ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. നിര്‍ണ്ണായക പോരില്‍ അഞ്ച് റണ്‍സിനാണ് മുംബൈ ലഖ്‌നൗവിനോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് അഞ്ച് വിക്കറ്റിന് 172 റണ്‍സാണ് നേടാനായത്.
അവസാന ഓവറില്‍ മുംബൈക്ക് 11 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍ എന്നീ രണ്ട് വമ്പന്മാര്‍ ക്രീസിലുണ്ടായിരുന്നിട്ടും മുംബൈയെ ജയം നേടുന്നതില്‍ നിന്ന് തടുത്തത് ലഖ്‌നൗ പേസര്‍ മൊഹ്‌സിന്‍ ഖാന്റെ ബൗളിങ് പ്രകടനമാണ്. തകര്‍പ്പന്‍ ബൗളിങ്ങിലൂടെ മൊഹ്‌സിന്‍ മുംബൈയെ പിടിച്ചുകെട്ടുകയായിരുന്നു. മുംബൈയുടെ അന്തകനും ലഖ്‌നൗവിന്റെ ഹീറോയുമായ മൊഹ്‌സിന്‍ ഖാന്‍ ആരാണ്? എല്ലാം അറിയാം.

അവസാന സീസണിലൂടെത്തന്നെ ശ്രദ്ധ നേടിയ പേസറാണ് മൊഹ്‌സിന്‍ ഖാന്‍. ഇടം കൈയന്‍ പേസര്‍ 9 മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് അവസാന സീസണില്‍ നേടിയത്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നതോടൊപ്പം ഡെത്തോവറിലും താരം മികവ് കാട്ടിയിരുന്നു. ഒറ്റ സീസണ്‍കൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന് പോലും എല്ലാവരും പറഞ്ഞ താരമാണ് മൊഹ്‌സിന്‍ ഖാന്‍.
നല്ല ലൈനും ലെങ്തുമുള്ള താരം നന്നായി യോര്‍ക്കര്‍ എറിയാനും കഴിവുള്ളവനാണ്. ഈ സീസണില്‍ മൊഹ്‌സിന്റെ തകര്‍പ്പന്‍ പ്രകടനം പ്രതീക്ഷിച്ചിരുന്നപ്പോഴാണ് താരത്തെ പരിക്ക് പിടികൂടിയത്. ഇതോടെ സീസണിലെ പകുതിയോളം മത്സരം അദ്ദേഹത്തിന് നഷ്ടമായിരുന്നു. സീസണില്‍ വെറും മൂന്ന് മത്സരമാണ് അദ്ദേഹത്തിന് കളിക്കാനായത്. മടങ്ങിവരവില്‍ കളിച്ച ആദ്യ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും മുംബൈയുടെ അന്തകനായി തകര്‍പ്പന്‍ തിരിച്ചുവരവാണ് മൊഹ്‌സിന്‍ കാഴ്ചവെച്ചത്.
23കാരനായ താരം 2018ലാണ് ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്നത്. 2020ല്‍ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലേക്കും വരവറിയിച്ച മൊഹ്‌സിന്‍ 2018 മുതല്‍ ഐപിഎല്ലിലുണ്ടെങ്കിലും ലഖ്‌നൗവാണ് കളിക്കാന്‍ അവസരം നല്‍കിയത്. 2018 മുതല്‍ 2021 വരെ മുംബൈയ്‌ക്കൊപ്പമുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയില്ല. മുംബൈക്ക് മൊഹ്‌സിന്റെ കഴിവില്‍ വിശ്വാസമില്ലായിരുന്നുവെന്ന് പറയാം. അതുകൊണ്ട് തന്നെ തഴഞ്ഞു.
ലഖ്‌നൗ മൊഹ്‌സിനെ ടീമിലെത്തിച്ചതോടെ താരത്തിന്റെ തലവരും തെളിഞ്ഞു. ഇപ്പോള്‍ മുംബൈയെ തകര്‍ത്ത് ലഖ്‌നൗവിന്റെ പ്ലേ ഓഫ് സീറ്റ് ഏറെക്കുറെ ഉറപ്പിച്ചതോടെ മൊഹ്‌സിന്‍ ഖാനത് മധുര പ്രതികാരം കൂടിയാണെന്ന് പറയാം. തനിക്ക് ഒരവസരം പോലും നല്‍കാതെ തള്ളിക്കളഞ്ഞ മുംബൈ ഇന്ത്യന്‍സിനോട് കണക്കുതീര്‍ക്കാന്‍ മൊഹ്‌സിനായി. മുംബൈയുടെ ബൗളര്‍മാര്‍ നിരാശപ്പെടുത്തുമ്പോഴാണ് മൊഹ്‌സിന്‍ വിസ്മയിപ്പിക്കുന്നത്.

ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് താല്‍പര്യം കാട്ടിയിരുന്ന മൊഹ്‌സിന്‍ ഉത്തര്‍പ്രദേശിനെ സംബാല്‍ ഗ്രാമത്തിലാണ് ജനിച്ചത്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന അവസ്ഥയില്‍ നിന്നാണ് മൊഹ്‌സിന്‍ ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്. 2018ലെ വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് മൊഹ്‌സിന്‍ ശ്രദ്ധ നേടുന്നത്. ഇതേ വര്‍ഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 8 മത്സരത്തില്‍ നിന്ന് 13 വിക്കറ്റുമായി മൊഹ്‌സിന്‍ മിന്നിച്ചു.
ഈ പ്രകടനമാണ് മുംബൈയിലേക്ക് മൊഹ്‌സിനെ എത്തിച്ചത്. എന്നാല്‍ നെറ്റ് ബൗളറായി താരത്തെ മുംബൈ ഒതുക്കി. എന്നാല്‍ ലഖ്‌നൗ മൊഹ്‌സിന്റെ പ്രതിഭ മനസിലാക്കി അവസരം നല്‍കിയതോടെ താരം സൂപ്പര്‍ താരമായി വളര്‍ന്നു. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കും വളരാന്‍ സാധ്യതയുള്ള താരമാണ് മൊഹ്‌സിന്‍ ഖാനെന്ന് പറയാം. പരിക്ക് വലച്ചില്ലായിരുന്നെങ്കില്‍ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ മൊഹ്‌സിന് സാധിക്കുമായിരുന്നു.
2024ലെ ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ബൗളറാണ് മൊഹ്‌സിനെന്ന് പറയാം. അടുത്ത മെഗാ ലേലത്തില്‍ കോടികള്‍ പ്രതിഫലം വാങ്ങാന്‍ ശേഷിയുള്ള താരമാണ് മൊഹ്‌സിനെന്ന് നിസംശയം പറയാം. ലഖ്‌നൗ നിരയില്‍ ഏറ്റവും ഭയക്കേണ്ട ബൗളറാണ് മൊഹ്‌സിനെന്ന് താരം പ്രകടനംകൊണ്ട് തെളിയിക്കുന്നു.