For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സ്വന്തം വിക്കറ്റടക്കം 3 റണ്ണൗട്ട്, ഹൂഡയെ അംബാനി വാങ്ങി? അക്കൗണ്ട് പരിശോധിക്കണം!

ഐപിഎല്‍ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള പോരാട്ടത്തില്‍ സ്വന്തം വിക്കറ്റുള്‍പ്പെടെ മൂന്നു റണ്ണൗട്ടുകളില്‍ പങ്കാളിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ദീപക് ഹൂഡയ്‌ക്കെതിരേ ആരാധകരോഷം. ഈ സീസണില്‍ ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായ ഹൂഡ അതിനു ചേര്‍ന്ന രീതിയിലാണ് സീസണ്‍ അവസാനിപ്പിക്കുകയും ചെയ്തത്. മുംബൈയോടു ലഖ്‌നൗ 81 റണ്‍സിന്റെ ദയനീയ പരാജയമേറ്റു വാങ്ങിയ കളിയില്‍ 13 ബോളില്‍ ഒരു സിക്‌സറടക്കം 15 റണ്‍സ് നേടി താരം റണ്ണൗട്ടാവുകയായിരുന്നു.

മല്‍സരത്തില്‍ ലഖ്‌നൗവിന്റെ ടോപ്‌സ്കോററായ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെ (40) റണ്ണൗട്ടാക്കിയ ഹൂഡ പിന്നാലെ കെ ഗൗതമിന്റെ (2) റണ്ണൗട്ടിലും പങ്കാളിയായി. അവസാനം സ്വന്തം വിക്കറ്റും റണ്ണൗട്ടിലൂടെ തന്നെ നഷ്ടപ്പെടുത്തി ക്രീസ് വിടുകയായിരുന്നു. ലഖ്‌നൗവിന്റെ പരാജയം ഇത്രത്തോളം ദയനീയമാവാന്‍ കാരണം ഈ മൂന്നു റണ്ണൗട്ടുകള്‍ തന്നെയായിരുന്നു.

RUNOUT

റണ്‍ചേസില്‍ ഏഴാമനായാണ് ദീപക് ഹൂഡ ക്രീസിലേക്കു വന്നത്. 10ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ ആകാശ് മധ്‌വാളിന്റെ പന്തില്‍ ഇഷാന്‍ കിഷന് ക്യാച്ച് സമ്മാനിച്ച് നിക്കോളാസ് പൂരന്‍ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിട്ടതോടെ ഹൂഡ ക്രീസിലേക്കു വരികയായിരുന്നു. ഹാട്രിക്ക് വിക്കറ്റ് ബോളായിരുന്നു താരം നേരിട്ടത്. പക്ഷെ മധ്‌വാളിനു ഹാട്രിക്ക് നിഷേധിച്ച് ആദ്യ ബോളില്‍ ഹൂഡ സിംഗിളെടുത്തു.

പിയൂഷ് ചൗളയെറിഞ്ഞ അടുത്ത ഓവറിലെ ആദ്യബോള്‍ ലോങ്ഓണിനു മുകളിലൂടെ ഹൂഡ സിക്‌സറിലേക്കും പറത്തി. അതിനു ശേഷം കാര്യമായ ഷോട്ടുകളൊന്നും താരത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല. കാമറൂണ്‍ ഗ്രീനെറിഞ്ഞ 12ാം ഓവറിലെ അഞ്ചാമത്തെ ബോളിലാണ് മാര്‍ക്കസ് സ്‌റ്റോയ്‌നിസ് റണ്ണൗട്ടായത്. സ്‌ട്രൈക്ക് നേരിട്ട സ്‌റ്റോയ്‌നിസ് ഡീപ്പ് മിഡ് വിക്കറ്റിലേക്കാണ് ഷോട്ട് കളിച്ചത്.

തുടര്‍ന്നു ഡബിളിനു ശ്രമിക്കുകയായിരുന്നു. സിംഗിള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഡബിളിനായി ഓടവെ സ്‌റ്റോയ്‌നിസിന്റെ അതേ ദിശയില്‍ ഹൂഡയും ഓടി. തുടര്‍ന്നു ഇരുവരും കൂട്ടിമുട്ടലിന്‍റെ വക്കിലുമെത്തി. പിന്നാലെ സ്‌റ്റോയ്‌നിസ് സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ഓടുമ്പോഴേക്കും ടിം ഡേവിഡിന്റെ ത്രോയില്‍ ഇഷാന്‍ കിഷന്‍ സ്റ്റംപിങ് നടത്തിക്കഴിഞ്ഞിരുന്നു.

കെ ഗൗതമാണ് തുടര്‍ന്നു ക്രീസിലേക്കു വന്നത്. പക്ഷെ മൂന്നു ബോളുകളുടെ ആയുസ് മാത്രമേ താരത്തിനുണ്ടായുള്ളൂ. പിയൂഷ് ചൗളയെറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ഗൗതവും റണ്ണൗട്ട്. ഇത്തവണ പക്ഷെ ദീപക് ഹൂഡയുടെ പിഴവിനേക്കാള്‍ ഗൗതമിന്റെ മണ്ടത്തരമാണ് വിക്കറ്റ് വീഴ്ചയ്ക്കു വഴിയൊരുക്കിയത്. സ്‌ട്രൈക്ക് നേരിട്ട ഗൗതം ബാക്ക്‌വേര്‍ഡ് പോയിന്റിലേക്കു ഷോട്ട് കളിക്കുകയായിരുന്നു.

എന്നാല്‍ കാമറൂണ്‍ ഗ്രീന്‍ ഇതു ഡൈവ് ചെയ്ത് തടുത്തിട്ടു. ഇതുകണ്ട ഗൗതം സിംഗിളിനായി മുതിരുകയായിരുന്നു. ക്രീസിന്റെ പകുതി വരെ ഓടിയ അദ്ദേഹത്തോടു നോണ്‍ സ്‌ട്രൈക്കറായ ഹൂഡ വേണ്ടെന്നു ആംഗ്യം കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ഗൗതം ക്രീസിലേക്കു തിരികെ ഓടുമ്പോഴേക്കും ഗ്രീന്‍ തടുത്തിട്ട ബോളില്‍ രോഹിത്തിന്റെ കിടിലന്‍ ത്രോ വിക്കറ്റുകളില്‍ പതിച്ചിരുന്നു. ഇതോടെ ഗൗതവും പുറത്ത്.

DEEPAK HOODA

15ാമത്തെ ഓവറിലാണ് ദീപക് ഹൂഡ റണ്ണൗട്ടാവുന്നത്. ആകാശ് മധ്വാളെറിഞ്ഞ ഓവറിലെ അഞ്ചാമത്തെ പന്തില്‍ സ്‌ട്രൈക്ക് നേരിട്ടത് നവീനുല്‍ ഹഖ്. ബാക്ക്‌വേര്‍ഡ് പോയിന്റിലേക്കു ഷോട്ട് കളിച്ച ശേഷം സിംഗിളിനായി ഹൂഡയോടു നവീന്‍ ആംഗ്യം കാണിക്കുന്നു. ഹൂഡ സിംഗിളിനായി ഓടവെ അല്‍പ്പം മുന്നിലേക്കു വന്ന ശേഷം നവീന്‍ ക്രീസിലേക്കു തിരികെയോടുകയായിരുന്നു.

ഇതിനിടെ ബോള്‍ ഗ്രീന്‍ തടുത്തിടുകയും ബോള്‍ ഉടന്‍ തന്നെ രോഹിത് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു ത്രോയും ചെയ്തു. ഈ സമയത്തു നവീനും ഹൂഡയും എതിര്‍ ക്രീസിലായിരുന്നു. നവീന്‍ രക്ഷപ്പെട്ടപ്പോള്‍ ഹൂഡ റണ്ണൗട്ടാവുകയും ചെയ്തു.

ഇതിനു ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ദീപക് ഹൂഡയ്ക്കു വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നത്. ദീപക് ഹൂഡയെ അംബാനി വിലയ്ക്കു വാങ്ങിയതാണ്. താരത്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കണം. സ്വന്തം വിക്കറ്റുള്‍പ്പെടെ മൂന്നു വിക്കറ്റുകളാണ് ഹൂഡ റണ്ണൗട്ടിലൂടെ മുംബൈ ഇന്ത്യന്‍സിനു ദാനം ചെയ്തത്. താരത്തെ വിലക്കണമെന്നും ആരാധകര്‍ ആഞ്ഞടിച്ചു.

എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെ വിജയിപ്പിക്കാന്‍ ദീപക് ഹൂഡ ഒരുപാട് പണം കൈപ്പറ്റിയിട്ടുണ്ട്. താരമുള്‍പ്പെട്ട റണ്ണൗട്ടുകള്‍ സംശയാസ്പദമാണ്. ഒത്തുകളിക്കാന്‍ മുംബൈ എത്ര തുകയാണ് ഓഫര്‍ ചെയ്തത്?

സ്വന്തം ടീമിനെതിരേ ദീപക് ഹൂഡ എലിമിനേറ്ററില്‍ മൂന്നു വിക്കറ്റുകളെടുത്തിരിക്കുകയാണ്. ഇതിനേക്കാള്‍ നന്നായിട്ട് മുംബൈ ഇന്ത്യന്‍സിനെ എങ്ങനെയാണ് അദ്ദേഹത്തിനു സഹായിക്കാന്‍ സാധിക്കുകയെന്നും ആരാധകര്‍ ചോദിക്കുന്നു.

Story first published: Thursday, May 25, 2023, 8:39 [IST]
Other articles published on May 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+