മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനവുമായി വെങ്കടേഷ് അയ്യര്‍. മൂന്നാമനായെത്തിയാണ് ഇടം കൈയന്‍ താരം തകര്‍പ്പന്‍ സെഞ്ച്വറി അടിച്ചെടുത്തത്. വെങ്കടേശഷിന്റെ ടി20യിലെ ആദ്യ സെഞ്ച്വറി പ്രകടനമാണിത്. 51 പന്ത് നേരിട്ട താരം 6 ഫോറും 9 സിക്‌സും ഉള്‍പ്പെടെ 104 റണ്‍സുമായാണ് പുറത്തായത്. 203.92 സ്‌ട്രൈക്കറേറ്റിലാണ് വെങ്കടേഷ് വെടിക്കെട്ട് നടത്തിയത്.
തുടക്കം മുതല്‍ തല്ലിത്തകര്‍ത്ത വെങ്കടേഷ് സെഞ്ച്വറിയോടടുക്കവെ മെല്ലപ്പോക്ക് നടത്തിയില്ലായിരുന്നെങ്കില്‍ 40 പന്തിനുള്ളില്‍ സെഞ്ച്വറിയിലേക്കെത്താന്‍ വെങ്കടേഷിന് സാധിക്കുമായിരുന്നു. അവസാന സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട വെങ്കടേഷ് ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുംബൈക്കെതിരായ സെഞ്ച്വറി പ്രകടനത്തോടെ തകര്‍പ്പന്‍ റെക്കോഡുകളും വെങ്കടേഷ് നേടിയെടുത്തിരിക്കുകയാണ്.

പ്രഥമ ഐപിഎല്‍ സീസണിന്റെ അരങ്ങേറ്റ മത്സരത്തില്‍ കെകെആറിനായി ബ്രണ്ടന്‍ മക്കല്ലം നേടിയ സെഞ്ച്വറിക്ക് ശേഷം കെകെആര്‍ താരം നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. 15 വര്‍ഷ കാലയളവില്‍ പല പ്രമുഖരും കെകെആറിനായി കളിച്ചെങ്കിലും ഇത്തരമൊരു നേട്ടത്തിലേക്കെത്താന്‍ വെങ്കടേഷിന് മാത്രമാണ് സാധിച്ചിരിക്കുന്നത്. ഈ സീസണില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് വെങ്കടേഷ്.
ഈ സീസണില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരവും. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഹാരി ബ്രൂക്ക് സെഞ്ച്വറി പ്രകടനം നടത്തിയിരുന്നു. സെഞ്ച്വറി പ്രകടനത്തോടെ ശിഖര്‍ ധവാനെ മറികടന്ന് ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടത്തില്‍ തലപ്പത്തേക്കെത്താനും വെങ്കടേഷിനായി. 5 മത്സരത്തില്‍ നിന്ന് 58.50 ശരാശരിയില്‍ 234 റണ്‍സാണ് വെങ്കടേഷിന്റെ പേരിലുള്ളത്.

തന്റെ ഉയര്‍ന്ന കായിക ക്ഷമതയെ കളത്തില്‍ നന്നായി ഉപയോഗപ്പെടുത്തുന്ന താരമാണ് വെങ്കടേഷ്. അനായാസമായി സിക്‌സര്‍ പറത്താന്‍ വെങ്കടേഷിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ സിക്‌സറിലും അദ്ദേഹം ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഐപിഎല്‍ ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ പറത്തുന്ന ഇന്ത്യക്കാരുടെ റെക്കോഡില്‍ മൂന്നാം സ്ഥാനത്തേക്കെത്താന്‍ വെങ്കടേഷിന് സാധിച്ചിരിക്കുകയാണ്.
11 തവണ ഈ നേട്ടത്തിലെത്തിയ മുരളി വിജയിയാണ് തലപ്പത്ത്. 10 തവണ നവീതം ഈ നേട്ടത്തിലെത്തിയ സഞ്ജു സാംസണും ശ്രേയസ് അയ്യരും രണ്ടാം സ്ഥാനത്താണ്. 9 സിക്‌സുകളുമായി യുവരാജ് സിങ്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, റോബിന്‍ ഉത്തപ്പ, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരോടൊപ്പം മൂന്നാം സ്ഥാനത്തേക്കെത്താന്‍ വെങ്കടേഷിന് സാധിച്ചിരിക്കുകയാണ്.
വെങ്കടേഷിന്റെ പ്രകടനത്തെ ആരാധകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വാഴ്ത്തുകയാണ്. 5476 ദിവസങ്ങള്‍ക്ക് ശേഷമാണ് കെകെആറിനായി ഒരു താരം സെഞ്ച്വറി നേടുന്നത്. രണ്ട് തവണ കപ്പിലേക്കെത്താന്‍ സാധിച്ചിട്ടും മക്കല്ലത്തിന് ശേഷം ഒരു സെഞ്ച്വറി നേടാന്‍ ആളില്ലാതെ പോയത് കെകെആറിനെ സംബന്ധിച്ച് വലിയ നാണക്കേടായി മാറിയിരുന്നു. ഇപ്പോള്‍ വെങ്കടേഷിലൂടെ അതിന് അവസാനം കണ്ടിരിക്കുകയാണ്.

കെകെആറിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍ 21 റണ്‍സ് നേടിയ ആന്‍ഡ്രേ റസലാണെന്നത് വെങ്കടേഷിന്റെ പ്രകടനം എത്രത്തോളം മികച്ചതാണെന്ന് എടുത്തുകാട്ടുന്നതാണ്. ഐപിഎല്ലില്‍ വലിയ ബൗളിങ് റെക്കോഡുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ വെങ്കടേഷ് സെഞ്ച്വറി നേടിയതോടെ മറ്റൊരു നാണക്കേടിലേക്ക് മുംബൈ എത്തിയിരിക്കുന്നു.
കൂടുതല്‍ സെഞ്ച്വറി വഴങ്ങുന്ന രണ്ടാമത്തെ ടീമെന്ന നാണക്കേടിലേക്ക് മുംബെ എത്തിയിരിക്കുകയാണ്. ഇത് 10ാം തവണയാണ് മുംബൈക്കെതിരേ ഒരു താരം സെഞ്ച്വറി നേടുന്നത്. 11 തവണ സെഞ്ച്വറി വഴങ്ങിയ കെകെആര്‍ ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുകയാണ്. ഈ സീസണില്‍ ഗംഭീര പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയാവും വെങ്കടേഷിന്റെ ലക്ഷ്യം.