Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ലഖ്‌നൗ നാണംകെട്ടു! ചെപ്പോക്കില്‍ മുംബൈയുടെ വിളയാട്ടം, ഇനി ജിടിക്കെതിരേ

ചെന്നൈ: തീപാറുമെന്നു കരുതപ്പെട്ട ഐപിഎല്ലിലെ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വാരിക്കളഞ്ഞ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും സമഗ്രാധിപത്യത്തിനു മുന്നില്‍ ക്രുനാല്‍ പാണ്ഡ്യയുടെ ലഖ്‌നൗവിനു മറുപടിയില്ലായിരുന്നു. 81 റണ്‍സിന്റെ ദയനീയ പരാജയത്തോടെ ലഖ്‌നൗ ടൂര്‍ണമെന്റിന്റില്‍ നിന്നു പുറത്താവുകയും ചെയ്തു.

ഇതോടെ ആറാം ഐപിഎല്‍ കിരീടമെന്ന ലക്ഷ്യത്തിലേക്കു മുംബൈ ഒരുപടി കൂടി അടുത്തിരിക്കുകയാണ്. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറില്‍ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സാണ് മുംബൈയുടെ എതിരാളികള്‍. ഈ പോരാട്ടത്തില്‍ ജയിക്കുന്നവര്‍ ഞായറാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഫൈനലിലേക്കു യോഗ്യത നേടും.

AKASH MADHWAL

റണ്‍ചേസ് അത്ര എളുപ്പമല്ലാത്ത ചെപ്പോക്കിലെ പിച്ചില്‍ 183 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് ലഖ്‌നൗവിനു മുംബൈ നല്‍കിയത്. പക്ഷെ റണ്‍ചേസില്‍ ഒരിക്കല്‍പ്പോലും ലഖ്‌നൗവിനെ മുന്നില്‍ കയറാന്‍ മുംബൈ അനുവദിച്ചില്ല. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റുകളെടുത്ത മുംബൈ എതിരാളികളുടെ മുനയൊടിച്ചു (23/2). മൂന്നാം വിക്കറ്റില്‍ നായകന്‍ ക്രുനാല്‍ പാണ്ഡ്യ-മാര്‍ക്കസ് സ്റ്റോയ്‌നിസ് സഖ്യം 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ലഖ്‌നൗവിനു വിജയപ്രതീക്ഷയുണ്ടായിരുന്നു.

പക്ഷെ ടീം സ്‌കോര്‍ 69ല്‍ നില്‍ക്കെ ക്രുനാലിന്റെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി. പിന്നീട് ലഖ്‌നൗ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. മൂന്നിന് 69ല്‍ നിന്നും ഏഴിന് 92ലേക്കു ലഖ്‌നൗ കൂപ്പുകുത്തി. മൂന്നു റണ്ണൗട്ടുകളും അവരുടെ തകര്‍ച്ചയ്ക്കു വേഗം കൂട്ടി. ഒടുവില്‍ വെറും 101 റണ്‍സിനു ലഖ്‌നൗ ഓള്‍ഔട്ടാവുകയും ചെയ്തു. സകോര്‍- മുംബൈ എട്ടിനു 182, ലഖ്‌നൗ 16.3 ഓവറില്‍ 101നു പുറത്ത്.

40 റണ്‍സെടുത്ത മാര്‍ക്കസ് സ്‌റ്റോയ്‌നിസൊഴികെ മറ്റാരും ലഖ്‌നൗ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല. 27 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു. കൈല്‍ മയേഴ്‌സ് (18), ദീപക് ഹൂഡ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഈ സീസണില്‍ ബൗളിങില്‍ മുംബൈയുടെ കണ്ടെത്തലായി മാറിയ യുവ പേസര്‍ ആകാശ മധ്വാളാണ് ലഖ്‌നൗവിന്റെ അന്തകനായി മാറിയത്. 3.3 ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് താരം പിഴുതത്.

MUMBAI INDIANS

ടോസിനു ശേഷം ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സ് പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ 200ന് മുകളില്‍ സ്‌കോര്‍ മുംബൈ പടുത്തുയര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 10 ഓവറുകള്‍ കളിയുമ്പോള്‍ മുംബൈ രണ്ടിന് 98 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. എന്നാല്‍ അടുത്ത 10 ഓവറുകളില്‍ 84 റണ്‍സ് മാത്രമേ മുംബൈയ്ക്കു സ്‌കോര്‍ ചെയ്യാനായുള്ളൂ. ആറു വിക്കറ്റുകള്‍ ഇതിനിടെ നഷ്ടമാവുകയും ചെയ്തു.

മുംബൈ ബാറ്റിങ് ലൈനപ്പില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റിയടിക്കാന്‍ സാധിച്ചില്ല. മൂന്നാം നമ്പറില്‍ ഇറങ്ങി 41 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനാണ് ടോപ്‌സ്‌കോറര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ തൊട്ടുമുമ്പത്തെ മാച്ചില്‍ നേടിയ സെഞ്ച്വറിയുടെ തുടര്‍ച്ചയെന്നോണമാണ് ഗ്രീന്‍ ഈ കളിയില്‍ ബാറ്റ് വീശിയത്. വെറും 23 ബോളിലാണ് അദ്ദേഹം 41 റണ്‍സെടുത്തത്. ആറു ഫോറും ഒരു സിക്‌സറും ഇതിലുള്‍പ്പെടും. സൂര്യകുമാര്‍ യാദവ് (33), തിലക് വര്‍മ (26), ഇംപാക്ട് പ്ലെയറായെത്തിയ നെഹാല്‍ വദേര (23) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. നായകന്‍ രോഹിത് (11), ഇഷാന്‍ കിഷന്‍ (15), ടിം ഡേവിഡ് (13) എന്നിവര്‍ക്കൊന്നും കാര്യമായ ഇംപാക്ടുണ്ടാക്കാനായില്ല.

NAVEEN UL HAQ

ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ മുംബൈയ്ക്കു പ്രതീക്ഷിച്ചതു പോലയൊരു തുടക്കം ലഭിച്ചല്ല. എട്ടു റണ്‍സിന്റെ ഇടവേളയില്‍ രോഹിത്തും ഇഷാനും പുറത്തായതോടെ മുംബൈ രണ്ടിനു 38ലേക്കു വീണു. ഇതോടെ ലഖ്‌നൗ കളിയില്‍ പിടിമുറുക്കുമെന്നു തോന്നിച്ചെങ്കിലും അതുണ്ടായില്ല. മൂന്നാം വിക്കറ്റില്‍ ഒരുമിച്ച ഗ്രീന്‍-സൂര്യ ജോടി കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ ലഖ്‌നൗവിനെ ബാക്ക്ഫൂട്ടിലാക്കി.

66 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇരുവരും ടീം സ്‌കോര്‍ 100 കടത്തി. പക്ഷെ ഒരേ ഓവറില്‍ ഗ്രീനിനെയും സൂര്യയെയും മടക്കിയ നവീന്‍ മുംബൈയ്ക്കു കടിഞ്ഞാണിട്ടു. 20 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം 33 റണ്‍സെടുത്ത സൂര്യയെ കെ ഗൗതം പിടികൂടുകയായിരുന്നു. പിന്നാലെ ഗ്രീനിനെ ബൗള്‍ഡാക്കിയ നവീന്‍ മുംബൈയെ സ്തബ്ധരാക്കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ മറ്റൊരു മികച്ച കൂട്ടുകെട്ട് മുംബൈയെ ശക്തമായ നിലയിലെത്തിച്ചു. തിലക്- ഡേവിഡ് സഖ്യം 43 റണ്‍സാണ് നേടിയത്. ഡേവിഡും തിലകും ക്രിസ് ജോര്‍ഡനും (4) അടുത്തടുത്ത ഇടവേളകളില്‍ പുറത്തായി.

പക്ഷെ നെഹാലിന്റെ തകര്‍പ്പന്‍ ഫിനിഷിങ് മുംബൈയെ 182ലേക്കു കൈപിടിച്ചുയര്‍ത്തി. 12 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം 23 റണ്‍സാണ് താരം അടിച്ചെടുത്തത്. ലഖ്‌നൗ ബൗളര്‍മാരില്‍ മിന്നിച്ചത് നവീനുല്‍ ഹഖായിരുന്നു. നാലോവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. യഷ് ടാക്കൂറിന് മൂന്നു വിക്കറ്റും ലഭിച്ചു. ടോസിനു ശേഷം മുംബൈ ക്യാപ്റ്റന്‍ രോഹിത ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് മുംബൈ ഇറങ്ങിയത്. കുമാര്‍ കാര്‍ത്തികേയക്കു പകരം മറ്റൊരു സ്പിന്നറായ റിത്വിക്ക് ഷോക്കീനെ മുംബൈ തിരിച്ചുവിളിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ദീപക് ഹൂഡ, ആയുഷ് ബദോനി, പ്രേരക് മങ്കാദ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ക്രുനാല്‍ പാണ്ഡ്യ (ക്യാപ്റ്റന്‍), നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), കെ ഗൗതം, രവി ബിഷ്‌നോയ്, മൊഹ്‌സിന്‍ ഖാന്‍, യഷ് ടാക്കൂര്‍, നവീനുല്‍ ഹഖ്.

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, ക്രിസ് ജോര്‍ഡന്‍, പിയൂഷ് ചൗള, ആകാശ് മധ്‌വാള്‍, റിത്വിക്ക് ഷോക്കീന്‍, ജേസണ്‍ ബെറന്‍ഡോര്‍ഫ്.

Story first published: Wednesday, May 24, 2023, 12:26 [IST]
Other articles published on May 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+