ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കനത്ത പരാജയത്തിന് കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്ഥാന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. വലിയൊരു മണ്ടത്തരം ടീം സെലക്ഷനില്‍ ലഖ്‌നൗ ടീമിന്റെ ഭാഗത്തു നിന്നും സംഭവിച്ചുവെന്നും കളിയില്‍ വഴിത്തിരിവായതും ഇതു തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു കനേരിയ.
സൗത്താഫ്രിക്കയുടെ പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ക്വിന്റ്ണ്‍ ഡികോക്കിനെ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്താക്കിയ ലഖ്‌നൗ ടീമിന്റെ തീരുമാനത്തെയാണ് ഡാനിഷ് കനേരിയ ചോദ്യം ചെയ്തത്. ലഖ്‌നൗ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയുടെ ഭാഗത്തു നിന്നും വലിയ അബദ്ധം തന്നെയാണ് സംഭവിച്ചത്. എന്തുകൊണ്ടാണ് ക്വിന്റണ്‍ ഡികോക്കിനെ പ്ലെയിങ് ഇലവനില്‍ നിന്നും ലഖ്‌നൗ മാറ്റി നിര്‍ത്തിയത്? അദ്ദേഹത്തെ ഈ സീസണില്‍ നാലു മല്‍സരങ്ങളില്‍ മാത്രമേ കളിപ്പിച്ചിട്ടുള്ളൂ. അവയില്‍ നിന്നു മോശമല്ലാത്ത റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ സംബന്ധിച്ച് ഇത്രയും പ്രധാനപ്പെട്ട ഒരു മല്‍സരത്തില്‍ ക്വിന്റണ്‍ ഡികോക്ക് തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ ആവശ്യമായിരുന്നു. അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയതിനു ഒരു ന്യായീകരണവും ലഖ്‌നൗവിനു നല്‍കാന്‍ കഴിയില്ല. കാരണം മല്‍സരം തനിച്ചു വിജയിപ്പിക്കാന്‍ ശേഷിയുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് ക്വിന്റണ്‍ ഡികോക്ക്. അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കില്‍ അതു ലഖ്‌നൗവിനെ വിജയിപ്പിക്കാന്‍ സഹായിച്ചേനെയെന്നു ഡാനിഷ് കനേരിയ നിരീക്ഷിച്ചു.
റണ്‍ചേസില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇന്നിങ്‌സില്‍ മൂന്നു റണ്ണൗട്ടുകളും കണ്ടിരുന്നു. ലഖ്‌നൗവിനു വിജയം കൂടുതല്‍ ദുഷ്‌കരമാക്കി തീര്‍ത്തതും ഇതായിരുന്നു. ഈ മൂന്നു റണ്ണൗട്ടുകളിലും ദീപക് ഹൂഡ ഉള്‍പ്പെട്ടിരുന്നു. രണ്ടു തവണ അദ്ദേഹം തന്റെ ബാറ്റിങ് പങ്കാളിയെ റണ്ണൗട്ടാക്കിയപ്പോള്‍ മൂന്നാമതായി സ്വയം റണ്ണൗട്ടാവുകയായിരുന്നു.
ഈ റണ്ണൗട്ടുകള്‍ക്കെതിരേയും ഡാനിഷ് കനേരിയ ആഞ്ഞടിച്ചു. വളരെ മോശമായിരുന്നു ലഖ്‌നൗ ടീമിലെ റണ്ണൗട്ടുകള്‍. ക്ലബ്ബ് ക്രിക്കറ്റില്‍ കളിക്കുന്ന യുവതാരങ്ങള്‍ പോലും ഇത്രയും ദയനീയമായി വിക്കറ്റുകള്‍ക്കിടയിലൂടെ റണ്ണിനായി ഓടില്ല. ഈ മല്‍സരത്തില്‍ ലഖ്‌നൗ ടീമിന്റെ റണ്ണിങിനെ വളരെ മോശമെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. റണ്ണിനായുള്ള കോള്‍ വളരെ വൈകിയാണ് പലപ്പോഴും വന്നത്. ദീപക് ഹൂഡയാവട്ടെ കണ്ണടച്ചുകൊണ്ട് ഓടുന്നതു പോലെയാണ് തോന്നിയത്.

മാര്‍ക്കസ് സറ്റോയ്‌നിസ് 40 റണ്‍സോടെ വളരെ മികച്ച ഫോമിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റസിനു വേണ്ടി ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. പക്ഷെ അദ്ദേഹത്തെ റണ്ണൗട്ടാക്കിയപ്പോള്‍ ബാറ്റിങ് പങ്കാളിയായ ദീപക് ഹൂഡ എതു ലോകത്താണെന്നു പോലും അറിയില്ലായിരുന്നു. ഹൂഡയും സ്‌റ്റോയ്‌നിസും ഒരേ ദിശയിലാണ് റണ്ണിനു വേണ്ടി ഓടിയത്. ഒടുവില്‍ കൂട്ടിയിടിക്കുകയും ചെയ്തു. പിന്നാലെ സ്റ്റോയ്‌നിസ് റണ്ണൗട്ടുമാവുകയായിരുന്നു.
സ്‌റ്റോയ്‌നിസ് ക്രീസിലുണ്ടായിരുന്നെങ്കില്‍ ലക്ഷ്യത്തിലേക്കു കുറേക്കൂടി അടുക്കാന്‍ ലഖ്‌നൗവിനു സാധിച്ചേനെ. ദീപക് ഹൂഡയുടെ ബാറ്റിങ് വളരെ മോശമായിരുന്നു. 13 ബോളില്‍ നിന്നും 15 റണ്‍സോടെ സ്‌കോര്‍ ചെയ്യാന്‍ ശരിക്കും പാടുപെട്ട അദ്ദേഹത്തിനു എന്തു ചെയ്യണമെന്നു പോലും ധാരണയില്ലായിരുന്നു. ഈ മല്‍സരത്തില്‍ മൂന്നു റണ്ണൗട്ടുകളാണ് ലഖ്‌നൗ ഇന്നിങ്‌സില്‍ കണ്ടതെന്നും ഡാനിഷ് കനേരിയ വിശദീകരിച്ചു.