Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആര്‍സിബിക്ക് 'സൂര്യാ'ഘാതം! മിന്നിച്ച് മുംബൈ, മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു

മുംബൈ: ഐപിഎല്ലില്‍ നോക്കൗട്ടിനു തുല്യമായ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കഥ കഴിച്ച് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. സൂര്യകുമാര്‍ യാദവ് (35 ബോളില്‍ 83) തീപ്പൊരിയായപ്പോള്‍ ആര്‍സിബി ചാമ്പലാവുകയായിരുന്നു. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ഫഫ് ഡുപ്ലെസിയെയും സംഘത്തെയും രോഹിത് ശര്‍മയും കൂട്ടരും ആറു വിക്കറ്റിനു തുരത്തുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ വന്‍ കുതിപ്പ് നടത്തിയ മുംബൈ മൂന്നാംസ്ഥാനത്തേക്കു കുതിക്കുകയും ചെയ്തു.

പ്ലേഓഫ് പ്രതീക്ഷകളും ഇതോടെ അവര്‍ നിലനിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ആര്‍സിബിയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു. 200 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു മുംബൈയ്ക്കു ആര്‍സിബി നല്‍കിയത്. ഇഷാന്‍ കിഷന്‍ റണ്‍ചേസിനു അടിത്തറയിട്ടപ്പോള്‍ സൂര്യകുമാര്‍ യാദവും നെഹാല്‍ വദേരയും (52*) ചേര്‍ന്ന് ദൗത്യം പൂര്‍ത്തിയാക്കുകയായിരുന്നു. നേരത്തേ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലേറ്റ ആദ്യപാദത്തിലെ തോല്‍വിക്കു മുംബൈ കണക്കും തീര്‍ത്തിരിക്കുകയാണ്. സ്‌കോര്‍- ആര്‍സിബി ആറിന് 199, മുംബൈ 16.3 ഓവറില്‍ നാലിനു 200.

SURYAUMAR YADAV

മുംബൈയ്ക്കു മികച്ച തുടക്കമായിരുന്നു ഇഷാന്‍ നല്‍കിയത്. രോഹിത്തിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി താരം തകര്‍ത്തടിച്ചു. ഇതോടെ 27 ബോളില്‍ ടീം 50 റണ്‍സ് പിന്നിട്ടു. എന്നാല്‍ ഇഷാനെയും (42) ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും (7) ഒരേ ഓവറില്‍ പുറത്താക്കി വനിന്ദു ഹസരംഗ ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

21 ബോളില്‍ നാലു വീതം ഫോറും സിക്‌സറും ഇഷാന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ സൂര്യയും വദേരയും ചേര്‍ന്ന് സ്‌ഫോടനാത്മക ബാറ്റിങിലൂടെ മല്‍സരം ആര്‍സിബിയില്‍ നിന്നും തട്ടിയെടുത്തു. 66 ബോളില്‍ 139 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്.

സൂര്യ മടങ്ങുമ്പോഴേക്കും മുംബൈ (മൂന്നിന് 192) വിജയമുറപ്പിച്ചിരുന്നു. വെറും 35 ബോളില്‍ ഏഴു ഫോറും ആറു സിക്‌റുമടക്കമാണ് സൂര്യ 83 റണ്‍സ് വാരിക്കൂട്ടിയത്. ടിം ഡേവിഡ് ഗോള്‍ഡന്‍ ഡെക്കായെങ്കിലും തുടരെ രണ്ടാം ഫിഫ്റ്റി നേടിയ വദേരയും (52*) കാമറൂണ്‍ ഗ്രീനും (2) ചേര്‍ന്ന് 16.3 ഓവരില്‍ തന്നെ മുംബൈയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആര്‍സിബിക്കായി ഹസരംഗയും വിജയ്കുമാര്‍ വൈശാഖും രണ്ടു വിക്കറ്റ് വീതമെടുത്തു.

ടോസ് നഷ്്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിബി ആറു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുക്കുകായിരുന്നു. ഈ മികച്ച ടോട്ടലിന് അവര്‍ കടപ്പെട്ടിരിക്കുന്നത് രണ്ടു പേരോടാണ്. ഗ്ലെന്‍ മാക്‌സ്വെല്‍ 68 റണ്‍സോടെ ടീമിന്റെ അമരക്കാരനായപ്പോള്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി 65 റണ്‍സും നേടി. വെറും 33 ബോളിലാണ് എട്ടു ഫോറും നാലു സിക്‌സറുമടക്കം മാക്‌സി 68 റണ്‍സ് വാരിക്കൂട്ടിയത്.

DU PLESSIS- MAXI

പൂജ്യത്തില്‍ നില്‍ക്കെ ക്യാച്ച് പാഴാക്കിയതു കാരണം രക്ഷപ്പെട്ട ഡുപ്ലെസി ഫിഫ്റ്റിയോടെ ഇതു ആഘോഷിക്കുകയായിരുന്നു. 42 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ദിനേശ് കാര്‍ത്തിക്കിന്റെ 30 (18 ബോള്‍, 4 ഫോര്‍, 1 സിക്‌സ്) ഫിനിഷിങാണ് ആര്‍സിബിയെ 200നു തൊട്ടരികിലെത്തിച്ചത്. വിരാട് കോലി (1), അനൂജ് റാവത്ത് (6), മഹിപാല്‍ ലൊംറോര്‍ (1), ഇംപാക്ട് പ്ലെയറായെത്തിയ കേദാര്‍ ജാദവ് (12*), വനിന്ദു ഹസരംഗ (12*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.

ആര്‍സിബിയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ തന്നെ അദ്ദേഹം ക്രീസ് വിട്ടു. ജേസണ്‍ ബെറന്‍ഡോര്‍ഫിനെിരേ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന കോലിയെ എഡ്ജായ ശേഷം ഇഷാന്‍ കിഷന്‍ പിടികൂടുകയായിരുന്നു. തൊട്ടുമുമ്പത്തെ ബോളിലായിരുന്നു ഡുപ്ലെസിയുടെ ക്യാച്ച് നെഹാല്‍ വദേര കൈവിട്ടത്. റാവത്താണ് വണ്‍ഡൗണായി ക്രീസിലെത്തിയത്. പക്ഷെ അനാവശ്യ ഷോട്ടിനു മുതിര്‍ന്ന താരം ഗ്രീനിനു ക്യാച്ച് സമ്മാനിച്ചതോടെ ആര്‍സിബി രണ്ടിനു 16ലേ്ക്കു വീണു.

തുടര്‍ന്നാണ് ഡുപ്ലെസിക്കു കൂട്ടായി മാക്‌സ്വെല്‍ എത്തിയത്. കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിച്ച് ഇരുവരും മുംബൈയ്ക്കു മേല്‍ ആധിപത്യം നേടി. സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഈ സഖ്യം ആര്‍സിബിയെ ശക്തമായ നിലയിലെത്തിച്ചു. 120 റണ്‍സാണ് ഡുപ്ലെസി- മാക്‌സി സഖ്യം വാരിക്കൂട്ടിയത്. ഇരുവരും ക്രീസിലുണ്ടായിരുന്നപ്പോള്‍ 200ന് മുകളില്‍ റണ്‍സ് ആര്‍സിബി ഉറപ്പായും നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ ടീം സ്‌കോര്‍ 136ല്‍ വച്ച് മാക്‌സി പുറത്തായതോടെ ആര്‍സിബിയുടെ സ്‌കോറിങിനു വേഗത കുറഞ്ഞു. ബെറന്‍ഡോര്‍ഫിന്റെ ബൗളിങില്‍ വദേരയായിരുന്നു ക്യാച്ചെടുത്തത്.

ലൊംറോറും ഡുപ്ലെസിയും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയതോട ആര്‍സിബി നാലിന് 146 റണ്‍സെന്ന നിലയിലായി. ഇതോടെ ടീമിനെ മികച്ച സ്‌കോറിലെത്തക്കേണ്ട ചുമതല കാര്‍ത്തിക്കിനും ജാദവിനുമായി. പക്ഷെ സ്ലോ ബാറ്റിങിലൂടെ ഇരുവരും സ്‌കോറിങിന്റെ വേഗത കുറയ്ക്കുകയാണ് ചെയ്തത്. അവസാന ഓവറുകളില്‍ ഡിക്കെ ചില ബൗണ്ടറികളും സിക്‌സറും നേടിയതോടെയാണ് ആര്‍സിബി 190 കടന്നത്. അവസാന അഞ്ചോവറില്‍ 46 റണ്‍സ് മാത്രമേ ആര്‍സിബിക്കു നേടാനായുള്ളൂ. ഒരു വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. മുംബൈയ്ക്കായി ബെറന്‍ഡോര്‍ഫ് മൂന്നു വിക്കറ്റുകളെടുത്തു.

ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കു കാരണം സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയ ജോഫ്ര ആര്‍ച്ചര്‍ക്കു പകരം ഈ മല്‍സരത്തിലൂടെ ക്രിസ് ജോര്‍ഡന്‍ മുംബൈയ്ക്കായി അരങ്ങേറി. മറുഭാഗത്ത് ആര്‍സിബി ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. കരണ്‍ ശര്‍മയ്ക്കു പകരം വിജയ്കുമാര്‍ വൈശാഖ് പ്ലെയിങ് ഇലവനിലേക്കു വന്നു.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, നെഹാല്‍ വദേര, ക്രിസ് ജോര്‍ഡന്‍, പിയൂഷ് ചൗള, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ, ജേസണ്‍ ബെറന്‍ഡോര്‍ഫ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, അനൂജ് റാവത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മഹിപാല്‍ ലൊംറോര്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേര്‍, വിജയ്കുമാര്‍ വൈശാഖ്, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.

Story first published: Tuesday, May 9, 2023, 12:46 [IST]
Other articles published on May 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+