അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഫൈനല്‍ കാണാതെ മുംബൈ ഇന്ത്യന്‍സ് പുറത്തായിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 62 റണ്‍സിന് തോറ്റാണ് രോഹിത്തും സംഘവും പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മൂന്ന് വിക്കറ്റിന് 233 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 18.2 ഓവറില്‍ 171 റണ്‍സാണ് നേടാനായത്.
ടോസ് ഭാഗ്യം ഒപ്പം നിന്നിട്ടും മുംബൈക്ക് ജയിക്കാനാവാതെ പോയി. എവിടെയാണ് മുംബൈക്ക് പിഴച്ചത്? ബൗളിങ്ങിലോ ബാറ്റിങ്ങിലോ? ഇങ്ങനെ നിരവധി സംശയങ്ങള്‍ ആരാധകര്‍ക്കുണ്ടെന്നുറപ്പ്. ഇപ്പോഴിതാ മുംബൈയുടെ തോല്‍വിയെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. ആരുടെയും പിഴവുകള്‍ ചൂണ്ടിക്കാട്ടാതെ മുംബൈ നായകന്‍ തടിയൂരുകയാണ് ചെയ്തതെന്ന് പറയാം.

'സൂര്യയും ഗ്രീനും നന്നായി ബാറ്റ് ചെയ്തു. ശക്തമായ തിരിച്ചടി നല്‍കാനാണ് ആഗ്രഹിച്ചത്. എന്നാല്‍ പവര്‍പ്ലേ മുതലാക്കാനായില്ല. ഗുജറാത്തിനായി ശുബ്മാന്‍ ഗില്‍ ചെയ്തതുപോലെ ഞങ്ങള്‍ക്കായി ചെയ്യാന്‍ ഒരു ബാറ്റ്‌സ്മാനെയായിരുന്നു വേണ്ടിയിരുന്നത്. ഗുജറാത്ത് അഭിനന്ദനം അര്‍ഹിക്കുന്നു. നന്നായി കളിച്ചു. ഇഷാന്‍ കിഷന്റെ അഭാവം അപ്രതീക്ഷിതമായിരുന്നു. അവസാന സമയത്തെ മാറ്റമായിരുന്നു അത്.
വ്യത്യസ്തമായ പിച്ചുകളിലും സാഹചര്യങ്ങളിലും പൊരുത്തപ്പെടാന്‍ ഞങ്ങള്‍ക്കാവും. അത് പ്രയാസമായി തോന്നിയില്ല. ഈ മത്സരംവരെ കളിച്ചത് വലിയ കാര്യമായി കരുതുന്നു. അടുത്ത സീസണിലേക്ക് പോകുമ്പോള്‍ ബാറ്റിങ് മുംബൈക്ക് പ്രതീക്ഷ നല്‍കുന്നു. അവസാന മത്സരത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടിം ഡേവിഡിന് കൃത്യമായ റോള്‍ ടീമിലുണ്ട്'- രോഹിത് പറഞ്ഞു.
ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ് പ്രകടനത്തെ രോഹിത് ശര്‍മ പ്രശംസിച്ചു. 'ശുബ്മാന്‍ ഗംഭീരമായാണ് ബാറ്റ് ചെയ്തത്. ഞങ്ങളുടെ കണക്കുകൂട്ടലിനെക്കാള്‍ 20-25 റണ്‍സ് കൂടുതലാണ് അവര്‍ നേടിയത്. എല്ലാ അഭിനന്ദനങ്ങളും ശുബ്മാന്‍ അര്‍ഹിക്കുന്നു. ഈ ഫോം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്'- രോഹിത് പറഞ്ഞു. ഐപിഎല്ലിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഓവലില്‍ നടക്കാന്‍ പോവുകയാണ്.
രോഹിത്തിനൊപ്പം ഓപ്പണറായി ശുബ്മാന്‍ ഗില്ലാണുണ്ടാവുക. നിലവിലെ ഫോം താരത്തിന് തുടരാനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുംബൈക്കെതിരായ പ്രകടനത്തോടെ ഐപിഎല്ലിന്റെ ഒരു സീസണില്‍ 800ലധികം റണ്‍സ് നേടുന്ന നാലാമത്തെ താരമായി മാറാന്‍ ഗില്ലിന് സാധിച്ചു. കൂടാതെ ഐപിഎല്‍ പ്ലേ ഓഫില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിലേക്കും അദ്ദേഹമെത്തി.

ഇന്ത്യയുടെ അടുത്ത ഇതിഹാസമെന്ന പേര് ഇതിനോടകം നേടിയെടുക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഗില്ലിന് തിളങ്ങാന്‍ സാധിക്കാതെ പോയാല്‍ ആരാധകരുടെ വക പൊങ്കാല ഉറപ്പാണെന്ന് പറയാം. തുടര്‍ച്ചയായ രണ്ടാം സീസണിലും ഗുജറാത്ത് ഫൈനല്‍ കളിക്കുകയാണെന്നതാണ് ശ്രദ്ധേയം. ആശിഷ് നെഹ്‌റയെന്ന പരിശീലകനും ഹര്‍ദിക് പാണ്ഡ്യയെന്ന ക്യാപ്റ്റനും ഈ നേട്ടത്തില്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.
മുംബൈയുടെ തോല്‍വിക്ക് രോഹിത് ആരെയും കുറ്റപ്പെടുത്തുന്നില്ലെങ്കിലും ആരാധകര്‍ വിമര്‍ശിക്കുന്നത് രോഹിത്തിനെയാണ്. നിര്‍ണ്ണായക മത്സരത്തില്‍ 7 പന്തില്‍ 8 റണ്‍സാണ് രോഹിത്തിന് നേടാനായത്. നായകനെന്ന നിലയില്‍ യാതൊരു ഉത്തരവാദിത്തവും അദ്ദേഹം കാട്ടിയില്ല. ശുബ്മാന്‍ ഗില്‍ കത്തിക്കയറിയപ്പോള്‍ ഒരു തരത്തിലും സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. രോഹിത് മൈതാനത്ത് കാഴ്ചക്കാരനാവുകയാണ് ചെയ്തത്.
ബാറ്റിങ്ങില്‍ രോഹിത് ദുരന്തമാണ്. അതുകൊണ്ട് തന്നെ വിരമിക്കണമെന്ന അഭിപ്രായവും ശക്തമായി ഉയരുന്നുണ്ട്. ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന രോഹിത്തിന് നായകനെന്ന നിലയിലെ മുന്‍ കണക്കുകളുടെ പേരില്‍ ഇനി അധികനാള്‍ മുന്നോട്ട് പോകാനാവില്ല. പുതിയ യുവതാരങ്ങള്‍ക്കായി രോഹിത് വഴിമാറേണ്ടതായുണ്ട്. മുംബൈയുടെ പ്രധാന പ്രശ്‌നം ബൗളിങ് നിരയായിരുന്നു. ശക്തമായ ബാറ്റിങ് നിരയെ ഉപയോഗിച്ചാണ് ഈ വെല്ലുവിളി മറികടന്നത്.
അടുത്ത സീസണില്‍ മികച്ച ബൗളര്‍മാരെ ടീമിലെത്തിക്കേണ്ടത് മുംബൈക്ക് അത്യാവശ്യമാണ്. പരിക്ക് വേട്ടയാടിയിട്ടും ഈ ശരാശരി ബൗളര്‍മാരെവെച്ച് മുംബൈ രണ്ടാം ക്വാളിഫയര്‍വരെ എത്തിയത് വലിയ കാര്യമാണെന്ന് തന്നെ പറയാം.