അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 62 റണ്‍സിന് തോറ്റാണ് മുംബൈ മടക്ക ടിക്കറ്റ് വാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് നേടിയപ്പോള്‍ മുംബൈ 18.2 ഓവറില്‍ 171 റണ്‍സില്‍ ഓള്‍ഔട്ടായി.
മത്സരത്തില്‍ മുംബൈയുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചത് ശുബ്മാന്‍ ഗില്ലാണ്. താരത്തിന്റെ 129 റണ്‍സ് പ്രകടനമാണ് ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മത്സര ശേഷം ശുബ്മാന്‍ ഗില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോടും മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറോടും സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. സച്ചിന്റെ മകള്‍ സാറാ ടെണ്ടുല്‍ക്കറുമായി ശുബ്മാന്‍ ഗില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുണ്ട്.

അതുകൊണ്ട് തന്നെ ഗില്‍ സച്ചിനും അര്‍ജുനുമൊപ്പമുള്ള ചിത്രങ്ങള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍. ശുബ്മാന്‍ ഗില്‍ ചെയ്തത് ചതിയാണെന്നാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ പറയുന്നത്. സാറയെക്കുറിച്ച് ശുബ്മാന്‍ ഓര്‍ത്തില്ലെന്നും അങ്ങനെയായിരുന്നെങ്കില്‍ ഇങ്ങനെ ദയയില്ലാതെ മുംബൈ ബൗളര്‍മാരെ അടിക്കില്ലായിരുന്നുവെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
സാറക്ക് വിഷമമാവുമെന്ന് ഗില്‍ ഓര്‍ത്തില്ലെന്നും ഭാവി ഭാര്യ പിതാവിനെയും അളിയനെയും ഞെട്ടിക്കാനാണ് ഗില്‍ ഇത്രയും വെടിക്കെട്ട് പ്രകടനം നടത്തിയതെന്നും ഇതിന്റെ തെളിവാണ് മത്സരശേഷം സച്ചിന്റെ അടുത്തും അര്‍ജുന്റെ അടുത്തുമെത്തി സംസാരിച്ചതെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. സച്ചിന്‍ ഇപ്പോള്‍ തന്നെ വിവാഹത്തിന് സമ്മതിച്ചുവെന്നും കോലിക്ക് ശേഷം അടുത്ത ഇതിഹാസമായി ഗില്‍ മാറുമെന്നുറപ്പാണെന്നുമാണ് പ്രതികരണങ്ങളുള്ളത്.
സച്ചിനോട് ഗില്‍ ടിപ്‌സ് ചോദിക്കുന്നതാണെന്നാണ് എല്ലവരും കരുതിയെങ്കില്‍ അത് തെറ്റാണെന്നും വിവാഹ കാര്യമാണ് സംസാരിച്ചതെന്നുമാണ് ആരാധകരുടെ പരിഹാസം. സച്ചിന്‍ കല്യാണത്തിന് സമ്മതിക്കുന്നതുവരെ മുംബൈ ഇന്ത്യന്‍സിനെതിരേ ഇതേ ബാറ്റിങ് പ്രകടനം തുടരുമെന്ന് ഗില്‍ ഉറപ്പിച്ചിരിക്കുകയാണെന്നും ട്രോളുകള്‍ ഉയരുന്നു. ഈ പ്രകടനം സാറക്കുവേണ്ടിയാണെന്നും ഇതോടെ കല്യാണം നടക്കുമെന്നും ആരാധകര്‍ പ്രതികരിക്കുന്നു.
എന്നാല്‍ ശുബ്മാന്‍ ഗില്‍ സാറാ ടെണ്ടുല്‍ക്കറുമായി പ്രണയത്തിലാണെന്ന് ഒരു തവണ പോലും പറഞ്ഞിട്ടില്ല. എന്നാല്‍ സാറാ അലി ഖാനുമായി പ്രണയത്തിലാണെന്ന സൂചന പല തവണ താരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സാറാ അലി ഖാനും ശുബ്മാന്‍ ഗില്ലും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരുന്നു. ഇതിന് കാരണം സാറാ ടെണ്ടുല്‍ക്കറാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
സച്ചിന്റെ പോലും കൈയടി നേടുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെച്ചാണ് ഗില്‍ കളം വിട്ടത്. 32 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഗില്‍ പിന്നീട് സെഞ്ച്വറിയിലേക്കെത്താനെടുത്തത് വെറും 17 പന്താണ്. ക്ലാസിക് ബാറ്റിങ് ശൈലികൊണ്ട് എങ്ങനെ റണ്‍സുയര്‍ത്താമെന്നാണ് ഗില്‍ കാട്ടിക്കൊടുത്തത്. സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത ഗില്‍ 7 ഫോറും 10 സിക്‌സുകളുമാണ് പറത്തിയത്.

മുംബൈയുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച ഇന്നിങ്‌സായി ഇത് മാറി. അവസാന നാല് ഇന്നിങ്‌സില്‍ നിന്ന് ഗില്ലിന്റെ മൂന്നാം സെഞ്ച്വറിയാണിത്. 2023നെ തന്റെ വര്‍ഷമാക്കി ഗില്‍ മാറ്റുകയാണ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി, അന്താരാഷ്ട്ര ടി20യില്‍ സെഞ്ച്വറി, ഇപ്പോള്‍ ഒരു ഐപിഎല്‍ സീസണില്‍ മൂന്ന് സെഞ്ച്വറി എന്നിങ്ങനെ ഇതിഹാസമായി ശുബ്മാന്‍ മാറിക്കഴിഞ്ഞു. 23 വയസ് മാത്രമാണ് ഗില്ലിന്റെ പ്രായമെന്നതാണ് എടുത്തു പറയേണ്ടത്.
സച്ചിന്റെയും കോലിയുടെയും അന്താരാഷ്ട്ര റെക്കോഡുകള്‍ക്ക് പോലും വലിയ ഭീഷണി ഉയര്‍ത്താന്‍ കഴിവുള്ളവനാണ് ഗില്ലെന്ന് നിസംശയം പറയാം. ഗില്ലിനെ കൈവിട്ടുകളഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ആരാധകര്‍ എയറിലാക്കുന്നു. കെകെആര്‍ കാട്ടിയ രണ്ട് മണ്ടത്തരങ്ങളാണ് സൂര്യകുമാര്‍ യാദവിനെയും ശുബ്മാന്‍ ഗില്ലിനെയും വിട്ടുകളഞ്ഞതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.