തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കു ശേഷം ഐപിഎല്ലില്‍ വീണ്ടും പരാജയത്തിന്റെ ട്രാക്കിലേക്കു വീണിരിക്കുകയാണ് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. ശിഖര്‍ ധവാനില്ലാത്ത പഞ്ചാബ് കിങ്‌സിനെതിരേ ഹോംഗ്രൗണ്ടായ വാംഖഡെയില്‍ മുംബൈയ്ക്കു ജയിക്കാനാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
ടോസ് സ്വന്തമാക്കി മുംബൈ ആദ്യ കടമ്പ വിജയിക്കുകയും ചെയ്തു. പക്ഷെ പഞ്ചാബിനെ വലിയൊരു ടോട്ടല്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്താന്‍ മുംബൈയ്ക്കായില്ല. 215 റണ്‍സിന്റെ വിജയലക്ഷ്യമെന്നത് ഏതു ഗ്രൗണ്ടിലും വളരെ കടുപ്പമാണ്. അതു തന്നെ സംഭവിക്കുകയും മുംബൈ 13 റണ്‍സിനു തോല്‍ക്കുകയും ചെയ്തു.

ക്യാപ്റ്റനെന്ന നിലയില്‍ അഞ്ചു ഐപിഎല്‍ കിരീടങ്ങളുമായി തന്റെ മികവ് തെളിയിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. പക്ഷെ പഞ്ചാബുമായുള്ള പോരാട്ടത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം വലിയൊരു മണ്ടത്തരം കാണിച്ചു. മുംബൈയുടെ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. യുവ ഫാസ്റ്റ് ബൗളര്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ ശരിയായ രീതിയിലല്ല ഈ മല്‍സരത്തില്‍ അദ്ദേഹം ഉപയോഗിച്ചത്. കരിയറിലെ മൂന്നാമത്തെ മല്‍സരം മാത്രം കളിക്കുന്ന അര്‍ജുനെ രോഹിത് എന്തുകൊണ്ട് ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യിച്ചുവെന്നതാണ് പ്രധാന ചോദ്യം.
പഞ്ചാബ് 15 ഓവറില്‍ നാലിന് 118 റണ്‍സെന്ന നിലയിലായുന്നു. അതുവരെ കാര്യങ്ങള്‍ മുംബൈയുടെ നിയന്ത്രണത്തിലായിരുന്നു. ഈ ഘട്ടത്തിലാണ് 23 കാരനായ അര്‍ജുനെ രോഹിത് ബൗള്‍ ചെയ്യാന്‍ വിളിച്ചത്. ഇതു വലിയ മണ്ടത്തരമായിപ്പോയെന്നു ഓവര്‍ കഴിഞ്ഞപ്പോള്‍ രോഹിത്തിനും ബോധ്യമായിട്ടുണ്ടാവും. കളിയുടെ അതുവരെയുള്ള ഗതി തന്നെ ഈ ഒരു ഓവര്‍ കൊണ്ട് അടിമുടി മാറുകയായിരുന്നു. നാലു ഫോറു ഒരു സിക്‌സറുമടക്കം 31 റണ്‍സാണ് അര്‍ജുന്‍ ഈ ഓവറില്‍ വാരിക്കോരി നല്‍കിയത്. ഓരോ നോ ബോളും വൈഡും കൂടി ഈ ഓവറിലുണ്ടായിരുന്നു.
അര്‍ജുന്റെ ഈ ഓവറിനു ശേഷമാണ് മുംബൈ ബൗളര്‍മാര്‍ക്കു മേല്‍ പഞ്ചാബ് ബാറ്റിങ് നിര കത്തിക്കയറിയത്. അതോടെ രോഹിത്തിന്റെ കൈകളില്‍ നിന്നും മല്‍സരം ചോര്‍ന്നു പോവുകയും ചെയ്തു. നാലിന് 118ല്‍ നിന്നും അര്‍ജുന്റെ ഓവര്‍ കഴിഞ്ഞപ്പോഴേക്കും പഞ്ചാബ് നാലിന് 149ലെത്തി. ഇതോടെ അവര്‍ 200ന് മുകളില്‍ നേടുമെന്ന് ഏറെക്കുറെ വ്യക്തമാവുകയും ചെയ്തു.

പഞ്ചാബ് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ അര്‍ജുന് പിച്ചില്‍ നിന്നും ചെറുതായി സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ബൗളിങില്‍ വേഗത കുറവുള്ള അര്‍ജുനെ പവര്‍പ്ലേയില്‍ തന്നെ പരമാവധി ഉപയോഗിക്കാനായിരുന്നു രോഹിത് ശ്രമിക്കേണ്ടിയിരുന്നത്. ഇതൊരു പക്ഷെ ഒന്നോ, രണ്ടോ വിക്കറ്റുകളും മുംബൈയ്ക്കു നേടിക്കൊടുക്കുമായിരുനു. പക്ഷെ പവര്‍പ്ലേയില്‍ ഒരോവര്‍ മാത്രമേ അര്‍ജുനെക്കൊണ്ട് രോഹിത് ബൗള്‍ ചെയ്യിച്ചുള്ളൂ.
ഓപ്പണിങ് ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. എന്നിട്ടും രണ്ടാം ഓവര്‍ അര്‍ജുന് പവര്‍പ്ലേയില്‍ രോഹിത് നല്‍കിയില്ല. പവര്‍പ്ലേ കഴിഞ്ഞ് ഏഴാം ഓവറിലായിരുന്നു താരത്തെ വീണ്ടും പന്തേല്‍പ്പിച്ചത്. ഒരു വിക്കറ്റ് നേടിയെങ്കിലും രണ്ടു ഫോറുകളടക്കം 12 റണ്‍സ് അര്‍ജുന്‍ വിട്ടുകൊടുത്തു. അതിനു ശേഷമായിരുന്നു വന്‍ ദുരന്തമായി മാറിയ 16ാമത്തെ ഓവര്‍. പവര്‍പ്ലേയില്‍ തന്നെ അര്‍ജുന്റെ ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ രോഹിത് ശ്രദ്ധിച്ചിരുന്നെങ്കില്‍ പഞ്ചാബിനെ പിടിച്ചുനിര്‍ത്താന്‍ രോഹിത്തിനു കഴിയുമായിരുന്നു.
അതേസമയം, 215 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ആറു വിക്കറ്റിനു 201 റണ്‍സെടുത്ത് മല്‍സരം അടിയറ വയ്ക്കുകയായിരുന്നു. കാമറൂണ്‍ ഗ്രീനും (67) സൂര്യകുമാര്‍ യാദവും (57) കസറിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 16 റണ്‍സായിരുന്നു അവസാന ഓവറില്‍ മുംബൈയ്ക്കു ജയിക്കാന്‍ ആവശ്യം. പക്ഷെ അര്‍ഷ്ദീപ് സിങിന്റെ ഓവറില്‍ വെറും രണ്ടു റണ്‍സ് മാത്രമേ മുംബൈയ്ക്കു ലഭിച്ചുള്ളൂ. രണ്ടു വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു.