മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ പോരാട്ടം രണ്ടാം ക്വാളിഫയറില്‍ അവസാനിച്ചിരിക്കുകയാണ്. 2022ലെ അവസാന സ്ഥാനക്കാരായ മുംബൈ ഇത്തവണ കപ്പടിച്ച് തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ഗുജറാത്തിനോട് തോറ്റ് മുംബൈ പുറത്തായിരിക്കുകയാണ്. കപ്പിലേക്കെത്താനാവാത്തത് നിരാശപ്പെടുത്തുന്നതാണെങ്കിലും മുംബൈ ഇന്ത്യന്‍സിന് അഭിമാനത്തോടെ തന്നെ മടങ്ങാം.
കാരണം വലിയ വെല്ലുവിളികളെ മറികടന്നാണ് മുംബൈ ഇത്തവണ രണ്ടാം ക്വാളിഫയര്‍ വരെ എത്തിയത്. ബൗളിങ്ങാണ് മുംബൈയെ ഇത്തവണ പിന്നോട്ടടിച്ച കാര്യം. ജസ്പ്രീത് ബുംറ-ജോഫ്രാ ആര്‍ച്ചര്‍ കൂട്ടുകെട്ടിനെ കണ്ണുവെച്ചാണ് മുംബൈ പദ്ധതി മെനഞ്ഞത്. എന്നാല്‍ പരിക്ക് വില്ലനായി. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ബുംറ പുറത്തായി. പിന്നീട് എല്ലാ പ്രതീക്ഷകളും ആര്‍ച്ചറിലായിരുന്നു.

എന്നാല്‍ ആര്‍ച്ചറെയും പരിക്കും മോശം ഫോമും വേട്ടയാടി. ഇതോടെ മുംബൈയുടെ പേസ് നിരയില്‍ എടുത്തു പറയാവുന്ന ആരുമില്ലാതെയായി. അണ്‍ക്യാപ്പഡ് താരം ആകാശ് മധ് വാളിനെ തുറുപ്പുചീട്ടാക്കേണ്ട അവസ്ഥയിലായിരുന്നു മുംബൈ. ജേസന്‍ ബെഹറന്‍ഡോര്‍ഫ്, ക്രിസ് ജോര്‍ദാന്‍ എന്നിവരെയും വെച്ച് പ്ലേ ഓഫില്‍ കടന്നതുതന്നെ വലിയ കാര്യം. സ്പിന്‍ നിരയില്‍ പീയൂഷ് ചൗളയെന്ന സൂപ്പര്‍ സീനിയറിനെ ഉപയോഗിച്ചാണ് മുംബൈ മുന്നോട്ട് പോയത്.
ഇത്തവണ ലേലത്തില്‍ മുംബൈ കാട്ടിയ പ്രധാന പിഴവുകളിലൊന്ന് അല്‍പ്പം കൂടി മികച്ച പേസര്‍മാരെ ടീമിലേക്കെത്തിക്കാത്തതാണ്. ബുംറയുടെ ഫിറ്റ്‌നസ് പ്രശ്‌നം അറിയാമായിരുന്നെങ്കിലും ആര്‍ച്ചറുടെ വമ്പന്‍ തിരിച്ചുവരവ് മുംബൈ സ്വപ്‌നം കണ്ടിരുന്നു. ഇത് പാളിയത് മുംബൈയുടെ ബൗളിങ് ആകെ തകര്‍ത്തുകളയുകയായിരുന്നു. എന്നിട്ടും മുംബൈ പ്ലേ ഓഫിലെത്തിയത് ബാറ്റിങ് കരുത്തിലാണ്.
എലിമിനേറ്ററെന്ന വമ്പന്‍ കടമ്പയും കടക്കാന്‍ ഭാഗ്യമുണ്ടായെങ്കിലും കിരീടത്തിലേക്കെത്താനുള്ള യോഗ്യത മുംബൈക്കില്ലായിരുന്നുവെന്ന് തന്നെ പറയാം. രോഹിത്തിന് നായകനെന്ന നിലയില്‍ അഭിമാനിക്കുക തന്നെ ചെയ്യാം. ഈ ബൗളിങ് നിരയുമായി ഇത്രയും ദൂരം പിന്നിട്ടതുതന്നെ വലിയ കാര്യം. മുംബൈക്ക് പ്രതീക്ഷ നല്‍കുന്ന നിരവധി കാര്യങ്ങള്‍ ഈ സീസണില്‍ സംഭവിച്ചിട്ടുണ്ട്.
അതില്‍ പ്രധാനപ്പെട്ടത് കുറച്ചുവര്‍ഷത്തേക്ക് മുംബൈക്ക് ബാറ്റിങ്ങിനെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നതാണ്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, തിലക് വര്‍മ, നിഹാല്‍ വധേര എന്നിങ്ങനെ തകര്‍പ്പന്‍ ബാറ്റിങ് നിരയെ കണ്ടെത്താന്‍ മുംബൈക്ക് സാധിച്ചു. ഇവരെല്ലാം ഇനിയൊരു അഞ്ച് വര്‍ഷമെങ്കിലും മുംബൈയില്‍ തുടരാന്‍ കഴിവുള്ളവരാണ്.

അതുകൊണ്ട് തന്നെ വരുന്ന സീസണുകളില്‍ ബാറ്റിങ് മുംബൈക്ക് വലിയ പ്രശ്‌നമായേക്കില്ല. മുംബൈ അടുത്ത സീസണില്‍ ഇറങ്ങുന്നതിന് മുമ്പ് മികച്ച ബൗളര്‍മാരെ ടീമിലേക്കെത്തിക്കുകയാണ് വേണ്ടത്. ബുംറ അടുത്ത സീസണില്‍ തിരിച്ചെത്തുന്നതോടൊപ്പം ജോഫ്രാ ആര്‍ച്ചറും ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ഈ കൂട്ടുകെട്ട് തുടരണം. മൂന്നാം പേസറായി ആകാശ് മധ് വാളിനെ പരിഗണിക്കാം.
എന്നാല്‍ ബാക്കപ്പ് പേസര്‍മാരായി മികച്ച താരങ്ങള്‍ വേണം. ജേസന്‍ ബെഹറന്‍ഡോര്‍ഫിനെ നിലനിര്‍ത്താം. എന്നാല്‍ ക്രിസ് ജോര്‍ദാനെയെല്ലാം പറപ്പിക്കണം. സന്ദീപ് വാര്യയെയും വേണ്ട. മുംബൈ മികച്ച സ്പിന്നര്‍മാരെയും കണ്ടെത്തണം. നിലവിലെ ടീമിന്റെ പ്രധാന സ്പിന്നര്‍ പീയൂഷ് ചൗളയാണ്. ഈ സീസണില്‍ ചൗള മികവ് കാട്ടിയെങ്കിലും താരത്തെ അടുത്ത സീസണിലും വിശ്വസ്തനായി പരിഗണിക്കാനാവില്ല.
അടുത്ത സീസണില്‍ മുംബൈയുടെ സ്പിന്‍ നിരയിലേക്ക് കൂടുതല്‍ മികച്ച സ്പിന്നര്‍മാരെ കൊണ്ടുവരേണ്ടതായുണ്ട്. നിലവില്‍ ഫോമില്‍ നില്‍ക്കുന്ന മികച്ചൊരു സ്പിന്നറെ ടീമിലേക്കെത്തിക്കാന്‍ മുംബൈക്ക് സാധിക്കേണ്ടതായുണ്ട്. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനുണ്ട്. എന്നാല്‍ ബാക്കപ്പായി വിഷ്ണു വിനോദ് പോരാ. വമ്പനടി സൃഷ്ടിക്കാന്‍ ശേഷിയുള്ള മറ്റൊരു ബാക്കപ്പ് കീപ്പറെക്കൂടി മുംബൈ പരിഗണിക്കണം.
ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ അടുത്ത സീസണില്‍ കപ്പിലേക്കെത്താന്‍ കരുത്തുള്ളവരാണ് മുംബൈ. ഇത്തവണ കൈവിട്ടുപോയ കിരീടം അടുത്ത സീസണില്‍ അലമാരയിലെത്തിക്കാന്‍ മുംബൈക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.