ഐപിഎല്ലില്‍ അവിശ്വസനീയ ഇന്നിങ്‌സിലൂടെ ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് റണ്‍മെഷീന്‍ സൂര്യകുമാര്‍ യാദവ്. നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്റെ പേരുകേട്ട ബൗളിങ് നിരയെ സൂര്യ ചാമ്പലാക്കുകയായിരുന്നു.
വാംഖഡെയിലെ സൂപ്പര്‍ പോരാട്ടത്തില്‍ ജിടിക്കെതിരേ കന്നി സെഞ്ച്വറിയാണ് സ്‌കൈ കുറിച്ചത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ അദ്ദേഹം 49 ബോളില്‍ പുറത്താവാതെ 103 റണ്‍സ് വാരിക്കൂട്ടുകയായിരുന്നു. 11 ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു സൂര്യയുടെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സ്.

മുംബൈയുടെ 16 ഓവറുകള്‍ കഴിയുമ്പോള്‍ സൂര്യ നേടിയത് 31 ബോളുകളില്‍ 47 റണ്‍സായിരുന്നു. സ്‌കോര്‍ ബോര്‍ഡിലാവട്ടെ നാലു വിക്കറ്റിനു 153 റണ്‍സാണുണ്ടായിരുന്നത്. റാഷിദ് ഖാനെറിഞ്ഞ 17ാം ഓവറില്‍ 11 റണ്‍സാണ് മുംബൈയ്ക്കു നേടാനായത്. സൂര്യയുടെ അക്കൗണ്ടില്‍ അപ്പോള്‍ 34 ബോളില്‍ 53 റണ്‍സ്. തുടര്‍ന്നുള്ള മൂന്നോവറില്‍ സൂര്യയുടെ 'കൊലവിളി' തന്നെയായിരുന്നു അക്ഷരാര്‍ഥത്തില്‍ കണ്ടത്. മോഹിത് ശര്‍മയെറിഞ്ഞ 18ാം ഓവറില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 20 റണ്‍സ് സൂര്യ വാരിക്കൂട്ടി.
19ാം ഓവര്‍ പരിചയസമ്പന്നനായ മുഹമ്മദ് ഷമിക്കായിരുന്നു. പക്ഷെ ഷമിയെയും സൂര്യ പഞ്ഞിക്കിട്ടു. ഈ ഓവറില്‍ മുംബൈയ്ക്കു ലഭിച്ചത് 17 റണ്‍സ്. രണ്ടു ഫോറും ഒരു സിക്‌സറും സൂര്യ പറത്തി. ഇതോടെ അദ്ദേഹത്തിന്റെ സ്‌കോര്‍ 44 ബോളില്‍ 88 റണ്‍സിലെത്തി. അപ്പോഴും സൂര്യ സെഞ്ച്വറി തികയ്ക്കുമെന്നു ആരും കരുതിയില്ല.
കാരണം ഇന്നിങ്‌സില്‍ അപ്പോള്‍ ബാക്കിയുണ്ടായിരുന്നത് ആറു ബോള്‍ മാത്രം. 20ാം ഓവര്‍ അല്‍സാറി ജോസഫിനായിരുന്നു. ഈ ഓവറിലും മുംബൈ 17 റണ്‍സ് വാരിക്കൂട്ടി. നാലാമത്തെ ബോളില്‍ സൂര്യ സിക്‌സര്‍ പറത്തി. 97 റണ്‍സില്‍ നില്‍ക്കെയാണ് അദ്ദേഹം അവസാന ബോള്‍ നേരിട്ടത്. സ്‌ക്വയര്‍ ലെഗ് ബൗണ്ടറിക്കു മുകളിലൂടെ സിക്‌സര്‍ പായിച്ച് സൂര്യ അര്‍ഹിച്ച സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു.

ഈ സീസണിന്റെ തുടക്കത്തില്‍ അത്ര മികച്ച ഫോമില്‍ ആയിരുന്നില്ലെങ്കിലും ഇപ്പോള്‍ തന്റെ കരിയര്‍ ബെസ്റ്റ് ഫോമിലേക്കു സൂര്യ തിരികെയെത്തിക്കഴിഞ്ഞു. ഫോമിലെത്തിയാല്‍ തന്നെ പുറത്താക്കുകയെന്നതു അസാധ്യം തന്നെയാണെന്നു ഒരിക്കല്‍ക്കൂടി അടിവരയിടുന്നതായിരുന്നു ഈ മല്‍സരത്തിലെ പ്രകടനം. അവസാനമായി കളിച്ച ഏഴ് ഇന്നിങ്‌സുകളില്‍ നാലിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ സൂര്യ അഞ്ചാമത്തേതില്‍ അതു സെഞ്ച്വറിയാക്കി മാറ്റിയിരിക്കുകയാണ്. 57 (26 ബോള്‍), 23 (12), 55 (29), 66 (31), 26 (22), 83 (35), 103* (49) എന്നിങ്ങനെയാണ് സ്‌കോറുകള്‍.