മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ തുടര്‍ച്ചയായ മൂന്ന് വിജയങ്ങള്‍ക്ക് ശേഷം പഞ്ചാബ് കിങ്‌സിനോട് നാണംകെട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. കരുത്തരുടെ നിരയായ മുംബൈ സ്വന്തം തട്ടകത്തിലാണ് പഞ്ചാബിനോട് കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടാനായത്.
ശക്തമായ പ്രത്യാക്രമണം കാഴ്ചവെക്കാനായെങ്കിലും മുംബൈക്ക് ജയിക്കാനായില്ല. മുംബൈയുടെ ബൗളര്‍മാരും നിറം മങ്ങിയ പ്രകടനമാണ് മുംബൈയെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. പ്രധാനമായും അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പ്രകടനം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ അരങ്ങേറിയ അര്‍ജുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഭുവനേശ്വര്‍ കുമാറിനെ പുറത്താക്കി ആദ്യ ഐപിഎല്‍ വിക്കറ്റും നേടി.

എന്നാല്‍ പഞ്ചാബിനെതിരേ മൂന്ന് ഓവറില്‍ 48 റണ്‍സാണ് അര്‍ജുന്‍ വഴങ്ങിയത്. ആദ്യ രണ്ട് ഓവര്‍ ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞ അര്‍ജുന്‍ മൂന്നാം ഓവറില്‍ 31 റണ്‍സാണ് വിട്ടുകൊടുത്തത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ എല്ലാവരും പ്രത്യേക ശ്രദ്ധ നല്‍കുന്ന താരമാണ് അര്‍ജുന്‍. എന്നാല്‍ പഞ്ചാബിനെതിരേ തൊട്ടതെല്ലാം അര്‍ജുന് പിഴച്ചു. ആദ്യ മത്സരങ്ങളിലൂടെ ലഭിച്ച എല്ലാ പ്രശംസയും പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം അര്‍ജുന് നഷ്ടമായി.
മുംബൈ ഇന്ത്യന്‍സ് ഇനിയും അര്‍ജുന് അവസരം നല്‍കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ അര്‍ജുനെ ഇനി പരിഗണിക്കുന്നത് മുംബൈക്ക് ഗുണം ചെയ്യില്ലെന്നതാണ് വസ്തുത. അര്‍ജുനെ മുംബൈ ഇനി പരിഗണിക്കേണ്ടെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. പ്രധാന കാരണം അര്‍ജുന്റെ ബൗളിങ് വേഗതയാണ്.
ഇടം കൈയന്‍ പേസറുടെ ശരാശരി വേഗം 130ല്‍ താഴെയാണ്. വളരെ അപൂര്‍വ്വം പന്തുകളാണ് അദ്ദേഹം 130ന് മുകളിലെറിഞ്ഞത്. മീഡിയം പേസറെന്ന് മാത്രമേ അര്‍ജുനെ വിളിക്കാനാവൂ. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്‍ നന്നായി പ്രഹരിക്കാന്‍ സാധ്യതയുള്ള ബൗളറാണ് അര്‍ജുന്‍. സ്വിങ് ലഭിക്കുന്ന പിച്ചില്‍ ന്യൂബോളില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ അര്‍ജുന് സാധിച്ചേക്കും. എന്നാല്‍ ബാറ്റിങ്ങിന് മുന്‍തൂക്കമുള്ള പിച്ചില്‍ അര്‍ജുന്‍ ചെണ്ടയാവും.
പഞ്ചാബിനെതിരേ ന്യൂബോളില്‍ മികവ് കാട്ടിയ അര്‍ജുന്‍ മധ്യ ഓവറിലേക്കെത്തിയപ്പോഴാണ് തല്ലുവാങ്ങിയത്. അര്‍ജുന്‍ തന്റെ ബൗളിങ് വേഗം 135ന് മുകളിലേക്കെങ്കിലും എത്തിക്കാനാവാത്ത പക്ഷം അര്‍ജുന്‍ തല്ലുവാങ്ങിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവിലെ താരത്തിന്റെ വേഗം വെച്ച് മുംബൈ കളിപ്പിക്കാതിരിക്കുന്നതാണ് ടീമിനെ സംബന്ധിച്ച് നല്ലത്.

മറ്റൊരു പ്രധാന പ്രശ്‌നം മികച്ച ലൈനും ലെങ്തുമില്ല. യോര്‍ക്കറുകള്‍ എറിയാന്‍ കഴിവുണ്ടെങ്കിലും സ്ഥിരതയോടെ യോര്‍ക്കറുകള്‍ എറിയാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ റണ്‍സ് വിട്ടുകൊടുക്കാനും അര്‍ജുന്‍ മടികാട്ടുന്നില്ല. ലൈനും ലെങ്തും മെച്ചപ്പെടുത്തേണ്ടത് അര്‍ജുന് മുന്നേറാന്‍ അത്യാവശ്യമാണ്. റണ്ണപ്പ് മികച്ചതാണെങ്കിലും ഇതിന്റെ ഗുണം പന്തില്‍ കാണുന്നില്ല. പല ബോളുകളും ബാറ്റ്‌സ്മാന് അനായാസമായി പ്രഹരിക്കാന്‍ സാധിക്കുന്നതാണ്.
അതുകൊണ്ട് തന്നെ ടി20യില്‍ കളിക്കാന്‍ അര്‍ജുന്റെ നിലവിലെ പ്രകടന മികവ് മതിയാവില്ല. മറ്റൊരു പ്രധാന പ്രശ്‌നം സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിവില്ലെന്നതാണ്. പഞ്ചാബിനെതിരേ രണ്ട് മോശം പന്തുകള്‍ക്ക് ശേഷം യാതൊരു നിയന്ത്രണവുമില്ലാതെ പന്തെറിയുന്ന അര്‍ജുനെയാണ് കണ്ടത്. സമ്മര്‍ദ്ദത്തിന് താരം കീഴടങ്ങിയെന്നതാണ് ചുരുക്കം. മറ്റ് യുവപേസര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അര്‍ജുന് എല്ലാ കാര്യങ്ങളും അനുകൂലമാണ്.
നേരത്തെ തന്നെ ഇന്ത്യയുടെ നെറ്റ്‌സില്‍ പന്തെറിഞ്ഞിട്ടുള്ള അര്‍ജുന് പല ഇതിഹാസ പേസര്‍മാര്‍ക്ക് കീഴിലും പന്തെറിഞ്ഞ് പഠിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. സച്ചിന്റെ മകനെന്ന പരിഗണന എല്ലായിടത്തും അര്‍ജുന് ലഭിച്ചുവെങ്കിലും അതൊന്നും മുതലാക്കാന്‍ താരത്തിനായില്ല. അതുകൊണ്ട് തന്നെ അര്‍ജുന്‍ ബൗളറെന്ന നിലയില്‍ ഇനിയും ഏറെ മെച്ചപ്പെടേണ്ടിയിരിക്കുന്നു.