ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ മലയാളി വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദിന്റെ തകര്‍പ്പന്‍ ബാറ്റിങ് കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരേ കവര്‍ ഏരിയയിലൂടെ വിഷ്ണു പായിച്ച സിക്‌സര്‍ കണ്ട് കമന്റേറ്റര്‍മാരായ സഞ്ജയ് മഞ്ജരേക്കര്‍, കെവിന്‍ പീറ്റേഴ്‌സന്‍, രവി ശാസ്ത്രി എന്നിവരടക്കമുള്ളവര്‍ ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.
നിങ്ങള്‍ ശരിക്കും ആരാണെന്നും ഇത്ര നാള്‍ എവിടെ ആയിരുന്നുവെന്നും മറ്റുമാണ് താരത്തിന്റെ ബാറ്റിങ് കണ്ട ശേഷം ഇവരുടെ പ്രതികരണം. 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവിനൊപ്പം അതേ ശൈലിയില്‍ തകര്‍ത്തുകളിച്ച വിഷ്ണു 20 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം 30 റണ്‍സെടുത്ത് മടങ്ങുകയായിരുന്നു. അടുത്ത മല്‍സരത്തിലും തനിക്ക് ഉറപ്പായും മുംബൈ ഇലവനില്‍ സ്ഥാനം ലഭിക്കുമെന്നു ഉറപ്പിക്കുന്നതായിരുന്നു വിഷ്ണുവിന്റെ പ്രകടനം.

മലയാളികളെയും ക്രിക്കറ്റിനെ വളരെ ഗഗൗരവമായി പിന്തുടരുകയും ചെയ്യുന്നവരെയും സംബന്ധിച്ചിടത്തോളം അപരിചിതനല്ല പത്തനംതിട്ടയിലെ ചെങ്ങന്നൂരുകാരനായ വിഷ്ണു വിനോദ്. കാരണം കേരളത്തിനു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും ഇതിനകം കാഴ്്ചവയ്ക്കാന്‍ ഈ 29 കാരനായിട്ടുണ്ട്. പക്ഷെ മറ്റൊരു വിക്കറ്റ് കീപ്പറും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിലേക്കു എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചതോടെ വിഷ്ണു ഒതുക്കപ്പെട്ടുവെന്നു തന്നെ പറയാം.
ഐപിഎല്ലില്‍ വിഷ്ണു വിനോദിന്റെ ആദ്യ ഫ്രാഞ്ചൈസിയല്ല മുംബൈ ഇന്ത്യന്‍സ്. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളുടെ ഭാഗമാവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 2017ലായിരുന്നു വിഷ്ണു അവസാനമായി ഐപിഎല്ലില്‍ ഒരു മല്‍സരം കളിച്ചത്.
സീസണില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നായി 19 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുളളൂ. പരിക്കേറ്റ കെഎല്‍ രാഹുലിനു പകരമായിരുന്നു വിഷ്ണുവിനെ ആര്‍സിബി ടീമിലെത്തിച്ചത്. താരം നേരത്തേ കളിച്ചിട്ടുള്ള ഏക ടീമും ആര്‍സിബിയാണ്. അതിനു ശേഷമുള്ള 2018, 2019, 2020 വര്‍ഷങ്ങളിലെ ലേലത്തില്‍ വിഷ്ണുവിനെ ആരും വാങ്ങിയില്ല.
2021ലെ ലേലത്തില്‍ താരത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങിയെങ്കിലും ഒരു മല്‍സരം പോലും കളിപ്പിച്ചില്ല. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട വിഷ്ണുവിനെ 2022ലെ സീസണിനു മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങി. പക്ഷെ അവിടെയും അവസരം കിട്ടാതെ താരം തഴയപ്പെട്ടു. ഒടുവില്‍ കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന മിനി താരലേലത്തില്‍ അടിസ്ഥാന വിലയ്ക്കു വിഷ്ണുവിനെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു.

2014ലായിരുന്നു കേരളത്തിനായി വിഷ്ണു പ്രൊഫഷണല്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. ലിസ്റ്റ് എ, ടി20 ഫോര്‍മാറ്റുകളിലായിരുന്നു താരം തുടക്കത്തില്‍ കളിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2016ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും വിഷ്ണു അരങ്ങേറി. വിക്കറ്റ് കീപ്പറായിരുന്നിട്ടും കേരള ടീമില്‍ സഞ്ജു സാംസണുള്ളതിനാല്‍ ഈ റോളില്‍ താരത്തിനു തന്റെ സ്ഥാനത്തിനായി പോരടിക്കേണ്ടി വന്നു. ഒടുവില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളില്‍ വിഷ്ണുവിനു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.
കേരളത്തിനായി ബാറ്റിങില്‍ വ്യത്യസ്ത പൊസിഷനുകളില്‍ വിഷ്ണു വിനോദ് കളിച്ചിട്ടുണ്ട്. ഓപ്പണറായി ഒരുപാട് മല്‍സരങ്ങളില്‍ ഇറങ്ങിയ അദ്ദേഹം മധ്യനിരയിലും ബാറ്റ് ചെയ്തു. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഫിനിഷറായും മിന്നുന്ന പ്രകടനം നടത്താന്‍ വിഷ്ണുവിനായിട്ടുണ്ട്. കേരളത്തിനു വേണ്ടി 23 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളും 46 ലിസ്റ്റ് എ മല്‍സരങ്ങളും 50 ടി20കളുമാണ് താരം ഇതുവരെ കളിച്ചത്.
ലിസ്റ്റ് എയില്‍ 40 ബാറ്റിങ് ശരാശരിയുള്ള വിഷ്ണുവിന്റെ ടി20യിലെ സ്‌ട്രൈക്ക് റേറ്റ് 138 ആണ്. വൈറ്റ് ബോള്‍ ക്രിക്കറ്റിനു വളരെയധികം യോജിച്ച താരമാണ് താനെന്നു ഈ സ്‌ട്രൈക്ക് റേറ്റിലൂടെ അദ്ദേഹം തെളിയിക്കുകയും ചെയ്യുന്നു. വിജയ് ഹസാരെ ട്രോഫിയിലും ചില മികച്ച പ്രകടനങ്ങള്‍ വിഷ്ണു കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ ഡിവൈ പാട്ടീല്‍ ടി20 കപ്പിലും താരം തിളങ്ങിയിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 186 റണ്‍സായിരുന്നു. 47 ബോളില്‍ 91 റണ്‍സ് അടിച്ചെടുത്തതായിരുന്നു ഏറ്റവും മികച്ച പ്രകടനം.