Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ചാംപ്യന്‍മാരെ ചാമ്പലാക്കി സൂര്യ! മുംബൈയ്ക്കു മിന്നും ജയം, പ്ലേഓഫ് പ്രതീക്ഷ കാത്തു

മുംബൈ: സൂര്യകുമാര്‍ യാദവ് വാംഖഡെയില്‍ ഉദിച്ചുയര്‍ന്നപ്പോള്‍ ചാംപ്യന്‍മാര്‍ ചാമ്പലായി. ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനെ മുംബൈ ഇന്ത്യന്‍സ് നാണംകെടുത്തി. മുംബൈ പടുത്തുയര്‍ത്തിയ റണ്‍മലയ്ക്കു മുന്നില്‍ പകച്ചുപോയ ജിടി 27 റണ്‍സിന്റെ പരാജയം സമ്മതിക്കുകയായിരുന്നു. സൂര്യയുടെ (49 ബോളില്‍ 103*) വണ്‍മാന്‍ ഷോയുടെ കരുത്തില്‍ 219 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ജിടിക്കു മുംബൈ നല്‍കിയത്. റണ്‍ചേസ് എളുപ്പമായ പിച്ചില്‍ ജിടി ഇതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.

പക്ഷെ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് മുംബൈ പുറത്തെടുത്തപ്പോള്‍ ജിടി ബാ്ക്ക്ഫൂട്ടിലായി. റണ്‍ചേസില്‍ ജിടി ഒരു ഘട്ടത്തില്‍പ്പോലും ചിത്രത്തില്‍ ഇല്ലായിരുന്നു. പവര്‍പ്ലേയില്‍ തന്നെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായ മുംബൈ എട്ടോവറില്‍ അഞ്ചിനു 55ലേക്കു കൂപ്പുകുത്തി.

പിന്നീടൊരു തിരിച്ചുവരവ് ജിടിക്കു അസാധ്യമായിരുന്നു. എങ്കിലും വാലറ്റത്ത് റാഷിദ് ഖാന്റെ (79*) കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് ജിടിയുടെ മാനംകാത്തു. 32 ബോളില്‍ 10 സിക്‌സറും മൂന്നു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

SURYAKUMAR YADAV

ഡേവിഡ് മില്ലറാണ് (41) മറ്റൊരു പ്രധാന സ്‌കോറര്‍. വിജയ് ശങ്കര്‍ 29 റണ്‍സിനും പുറത്തായി. ഒരു ഘട്ടത്തില്‍ എട്ടിന് 100 റണ്‍സെന്ന പരിതാപകരമായ അവസ്ഥലിയാരുന്നു ജിടി. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ അല്‍സാറി ജോസഫിനെ (7) കാഴ്ചക്കാരനാക്കി നിര്‍ത്തി 88 റണ്‍സ് റാഷിദ് കൂട്ടിച്ചേര്‍ത്തു. ഇതോടെ ജിടി എട്ടു വിക്കറ്റിനു 191 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു. സ്‌കോര്‍: മുംബൈ അഞ്ചിനു 218, ജിടി 8ന് 191.

മുംബൈയ്ക്കായി ആകാസ് മധ്വാള്‍ മൂന്നും പിയൂഷ് ചൗളയും കുമാര്‍ കാര്‍ത്തികേയയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഈ മല്‍സരം ജയിച്ചിരുന്നെങ്കില്‍ പ്ലേഓഫിലെത്തുന്ന ആദ്യ ടീമായി ജിടി മാറുമായിരുന്നു. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നിലെങ്കിലും ജയിച്ചാല്‍ മാത്രമേ അവര്‍ക്കു ഇനി പ്ലേഓഫിലെത്താന്‍ സാധിക്കൂ. മുംബൈയാവട്ടെ പ്ലേഓഫ് സാധ്യതകള്‍ ഈ മല്‍സരത്തിലൂടെ കൂടുതല്‍ സജീവമാക്കുകയും ചെയ്തിരിക്കുകയാണ്.

നേരത്തേ അഞ്ചു വിക്കറ്റ് മുംബൈ 218 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. സൂര്യകുമാര്‍ യാദവിന്റെ മാജിക്കല്‍ ഇന്നിങ്‌സായിരുന്നു ഈ മല്‍സരത്തില്‍ ഇരുടീമുകളെയും വേറിട്ടു നിര്‍ത്തിയത്. ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായ ബൗളിങ് നിരയുള്ള ജിടിയെ സൂര്യ അക്ഷരാര്‍ഥത്തില്‍ കശാപ്പ് ചെയ്യുകയായിരുന്നു.

MI CELEBRATES

വെറും 49 ബോളുകളിലാണ് അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം. സൂര്യയുടെ കന്നി ഐപിഎല്‍ സെഞ്ച്വറി കൂടിയാണിത്. 11 ഫോറും ആറു സിക്‌സറുകളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇഷാന്‍ കിഷന്‍ 31, മലയാളി താരം വിഷ്ണു വിനോദ് 30, ക്യാപ്റ്റന്‍ രോഹിത് ശര്‍മ 29 എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട മുംബൈയ്ക്കു തകര്‍പ്പന്‍ തുടക്കമായിരുന്നു രോഹിത്- ഇഷാന്‍ സഖ്യം നല്‍കിയത്. പവര്‍പ്ലേ ആനുകൂല്യം നന്നായി മുതലെടുത്ത ഇരുവരും ജിടിയുടെ ന്യൂബോള്‍ ബൗളര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. മുന്‍ മല്‍സരങ്ങളിലെല്ലാം ജിടിക്കായി പവര്‍പ്ലേയില്‍ രണ്ടാം ഓവര്‍ എറിഞ്ഞിട്ടുള്ള ജിടി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പവര്‍പ്ലേയില്‍ മാത്രമല്ല കളിയിലുടനീളം ഒരോവര്‍ പോലും ബൗള്‍ ചെയ്തില്ല. ഓപ്പണിങ് വിക്കറ്റില്‍ 37 ബോളില്‍ 61 റണ്‍സാണ് രോഹിത്- ഇഷാന്‍ ജോടി നേടിയത്.

ഏഴാം ഓവറില്‍ രോഹിത്തിനെയും ഇഷാനെയും പുറത്താക്കി റാഷിദ് ഖാന്‍ മുംബൈയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നു. 18 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ച രോഹിത്തിനെ രാഹുല്‍ തെവാത്തിയ പിടികൂടി. 20 ബോളില്‍ നാലു ഫോറും ഒരു സിക്‌സറും പറത്തിയ ഇഷാനെ റാഷിദ് വിക്കറ്റിനു മുന്നിലും കുരുക്കുകയായിരുന്നു.

VISHNU VINOD

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റിയടിച്ച വദേരയ്ക്കു കാര്യമായ സംഭാവന നല്‍കാനായില്ല. റാഷിദിനു തന്നെയായിരുന്നു ഈ വിക്കറ്റും. എന്നാല്‍ സൂര്യക്കു കൂട്ടായി അഞ്ചാമനായി വിഷ്ണു ക്രീസിലെത്തിയതോടെ മുംബൈ പിടിമുറുക്കി. ഈ സഖ്യമാണ് മല്‍സരം ജിടിയില്‍ നിന്നും തട്ടിയകറ്റിയത്. 65 റണ്‍സ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തു. ഇതോടെ മുംബൈയുടെ ടോട്ടല്‍ 150 കടന്നു.
20 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടിച്ച വിഷ്ണുവിനെ മോഹിത്തിന്റെ ബൗളിങില്‍ അഭിനവ് പിടികൂടി.

ടിം ഡേവിഡ് (5) പെട്ടെന്നു മടങ്ങിയപ്പോള്‍ മുംബൈയുടെ ഫിനിഷിങ് പാളുമെന്നു കരുതിയിരുന്നു. പക്ഷെ സൂര്യയുടെ അവിശ്വസനീയ ഇന്നിങ്‌സ് മുംബൈയെ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ടോട്ടലില്‍ എത്തിക്കുകയായിരുന്നു.

ജിടിക്കായി റാഷിദ് ഖാന്‍ നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ മോഹിത് ശര്‍മയ്ക്കു ഒരു വിക്കറ്റും ലഭിച്ചു. ഷമി നാലോവറില്‍ 53ഉം അല്‍സാറി ജോസഫ് നാലോവറില്‍ 53 റണ്‍സുമാണ് വിട്ടുകൊടുത്തത്. ടോസിനു ശേഷം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, നെഹാല്‍ വദേര, വിഷ്ണു വിനോദ്, ക്രിസ് ജോര്‍ഡന്‍, പിയൂഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, ജേസണ്‍ ബെറന്‍ഡോര്‍ഫ്.

ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി.

Story first published: Friday, May 12, 2023, 12:34 [IST]
Other articles published on May 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+