ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പേസ് സെന്‍സേഷനായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ഫാസ്റ്റ് ബൗളര്‍ ആകാശ് മധ്‌വാള്‍. ഐപിഎല്‍ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുളള മാച്ചിലെ അവിശ്വസനീയ സ്‌പെല്ലാണ് അദ്ദേഹത്തെ ഹീറോയാക്കി മാറ്റിയത്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ അഞ്ചു വിക്കറ്റുകളെടുത്തവരില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റാണ് (1.40) മധ്‌വാള്‍ സ്വന്തം പേരില്‍ കുറിച്ചത്. 3.3 ഓവറില്‍ അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്.
പരിക്കേറ്റ് സീസണ്‍ നഷ്ടമായ മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പിന്‍ഗാമി ആരെന്നതിന്റെ ഉത്തരമായി ഇപ്പോള്‍ ആകാശ് മധ്‌വാള്‍ മാറിയിരിക്കുകയാണ്. കന്നി സീസണില്‍ തന്നെ വരവറിയിച്ച 29കാരന്‍ വൈകാതെ തന്നെ ബുംറയ്‌ക്കൊപ്പം മുംബൈ പേസ് ബൗളിങിലെ തുറുപ്പുചീട്ടായി മാറുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ലഖ്‌നൗവിനെതിരേ പ്ലെയര്‍ ഓഫ് ദി മാച്ചായി മാറിയ മധ്‌വാള്‍ യഥാര്‍ഥത്തില്‍ ആരാണ്. മുംബൈ പേസറെക്കുറിച്ച് എല്ലാമറിയാം.

ആകാശ് മധ്‌വാളെന്ന പേര് നമ്മളില്‍ ഭൂരിഭാഗം പേരും കേള്‍ക്കുന്നത് ഈ സീസണിലെ ഐപിഎല്ലോടെയാണ്. പക്ഷെ അദ്ദേഹത്തിനു ഐപിഎല്ലില്‍ ഇതു ആദ്യത്തെ ഊഴമല്ല. 2021ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ അദ്ദേഹമുള്‍പ്പെട്ടിരുന്നു. പക്ഷെ മധ്‌വാളിന്റെ മിടുക്ക് തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ട ആര്‍സിബി ഒരവസരം പോലും നല്‍കാതെ സീസണിനു ശേഷം ഒഴിവാക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ മെഗാ ലേലത്തില്‍ മധ്‌വാള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ലേലത്തില്‍ 10 ഫ്രാഞ്ചൈസികളും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല. പക്ഷെ സീസണ്‍ ആരംഭിച്ചതിനു ശേഷം സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനു പരിക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായി മധ്‌വാളിനെ ടീമിലേക്കു മുംബൈ കൊണ്ടുവരികയായിരുന്നു. സീസണില്‍ അരങ്ങേറാനായില്ലെങ്കിലും ഈ സീസണിലും താരത്തെ മുംബൈ നിലനിര്‍ത്തി. 20 ലക്ഷം രൂപയാണ് പേസര്‍ക്കായി മുംബൈ മുടക്കിയത്.
ഒടുവില്‍ ഈ സീസണില്‍ പല ബൗളര്‍മാരെയും മാറി മാറി പരീക്ഷിച്ച ശേഷം ആകാശ് മധ്‌വാളിനും മുംബൈ അവസരം നല്‍കുകയായിരുന്നു. ഈ മാസം മൂന്നിനു പഞ്ചാബ് കിങ്‌സുമായുള്ള പോരാട്ടത്തിലൂടെയാണ് അദ്ദേഹം അരങ്ങേറിയത്. വളരെ വേഗത്തില്‍ മധ്‌വാള്‍ മുംബൈ ഇലവനില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഏഴു മല്‍സരങ്ങളില്‍ നിന്നും 7.77 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റില്‍ 13 വിക്കറ്റുകള്‍ പേസര്‍ നേടിക്കഴിഞ്ഞു.

ഉത്തരാഖണ്ഡിലെ റൂര്‍ഖി സ്വദേശിയായ മധ്‌വാള്‍ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ അയല്‍വാസി കൂടിയാണെന്നതാണ് കൗതുകകരമായ കാര്യം. റിഷഭിനെയും മധ്‌വാളിനെയും പരിശീലിപ്പിച്ചത് ഒരേ കോച്ച് തന്നെ- അവതാര്‍ സിങ്. റൂര്‍ക്കി പബ്ലിക് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പേസറുടെ പ്രാഥമിക വിദ്യാഭ്യാസം. പഠനത്തിലും മിടുക്കനായിരുന്ന മധ്‌വാള്‍ പിന്നീട് സിവില്‍ എഞ്ചിനിയിറങ്ങില്‍ ബിരുദവും പൂര്‍ത്തിയാക്കി.
പക്ഷെ ക്രിക്കറ്റിനോടുള്ള അതിയായ പാഷന്‍ താരത്തെ മുന്നോട്ടു നയിക്കുകയായിരുന്നു. 24 വയസ്സ് വരെ ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ മാത്രമേ മധ്‌വാള്‍ കളിച്ചിട്ടുളളൂവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. 2019-20ലെ സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ ഉത്തരാഖണ്ഡിനായി കളിച്ചായിരുന്നു താരത്തിന്റെ പ്രൊഫഷണല്‍ ക്രിക്കറ്റിലെ അരങ്ങേറ്റം.
ഇതേ വര്‍ഷം തന്നെ രഞ്ജി ട്രോഫിയില്‍ കളിച്ചുകൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മധ്‌വാള്‍ അരങ്ങേറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10 കളിയില്‍ നിന്നും 12ഉം ലിസ്റ്റ് എയില്‍ 17 കളിയില്‍ നിന്നും 18ഉം ടി20യില്‍ ഇതുവരെ (ഐപിഎല്ലിലേതടക്കം) 29 മല്‍സരങ്ങളില്‍ നിന്നും 37ഉം വിക്കറ്റുകളും പേസര്‍ നേടിയിട്ടുണ്ട്.