Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മുംബൈയുടെ ചങ്കത്ത് 'ഗില്‍' ഷോ! മൂന്നാം സെഞ്ച്വറി- റെക്കോഡ് പെരുമഴ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ശുബ്മാന്‍ ഗില്ലിന്റെ ഗംഭീര പ്രകടനം തുടരുന്നു. രണ്ടാം എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് ഗില്‍. 49 പന്തില്‍ 4 ഫോറും 8 സിക്‌സും ഉള്‍പ്പെടെയാണ് താരം സീസണിലെ മൂന്നാം സെഞ്ച്വറി കുറിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നിരാശപ്പെടുത്തിയതിന്റെ ക്ഷീണം മുംബൈക്കെതിരേ തീര്‍ക്കുന്ന ബാറ്റിങ്ങാണ് ഗില്‍ കാഴ്ചവെച്ചത്.

പതിയെ തുടങ്ങിയ ഗില്‍ 32 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. പിന്നീടങ്ങോട്ട് ബാറ്റിങ് വിസ്‌ഫോടനമാണ് ഗില്‍ കാഴ്ചവെച്ചത്. 17 പന്തുകളാണ് ഫിഫ്റ്റിയില്‍ നിന്ന് സെഞ്ച്വറിയിലേക്കെത്താന്‍ ഗില്ലിന് വേണ്ടി വന്നത്. ടിം ഡേവിഡും തിലക് വര്‍മയും ഗില്ലിനെ കൈവിട്ടു കളഞ്ഞത് മുംബൈയുടെ ശവപ്പെട്ടിയിലെ ആണികളായി മാറിയെന്ന് പറയാം. ആകാശ് മധ് വാളും പീയൂഷ് ചൗളയും കാമറൂണ്‍ ഗ്രീനുമെല്ലാം ഗില്ലിന്റെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞു.

shubman gill

23 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഗില്‍ ക്രിക്കറ്റ് കളത്തെ അടക്കിവാഴുന്നതെന്നതാണ് അത്ഭുതം. നിരവധി റെക്കോഡുകളും താരം സ്വന്തം പേരിലാക്കി. ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. നാല് സെഞ്ച്വറികള്‍ വീതം നേടിയ വിരാട് കോലിയും ജോസ് ബട്‌ലറുമാണ് ഈ റെക്കോഡില്‍ ഗില്ലിന് മുകളിലുള്ളത്.

അവസാന നാല് ഇന്നിങ്‌സില്‍ നിന്നാണ് താരത്തിന്റെ മൂന്ന് സെഞ്ച്വറികളും പിറന്നിരിക്കുന്നത്. ഒരു ഐപിഎല്‍ സീസണില്‍ 800ലധികം റണ്‍സ് നേടുന്ന നാലാമത്തെ ബാറ്റ്‌സ്മാനായും ഗില്‍ മാറി. വിരാട് കോലി, ജോസ് ബട്‌ലര്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഈ റെക്കോഡില്‍ ഗില്ലിന്റെ മുന്നിലുള്ളത്. ഐപിഎല്‍ പ്ലേ ഓഫില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗില്‍ സ്വന്തം പേരിലാക്കി.

സെഞ്ച്വറി നേടിയ ഗില്ലിനെ മുംബൈ നായകന്‍ രോഹിത് ശര്‍മ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ അടുത്ത ഇതിഹാസമെന്ന് പേരെടുത്ത ഗില്‍ ഈ വിശേഷണം തനിക്ക് ചേരുമെന്ന് തെളിയിക്കുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. വിരാട് കോലിയുടെയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും പല റെക്കോഡുകളും താന്‍ തകര്‍ക്കുമെന്ന് പ്രകടനംകൊണ്ട് തെളിയിക്കുകയാണ് ഗില്‍. ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പ്രതീക്ഷ നല്‍കുന്നവനാണ് ഗില്‍ മാറിക്കഴിഞ്ഞു.

shubman gill

സച്ചിന്‍ ടെണ്ടുല്‍ക്കറെ ഡെഗൗട്ടില്‍ സാക്ഷിയാക്കിയാണ് ഗില്ലിന്റെ നിറഞ്ഞാട്ടം. കരിയറില്‍ ഇനിയുമേറെ സമയം മുന്നോട്ടുള്ള ഗില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നതില്‍ തര്‍ക്കമില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെ ഗില്ലിന്റെ തകര്‍പ്പന്‍ ഫോം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല.

അടിച്ചുതകര്‍ത്ത ഗില്ലിനെ ആകാശ് മധ് വാളാണ് മടക്കി അയച്ചത്. 60 പന്തില്‍ 129 റണ്‍സുമായി അതി ഗംഭീര പ്രകടനത്തോടെയാണ് യുവരാജാവിന്റെ മടക്കം. തുടക്കത്തിലേ ക്യാച്ച് പാഴാക്കിയ ടിം ഡേവിഡിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. 215ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിച്ച ഗില്ലിന്റെ ഇന്നിങ്‌സ് ഐപിഎല്‍ ചരിത്രത്തില്‍ എന്നെന്നും അടയാളപ്പെടുത്താവുന്നതാണ്.

അഹമ്മദാബാദില്‍ മികച്ച റെക്കോഡ് ഇതിനോടകം സ്വന്തമാക്കാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. 63 (36), 39 (31), 45 (34), 56 (34), 6 (7), 94* (51), 101 (58), 129 (60) എന്നിങ്ങനെയാണ് ഈ പിച്ചിലെ അദ്ദേഹത്തിന്റെ സ്‌കോര്‍. ഐപിഎല്‍ പ്ലേ ഓഫിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും യുവതാരം സ്വന്തം പേരിലാക്കിയാണ് മടങ്ങിയത്. ഐപിഎല്ലിന്റെ 16ാം സീസണിലെ 150ാം 50 പ്ലസ് സ്‌കോറാണിത്.

ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും തവണ 50 പ്ലസ് സ്‌കോര്‍ നേടുന്നത്. ഈ സീസണിലെ 10ാം സെഞ്ച്വറിയാണിത്. ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ സെഞ്ച്വറി പിറക്കുന്ന സീസണെന്ന റെക്കോഡും ഇത്തവണത്തെ സീസണിന് അവകാശപ്പെടാം.

Story first published: Friday, May 26, 2023, 21:41 [IST]
Other articles published on May 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+