ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വലിയ വിവാദ താരമായി മാറിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ അഫ്ഗാനിസ്താന്‍ പേസര്‍ നവീനുല്‍ ഹഖ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മല്‍സരത്തില്‍ വിരാട് കോലിയുമായി ഉടക്കിയതോടെയാണ് താരം വാര്‍ത്തകളില്‍ നിറഞ്ഞത്. ആ സംഭവത്തിനു ശേഷം പല തവണ സോഷ്യല്‍ മീഡിയയിലൂടെ കോലിയെ നവീന്‍ പരിഹസിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ എലിമിനേറ്ററില്‍ ലഖ്‌നൗ വന്‍ പരാജയമേറ്റു വാങ്ങി പുറത്തായതിനു പിന്നാല നവീനെ ട്രോളിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍. മുംബൈ ടീമിലെ മലയാളി താരങ്ങളായ വിഷ്ണു വിനോദ്, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കൊപ്പം സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയയും ചേര്‍ന്നാണ് നവീനെ കളിയാക്കിയത്.

മേശപ്പുറത്ത് മൂന്നു പഴുത്ത മാങ്ങകള്‍ക്കു മുന്നില്‍ സന്ദീപ് വാര്യരും കുമാര്‍ കാര്‍ത്തികേയയും വിഷ്ണു വിനോദും വ്യത്യസ്ത പേസുകളില്‍ ഇരിക്കുന്നതാണ് ചിത്രം. സന്ദീപ് കണ്ണുകള്‍ പൊത്തിയും കാര്‍ത്തികേയ വായ പൊത്തിയും വിഷ്ണു ചെവി പൊത്തിയുമാണ് ഇരുന്നത്. മധുരമുള്ള മാങ്ങകള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു സന്ദീപും വിഷ്ണുവു തങ്ങളുടെ ഇന്‍സ്റ്റ്ഗ്രാം പേജില്‍ ഫോട്ടോ പങ്കുവച്ചത്. പക്ഷെ അധികനേരം ഈ പോസ്റ്റ് ഇവിടെ കണ്ടില്ല. ഇരുവരും ഇതു ഡിലീറ്റ് ചെയ്യുകയായിരുന്നു.
മുംബൈ ഇന്ത്യന്‍സുമായുള്ള മാച്ചില്‍ ലഖ്‌നൗ കനത്ത പരാജയമേറ്റുവാങ്ങിയെങ്കിലും നവീനുല്‍ ഹഖ് ബൗളിങില്‍ കസറിയിരുന്നു. നാലു വിക്കറ്റുകളാണ് കളിയില്‍ അദ്ദേഹം പിഴുതത്. അപകടകാരികളായ സൂര്യകുമാര്‍ യാദവിനെയും കാമറൂണ്‍ ഗ്രീനിനെയും ഒരേ ഓവറുകളില്‍ പുറത്താക്കിയ നവീന്‍ ഇവരെക്കൂടാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, തിലക് വര്‍മ എന്നിവരുടെയും വിക്കറ്റുകളെടുത്തിരുന്നു.
ഓരോ തവണ ബൗള്‍ ചെയ്യാനെത്തിയപ്പോഴും കാണികളില്‍ ഒരു വിഭാഗം കോലി, കോലിയെന്നു ആര്‍പ്പുവിളിച്ച് നവീനെ കളിയാക്കിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണം വിക്കറ്റെടുത്തപ്പോഴെല്ലാം ഇരുചെവികളും ചൂണ്ടു വിരലുകള്‍
കൊണ്ട് അടച്ചുപിടിച്ചായിരുന്നു നവീന്‍ ആഹ്ലാദ പ്രകടനം നടത്തിയത്. ഈ കാരണത്താല്‍ തന്നെയാണ് മല്‍സരശേഷം കണ്ണും വായയും ചെവിയും പൊത്തിയുളള പോസുകളുമായി നവീനെ മുംബൈ താരങ്ങളും പരിഹസിച്ചത്.
മല്‍സരശേഷം അവസാനിക്കേണ്ടിയിരുന്ന ഈ സംഭവം ഇത്രത്തോളം വഷളാവാനുള്ള കാരണം നവീനുല്‍ ഹഖ് തന്നൊണ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം വിരാട് കോലിയെ വിടാതെ പിന്തുടര്‍ന്നു അധിക്ഷേപിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സുമായി നേരത്തേ ലീഗ് ഘട്ടത്തില്‍ നടന്ന മാച്ചില്‍ കോലി ചെറിയ സ്‌കോറിനു പുറത്തായ ശേഷമായിരുന്നു നവീന്‍ പഴുത്ത മാങ്ങ മേശപ്പുറത്ത് വച്ചുകൊണ്ട് ടിവിയില്‍ മല്‍സരം കാണുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി നല്‍കിയത്. മധുരമുള്ള മാങ്ങകളെന്ന ക്യാപ്ഷനോടെയായിരുന്നു ഇത്.

അതിനു ശേഷം അവസാനത്തെ ലീഗ് മാച്ചില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു തോറ്റ് ആര്‍സിബി പുറത്തായ ശേഷവും കോലിയെ ലക്ഷ്യമിട്ട് നവീന്‍ പരിഹാസവുമായി രംഗത്തു വന്നിരുന്നു. ഇപ്പോള്‍ ഇവയ്‌ക്കെല്ലാമുള്ള മറുപടിയാണ് അവസാന മല്‍സത്തില്‍ വന്‍ പരാജയമേറ്റു വാങ്ങി പുറത്തായ ശേഷം നവീന് മുംബൈ താരങ്ങളില്‍ നിന്നും ലഭിച്ചത്.
അതേസമയം, ഇനിയൊരു സീസണില്‍ നവീനുല്‍ ഹഖ് ഐപിഎല്ലില്‍ കളിക്കാനുള്ള സാധ്യത തീരെ കുറവാണ്. പ്രകടനത്തിന്റെ കാര്യത്തില്‍ സംശയമില്ലെങ്കിലും താരത്തിന്റെ വളരെ മോശം സ്വഭാവം പല കോണുകളില്‍ നിന്നും വിമര്‍ശനം നേരിടുകയാണ്. കളിക്കളത്തില്‍ അവസാനിപ്പിക്കേണ്ടിയിരുന്ന ഒരു പ്രശ്‌നത്തെ ഇത്രയും മോശമാക്കി മാറ്റിയത് നവീന്റെ സ്വഭാവദൂഷ്യം തന്നെയാണ് കാണിക്കുന്നത്. സീസണിനു ശേഷം താരത്തെ ലഖ്‌നൗ ഒഴിവാക്കാനാണ് സാധ്യത. അടുത്ത തവണ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്താലും നവീനെ ആരും വാങ്ങാന്‍ സാധ്യതയുമില്ല.