പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ 16ാം ഓവര്‍ ബൗള്‍ ചെയ്യിച്ചതിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 15ാം ഓവര്‍ വരെ കാര്യങ്ങള്‍ ഏറെക്കുറെ മുംബൈയുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ അര്‍ജുനെറിഞ്ഞ 16ാം ഓവറിനു ശേഷം കാര്യങ്ങള്‍ മുംബൈയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു.
31 റണ്‍സാണ് ഈ ഓവറില്‍ അര്‍ജുന്‍ വിട്ടുകൊടുത്തത്. നാലു ഫോറും രണ്ടു സിക്‌സറും ഈ ഓവറിലുണ്ടായിരുന്നു. ഈ സീസണിലെ ഏറ്റവും വിലയേറിയ ഓവറെന്ന ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ യഷ് ദയാലിന്റെ റെക്കോര്‍ഡിനൊപ്പവും അര്‍ജുന്‍ എത്തിയിരുന്നു.

മുംബൈയ്ക്കായി മല്‍സരത്തില്‍ ഏറ്റവും നന്നായി പന്തെറിഞ്ഞ വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗളയ്ക്കു ഒരോവര്‍ ബാക്കിനില്‍ക്കെയായിരുന്നു അര്‍ജുനെക്കൊണ്ട് രോഹിത് ബൗള്‍ ചെയ്യിച്ചത്. പിയൂഷ് മൂന്നോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളെടുത്തിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ ക്വാട്ട പൂര്‍ത്തിയാക്കാതെ അര്‍ജുനെക്കൊണ്ട് രോഹിത് പരീക്ഷണം നടത്തുകയായിരുന്നു. ഇതിന്റെ കാരണമെന്താണെന്നു വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ കോച്ച് മാര്‍ക്ക് ബൗച്ചര്‍. മല്‍സരശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഹിത് ശര്‍മ വളരെയധികം അനുഭവസമ്പത്തുള്ള ക്രിക്കറ്ററാണെന്നു നിങ്ങള്‍ക്കറിയാമെന്ന് എനിക്കുറപ്പാണ്. മല്‍സരത്തിന്റെ ആ ഘട്ടത്തില്‍ മുംബൈ ടീമിനു ഗുണം ചെയ്യുമെന്ന നിഗമനത്തിലായിരിക്കാം അര്‍ജുന്‍ ടെണ്ടുല്‍ക്കറെ അദ്ദേഹം പന്തേല്‍പ്പിച്ചത്. അതു നേരത്തേ പ്ലാന്‍ ചെയ്തതായിരുന്നില്ല. ഗ്രൗണ്ടില്‍ വച്ച് രോഹിത് അപ്പോഴെടുത്ത തീരുമാനമായിരുന്നു അത്. ചില സമയങ്ങളില്‍ കാര്യങ്ങള്‍ നിങ്ങളുടെ വഴിക്കു വരും, മറ്റു ചിലപ്പോള്‍ എതിരായും സംഭവിക്കും. നിര്‍ഭാഗ്യവശാല്‍ രോഹിത്തിന്റെ വഴിക്കു കാര്യങ്ങള്‍ വന്നില്ല. തിരിഞ്ഞുനോക്കുമ്പോള്‍ പിയൂഷ് ചൗളയെക്കൊണ്ട് ആ ഓവര്‍ ബൗള്‍ ചെയ്യിക്കാമായിരുന്നെന്നു നിങ്ങള്‍ പറയും.
പക്ഷെ ചില സമയങ്ങളില്‍ നമ്മള്‍ പ്രതീക്ഷിച്ചതു പോലെയായിരിക്കില്ല സംഭവിക്കുന്നത്. ഇതു ടി20 ക്രിക്കറ്റിന്റെ രീതിയാണ്. അതുകൊണ്ടു തന്നെ ഇങ്ങനൊരു കാര്യം സംഭവിച്ചതില്‍ ഒരു കുഴപ്പവുമില്ല. അര്‍ജുന്റെ കാര്യമെടുത്താല്‍ അവനെ സംബന്ധിച്ച് വാംഖഡെയില്‍ അവസാന ഓവറുകളില്‍ ബൗള്‍ ചെയ്യുകയെന്നത് കടുപ്പമായിരുന്നുവെന്നും മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി. രണ്ടോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ശേഷമായിരുന്നു അര്‍ജുന്‍ മൂന്നാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. പക്ഷെ മൂന്നോവര്‍ കഴിഞ്ഞപ്പോള്‍ താരം വിട്ടുകൊടുത്തത് 48 റണ്‍സായിരുന്നു.

പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരത്തിലേറ്റ പ്രഹരം അര്‍ജുന്‍ ടെണ്ടുല്‍ക്കറെ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടുണ്ടാവാമെങ്കിലും ഇത്തരം മോശം അനുഭവങ്ങള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സഹായിക്കുമെന്നു മാര്‍ക്ക് ബൗച്ചര്‍ ചൂണ്ടിക്കാട്ടി. അര്‍ജുന്‍ ഒന്നോ, രണ്ടോ ബോള്‍ മോശമായി ചെയ്തിരിക്കാം, പക്ഷെ അവയെ പഞ്ചാബ് ബാറ്റര്‍മാര്‍ നന്നായി തന്നെ കൈകാര്യം ചെയ്തു. അവസാനത്തേക്കു താന്‍ അല്‍പ്പം സമ്മര്‍ദ്ദത്തിലായെന്നു അവനു തോന്നിയിരിക്കാം. പക്ഷെ അര്‍ജുന്‍ ഇവയെ അതിജീവിക്കും, തെറ്റുകളില്‍ നിന്നും പാഠം പഠിക്കുകയും ചെയ്യും. അര്‍ജുന്‍ ശക്തമായി മടങ്ങിവരുമെന്നു പ്രതീക്ഷിക്കുന്നതായും മാര്‍ക്ക് ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത ദിവസം രാവിലെ നിങ്ങള്‍ ഇങ്ങനെയായിരിക്കും എഴുന്നേല്‍ക്കുന്നത്. ഈ തരത്തിലുള്ള തിരിച്ചടികളെ മറികടക്കാന്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ മാത്രമല്ല ടീമിന്റെയും മുഴുവന്‍ പിന്തുണ ഒരു താരത്തിനു ആവശ്യമാണ്. എങ്കില്‍ എത്രയും വേഗത്തില്‍ ഈ പ്രതിസന്ധികളെ മറികടന്ന് വീണ്ടും മികവിലേക്കു തിരിച്ചെത്താന്‍ കഴിയുമെന്നും അര്‍ജുന്‍ ടെണ്ടുല്‍ക്കറെ പിന്തുണച്ചു കൊണ്ട് മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.
ഹാട്രിക്ക് വിജയങ്ങളുമായി മുന്നേറിയ ശേഷമാണ് കഴിഞ്ഞ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനു മുന്നില്‍ മുംബൈ ഇന്ത്യന്‍സിനു അടിതെറ്റിയത്. രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും അടുത്ത മല്‍സരം 25ന് ചൊവ്വാഴ്ച നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയാണ്.