അഹമ്മദാബാദ്: അവസാന സീസണിലെ അവസാന സ്ഥാനക്കാരില്‍ നിന്ന് ഇത്തവണ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ച മുംബൈ ഇന്ത്യന്‍സിന് ഈ സീസണിലും പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. ആദ്യ രണ്ട് മത്സരത്തിലും തോറ്റ് തുടങ്ങിയ മുംബൈ പിന്നീടുള്ള മൂന്ന് മത്സരങ്ങള്‍ ജയിച്ചെങ്കിലും അവസാന രണ്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയിരിക്കുകയാണ്.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനോട് അവസാന മത്സരത്തില്‍ 55 റണ്‍സിനാണ് മുംബൈ തോറ്റത്. ഗുജറാത്തിനെതിരായ തോല്‍വിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് മുംബൈ നായകന്‍ രോഹിത് ശര്‍മക്ക് നേരിടേണ്ടി വന്നത്. ടോസ് നേടിയിട്ട് ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത് മുതല്‍ രോഹിത്തിന് പല തീരുമാനങ്ങളിലും തെറ്റുപറ്റി. മുംബൈയുടെ തോല്‍വിയില്‍ രോഹിത്തിന് വ്യക്തമായ ഉത്തരവാദിത്തമുണ്ട്.

നായകനെന്ന നിലയില്‍ എളുപ്പത്തില്‍ അതില്‍ നിന്നൊന്നും ഒഴിഞ്ഞുമാറാന്‍ രോഹിത്തിനാവില്ല. എന്നാല്‍ മുംബൈയുടെ ശരിയായ പ്രശ്‌നം രോഹിത്തിന് പരിഹരിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ട് തന്നെ രോഹിത്തിനെ കുറ്റം പറയുന്നതിലും കാര്യമില്ല. മുംബൈയുടെ ശരിയായ പ്രശ്‌നം ബൗളിങ് നിരയാണ്. ഏറ്റവും ദുര്‍ബലമായ ബൗളര്‍മാരുമായാണ് മുംബൈ മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ തോല്‍വികളില്‍ രോഹിത്തിനെ മാത്രം പഴിക്കാനാവില്ല.
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, റില്ലി മെറീഡിത്ത്, ജേസന്‍ ബെഹറന്‍ഡോര്‍ഫ് എന്നിവരെ പേസ്‌നിരയില്‍ ആശ്രയിക്കേണ്ടി വരുന്നത് മുംബൈയുടെ ഗതികേടാണ്. ജോഫ്രാ ആര്‍ച്ചര്‍-ജസ്പ്രീത് ബുംറ പേസ് കൂട്ടുകെട്ടിനെ കളത്തിലിറക്കി എല്ലാവരെയും വിറപ്പിക്കാമെന്നായിരുന്നു മുംബൈയുടെ കണക്കുകൂട്ടല്‍. എന്നാല്‍ പരിക്ക് വില്ലനായതോടെ മുംബൈക്ക് പിഴച്ചു. ബുംറ പരിക്കേറ്റ് പുറത്തായപ്പോഴും ആര്‍ച്ചര്‍ കളിക്കുന്നത് മുംബൈക്ക് പ്രതീക്ഷ നല്‍കിയിരുന്നു.
എന്നാല്‍ പരിക്കിന്റെ പ്രശ്‌നങ്ങള്‍ മാറാത്ത ആര്‍ച്ചര്‍ക്ക് സ്ഥിരമായി കളിക്കാനാവില്ല. ശസ്ത്രക്രിയക്കായി നാട്ടിലേക്ക് മടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഈ സാഹചര്യത്തില്‍ മുംബൈയുടെ പേസ് നിര കൂടുതല്‍ ദുര്‍ബലമാവുമെന്നുറപ്പ്. നിലവിലെ പേസ് ബൗളര്‍മാരുമായി മുംബൈക്ക് ഒന്നും പ്രതീക്ഷിക്കാനാവില്ല. ഈ സീസണില്‍ ഏറ്റവും മോശം ഡെത്ത് ഓവറില്‍ പന്തെറിയുന്നത് മുംബൈയുടെ ബൗളര്‍മാരാണ്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവസാന നാല് ഓവറില്‍ 70 റണ്‍സാണ് മുംബൈ ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. 12.45 ആണ് മുംബൈയുടെ ഡെത്ത് ഓവറിലെ ബൗളിങ് ഇക്കോണമി. ഈ കണക്കുകളില്‍ നിന്ന് തന്നെ മുംബൈയുടെ ബൗളിങ് നിരയുടെ ദൗര്‍ബല്യം തുറന്ന് കാട്ടപ്പെടുന്നു. സ്പിന്‍ നിരയില്‍ പീയൂഷ് ചൗള ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തുന്നു.

ബാറ്റിങ് നിരയുടെ മോശം പ്രകടനത്തിലും രോഹിത്തിനെ മാത്രം കുറ്റം പറയേണ്ടതില്ല. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ് തുടങ്ങിയ വമ്പന്മാര്‍ക്കൊന്നും പ്രതീക്ഷക്കൊത്ത മികവ് കാട്ടാനാവാത്തതും ടീമിന്റെ തോല്‍വിക്ക് കാരണമാവുന്നു. ഹര്‍ദിക് പാണ്ഡ്യയും കറെന്‍ പൊള്ളാര്‍ഡും മുംബൈക്കായി ചെയ്തുകൊണ്ടിരുന്ന ഫിനിഷിങ് മികവ് കാട്ടാന്‍ ഇപ്പോള്‍ മുംബൈയില്‍ ആളില്ല.
ടിം ഡേവിഡ് പൊള്ളാര്‍ഡിന്റെ പകരക്കാരനാവുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷക്കൊത്ത നിലയില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല. ഫിനിഷറെന്ന നിലയില്‍ ഭാഗ്യക്കുറവുള്ള താരമാണ് ഡേവിഡ്. ഇഷാന്‍ കിഷന് ഓപ്പണറായി പവര്‍പ്ലേ മുതലാക്കുകയെന്നതാണ് ചുമതല. എന്നാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ താരത്തിനാവുന്നില്ല. ഗുജറാത്തിനെതിരേ 21 പന്തില്‍ 13 റണ്‍സാണ് ഇഷാന്‍ നേടിയത്. 200ന് മുകളില്‍ റണ്‍സ് പിന്തുടരുമ്പോള്‍ ഇഷാന്റെ സ്‌ട്രൈക്കറേറ്റ് 61.90 മാത്രമാണ്.
ഇത്തരത്തില്‍ ടീമിനെ പരിക്കും മോശം ഫോമും വേട്ടയാടുന്നു. അഞ്ച് തവണ മുംബൈ ചാമ്പ്യന്മാരായപ്പോഴുള്ള ശക്തമായ താരനിര ഇപ്പോഴില്ല. ഈ ടീം മികച്ച നിലയിലേക്കെത്താന്‍ ഇനിയുമേറെ മാറ്റങ്ങള്‍ വേണം. അതുകൊണ്ട് തന്നെ മുംബൈക്ക് ഈ സീസണിലും വലിയ പ്രതീക്ഷ വെക്കേണ്ടതില്ലെന്ന് പറയാം.