അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ആദ്യത്തെ 10 ഓവറുകള്‍ക്ക് ശേഷം ടോപ് ഗിയറില്‍ ബാറ്റ് ചെയ്യുന്ന ഗുജറാത്തിനെതിരേ മുംബൈ ബൗളര്‍മാര്‍ തല്ലുവാങ്ങിയപ്പോള്‍ രൂക്ഷ വിമര്‍ശനം നേരിടുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ.
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മികച്ച പ്രകടനം നടത്തിയിട്ടും നാല് ഓവര്‍ പൂര്‍ത്തിയാക്കാനുള്ള അവസരം രോഹിത് ശര്‍മ നല്‍കാത്തതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. മുംബൈയുടെ മറ്റ് ബൗളര്‍മാരെല്ലാം തല്ലുകൊണ്ടപ്പോഴും അര്‍ജുന്‍ മികവ് കാട്ടി. എന്നാല്‍ അര്‍ജുനില്‍ രോഹിത്തിന് വിശ്വാസമില്ലാത്തതിനാല്‍ ഡെത്ത് ഓവറില്‍ മാറ്റിനിര്‍ത്തുകയായിരുന്നു.

അവസാന മത്സത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ 31 റണ്‍സ് വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് അര്‍ജുന്‍ ഗുജറാത്തിനെതിരേ ഇറങ്ങിയത്. പവര്‍പ്ലേയില്‍ രണ്ടോവറെറിഞ്ഞ അര്‍ജുന്‍ ഒമ്പത് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. വൃദ്ധിമാന്‍ സാഹയുടെ നിര്‍ണ്ണായക വിക്കറ്റും അര്‍ജുന്‍ നേടി. എന്നാല്‍ പിന്നീട് ഒരു ഓവര്‍ പോലും അര്‍ജുന് ലഭിച്ചില്ല. ബാക്കിയുള്ള ബൗളര്‍മാരെല്ലാം തല്ലുവാങ്ങിയിട്ടും എന്തുകൊണ്ടാണ് അര്‍ജുനെ പരിഗണിക്കാത്തെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
റില്ലി മെറീഡത്ത് നാല് ഓവറില്‍ 49 റണ്‍സ് വഴങ്ങിയപ്പോള്‍ ജേസന്‍ ബെഹറന്‍ഡോര്‍ഫ് നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി. കുമാര്‍ കാര്‍ത്തികേയ നാല് ഓവറില്‍ 39 റണ്‍സാണ് വിട്ടുകൊടുത്തത്. പവര്‍പ്ലേയില്‍ മികച്ച ഇക്കോണമിയില്‍ പന്തെറിഞ്ഞിട്ടും അര്‍ജുനെ തഴയാനുള്ള രോഹിത്തിന്റെ തീരുമാനം താരത്തിന്റെ കഴിവിനെ അപമാനിക്കുന്നതാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
കാമറൂണ്‍ ഗ്രീനിന് രോഹിത് രണ്ടാമത് പന്ത് നല്‍കാന്‍ തീരുമാനിച്ചത് മണ്ടന്‍ തീരുമാനമായെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. 18ാം ഓവര്‍ എറിയാനെത്തിയ ഗ്രീന്‍ 22 റണ്‍സാണ് വഴങ്ങിയത്. മൂന്ന് സിക്‌സുകള്‍ ഈ ഓവര്‍ താരം വിട്ടുകൊടുത്തു. ആദ്യ ഓവറില്‍ 17 റണ്‍സ് വഴങ്ങിയ ഗ്രീനിന് രണ്ടാമതും ഓവര്‍ നല്‍കിയ രോഹിത് എന്തുകൊണ്ടാണ് അര്‍ജുന് പന്ത് നല്‍കാത്തതെന്നത് പ്രസക്തമായ ചോദ്യം.
ഫീല്‍ഡിങ്ങിനിടെ അര്‍ജുന്റെ കാലില്‍ പന്ത് തട്ടിയിരുന്നു. എന്നാല്‍ ഇത് പരിക്കിന് കാരണമായില്ല. അര്‍ജുന്‍ തുടര്‍ന്നും ഫീല്‍ഡ് ചെയ്തിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് രോഹിത് അര്‍ജുന് മുഴുവന്‍ ഓവര്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തതെന്നത് മുംബൈ നായകന് മാത്രം അറിയാവുന്ന കാരണം. ഡെത്ത് ഓവറില്‍ അര്‍ജുനെ വിശ്വാസമില്ലെങ്കില്‍ പവര്‍പ്ലേയില്‍ മൂന്നോവര്‍ നല്‍കാമായിരുന്നു.
മികച്ച താളത്തില്‍ നിന്ന അര്‍ജുന് പവര്‍പ്ലേയില്‍ വിക്കറ്റ് നേടാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഡെത്ത് ഓവറിലേക്ക് പരിഗണിക്കുന്നത് സാഹസികമാണെങ്കില്‍ മധ്യ ഓവറിലെങ്കിലും അര്‍ജുന് അവസരം നല്‍കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. മറ്റ് ബൗളര്‍മാര്‍ നന്നായി റണ്‍സ് വിട്ടുകൊടുക്കുന്ന അവസരത്തിലും അര്‍ജുനെ തഴഞ്ഞത് രോഹിത്തിന്റെ തലക്ക് മുകളില്‍ വലിയ ചോദ്യമായി ഉയരും.

ഡെത്ത് ഓവറില്‍ മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ്. 16 ഓവറിന് ശേഷം ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ കടന്നാക്രമിച്ചു. 17ാം ഓവര്‍ എറിഞ്ഞ റില്ലി മെറീഡത്തിനെതിരേ 13 റണ്‍സാണ് ഗുജറാത്ത് നേടിയത്. 18ാം ഓവര്‍ കാമറൂണ്‍ ഗ്രീനിനെ രോഹിത് പന്തേല്‍പ്പിച്ചപ്പോള്‍ 12 റണ്‍സ് നേടി ഗുജറാത്തത് നന്നായി മുതലാക്കി.
19ാം ഓവര്‍ റില്ലി മെറീഡത്ത് വീണ്ടുമെത്തിയപ്പോള്‍ 19 റണ്‍സാണ് പിറന്നത്. ഓവറില്‍ മൂന്ന് സിക്‌സാണ് ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ അടിച്ചെടുത്തത്. ജേസന്‍ ബെഹറന്‍ഡോര്‍ഫ് അവസാന ഓവറില്‍ രണ്ട് സിക്‌സറടക്കം 14 റണ്‍സും വിട്ടുകൊടുത്തു. മുംബൈയുടെ ബൗളിങ് നിരയുടെ എല്ലാ ദൗര്‍ബല്യവും തുറന്ന് കാട്ടുന്നതാണ് ഇന്നത്തെ മത്സരം. പഞ്ചാബ് കിങ്‌സിനോടും ഇതേ പോലെ മുംബൈ ബൗളര്‍മാര്‍ തല്ലുവാങ്ങിയിരുന്നു.
ജസ്പ്രീത് ബുംറയുടെ അഭാവവും ജോഫ്രാ ആര്‍ച്ചറിന്റെ തുടര്‍ പരിക്കുകയും മുംബൈയെ കാര്യമായി ബാധിക്കുന്നു. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കാന്‍ ഇപ്പോള്‍ ബൗളര്‍മാരില്ല. അര്‍ജുനും മെറീഡത്തും ബെഹറന്‍ഡോര്‍ഫുമെല്ലാം തല്ലുകൊള്ളി ബൗളര്‍മാര്‍. ഇവരെയൊന്നും വിശ്വസ്തരെന്ന് വിളിക്കാനാവില്ല.