിക്കും ഈ ടൂര്‍ണമെന്റില്‍ ആര്‍ച്ചര്‍ക്കു അഭിമുഖീകരിക്കേണ്ടി വരിക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിങ്ങളുടെ ടീമിനു വേണ്ടി കളിക്കുമ്പോള്‍ തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാവും. പക്ഷെ അവിടെ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ കളിക്കേണ്ടി വരികയുള്ളൂവെന്ന ഒരു യഥാര്‍ഥ സുരക്ഷ നിങ്ങള്‍ക്കുണ്ടാവുമെന്നും വോന്‍ വ്യക്തമാക്കി.
കഴിഞ്ഞ ലേലത്തില്‍ വന്‍ തുകയ്ക്കു സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കു വന്ന ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്ക് രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. 13 റണ്‍സ് മാത്രമേ താരം ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ നേടിയത്. ലേലത്തില്‍ 13.25 കോടി രൂപയായിരുന്നു ബാറ്റിങ് സെന്‍സേഷനായ ബ്രൂക്കിനു വേണ്ടി ഹൈദരാബാദ് ചെലവിട്ടത്.
താരത്തെ പിന്തുണച്ചു സംസാരിച്ചിരിക്കുകയാണ് വോന്‍. ഹാരി ബ്രൂക്ക് ഐപിഎല്ലില്‍ തന്റെ കന്നി മല്‍സരമാണ് കളിച്ചത്. ഇംഗ്ലണ്ട് ജഴ്‌സിയില്‍ കഴിഞ്ഞ ആറു മാസത്തിനിടെ കണ്ടതു പോലെയുള്ള താരമായിട്ടല്ല അവന്‍ ഈ മല്‍സരത്തില്‍ കാണപ്പെട്ടത്. ഐപിഎല്‍ നല്‍കുന്ന വ്യത്യസ്തമായ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്നും വോന്‍ വിശദമാക്കി.