ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ യോര്‍ക്കര്‍ ഹീറോയായി മാറാന്‍ തനിക്കു സാധിക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് യുവതാരം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. പഞ്ചാബ് കിങ്‌സുമായി ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടന്ന മാച്ചില്‍ വിക്കറ്റെടുത്ത അര്‍ജുന്റെ തീപ്പൊരി യോര്‍ക്കറിനെക്കുറിച്ചാണ് ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
തന്റെ രണ്ടാമത്തെ വിക്കറ്റ് കൂടിയാണ് മൂന്നാം ഐപിഎല്‍ മാച്ചില്‍ കിടിലനൊരു യോര്‍ക്കറിലൂടെ 23 കാരന്‍ നേടിയിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തിലായിരുന്നു അര്‍ജുന്‍ കന്നി വിക്കറ്റ് പോക്കറ്റിലാക്കിയത്. ഭുവനേശ്വര്‍ കുമാറായിരുന്നു താരത്തിന്റെ ആദ്യത്തെ ഇര.

പഞ്ചാബുമായുള്ള മാച്ചില്‍ ആദ്യ ഓവര്‍ ബൗള്‍ ചെയ്തത് അര്‍ജുനായിരുന്നു. രണ്ടു വൈഡുകളെറിഞ്ഞെങ്കിലും ഈ ഓവറില്‍ അഞ്ചു റണ്‍സ് മാത്രമേ താരം വഴങ്ങിയുള്ളൂ. അര്‍ജുനെ അടുത്ത ഓവറിനായി നായകന്‍ രോഹിത് ശര്‍മ വിളിക്കുന്നത് പവര്‍പ്ലേയ്ക്കു ശേഷം ഏഴാം ഓവറിലായിരുന്നു. ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങിനൊപ്പം (25) അതര്‍വ ടെയ്‌ഡെയായിരുന്നു (19) ക്രീസില്‍. രണ്ടാമത്തെ ബോളില്‍ ബൗണ്ടറിയും അടുത്ത ബോളില്‍ വൈഡും അര്‍ജുന്‍ വഴങ്ങി.
അടുത്ത ബോളില്‍ സിംഗിള്‍. നാലാമത്തേത് ഒരു കണ്ണഞ്ചിക്കുന്ന യോര്‍ക്കറായിരുന്നു. പ്രതിരോധിക്കാന്‍ പോലും ക്രീസിലുണ്ടായിരുന്ന പ്രഭ്‌സിമ്രന് കഴിഞ്ഞില്ല. ബാറ്റ് താഴേക്കു കൊണ്ടുവരും മുമ്പ തന്നെ ബോള്‍ ഷൂസില്‍ പതിച്ചിരുന്നു. ഔട്ട് വിധിച്ച അംപയറുടെ തീരുമാനത്തിനെതിരേ പഞ്ചാബ് റിവ്യു എടുത്തെങ്കിലും തീരുമാനം അര്‍ജുനും മുംബൈയ്ക്കും അനുകൂലമായിരുന്നു.

അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ഈ യോക്കറിനെ ആരാധകര്‍ പുകഴ്ത്തിയിരിക്കുകയാണ്. ജസ്പ്രീത് ബുംറ, നിങ്ങള്‍ നല്‍കിയ എല്ലാത്തിനും നന്ദി. നിങ്ങള്‍ക്കു ഇനി മുംബൈ ഇന്ത്യന്‍സ് വിടാം. എന്തൊരു യോര്‍ക്കറായിരുന്നു അത്. മുംബൈ ഇന്ത്യന്‍സിനു ഇപ്പോള്‍ ജസ്പ്രീത് ബുംറയെ മുംബൈ ഇന്ത്യന്‍സിനു ആവശ്യമില്ല. പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കിനേക്കാള്‍ മിടുക്കനാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഇഷ്ടപ്പെടുന്നു, അവന്റെ ആത്മാമര്‍ഥയും ഇഷ്ടമായി. തല താഴ്ത്തി ഇതേ രീതിയില്‍ അര്‍ജുന്‍ തുടര്‍ന്നും ബൗള്‍ ചെയ്യുകയാണ് വേണ്ടത് എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.
മുംബൈയ്ക്കു 215 റണ്‍സ് വിജയലക്ഷ്യം
ഹോംഗ്രൗണ്ടായ വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനു 215 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്‌സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട പഞ്ചാബ് എട്ടു വിക്കറ്റെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഒരു ഘട്ടത്തില്‍ നാലിനു 83 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്. എന്നാല്‍ അവസാന ഓവറുകളിലെ വെടിക്കെട്ട് പഞ്ചാബിനെ 200 കടത്തി.
ക്യാപ്റ്റന്റെ കളി കെട്ടഴിച്ച സാം കറെന്‍ 29 ബോളില്‍ 55 റണ്‍സുമായി ടീമിന്റെ അമരക്കാരനായി മാറി. ഹര്‍പ്രീത് സിങ് 28 ബോളില്‍ 41 റണ്‍സും വാരിക്കൂട്ടി. വെറും ഏഴു ബോളില്‍ 25 റണ്‍സ് അടിച്ചെടുത്ത ജിതേഷ് ശര്‍മയുടെ ഫിനിഷിങും മുംബൈയ്ക്കു കരുത്തേകി.