അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ നിന്ന് ഫൈനല്‍ കാണാതെ മുംബൈ ഇന്ത്യന്‍സ് പുറത്തായിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 62 റണ്‍സിന് തോറ്റാണ് രോഹിത്തിന്റെയും സംഘത്തിന്റെയും മടക്കം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മൂന്ന് വിക്കറ്റിന് 233 റണ്‍സ് നേടിയപ്പോള്‍ 18.2 ഓവറില്‍ 171 റണ്‍സില്‍ മുംബൈ ഓള്‍ഔട്ടായി.
നിര്‍ണ്ണായക മത്സരത്തില്‍ മുംബൈക്ക് പിഴച്ചതെവിടെയാണ്?. തോല്‍വിയുടെ പ്രധാന കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ കാരണം മോശം ഫീല്‍ഡിങ് പ്രകടനമാണ്. ശുബ്മാന്‍ ഗില്ലിന്റെ സീസണിലെ ഫോമും അഹമ്മദാബാദിലെ റെക്കോഡുകളും അറിയാവുന്നതിനാല്‍ താരത്തെ പുറത്താക്കാന്‍ ലഭിക്കുന്ന ഒരവസരം പോലും പാഴാക്കാന്‍ പാടില്ല. എന്നാല്‍ മുംബൈ രണ്ട് തവണ ഗില്ലിന് ലൈഫ് നല്‍കിയത് മത്സരം മാറ്റിമറിച്ചു.

രണ്ടും പ്രയാസമുള്ള ക്യാച്ചുകളായിരുന്നു. ഒന്ന് ടിം ഡേവിഡ് പാഴാക്കിയപ്പോള്‍ തിലക് വര്‍മ നന്നായി ശ്രമിച്ചിരുന്നെങ്കില്‍ ഗില്ലിനെ കൈപ്പിടിയിലൊതുക്കാമായിരുന്നു. എന്നാല്‍ ഫീല്‍ഡിങ്ങില്‍ മുംബൈ കാട്ടിയ അലസതക്കുള്ള തിരിച്ചടിയാണ് ഗില്ലിന്റെ സെഞ്ച്വറി. 60 പന്തില്‍ 7 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 129 റണ്‍സോടെ ഗില്‍ കളം നിറഞ്ഞത്.
മുംബൈ ഫീല്‍ഡിങ് അല്‍പ്പം കൂടി മെച്ചപ്പെടുത്തേണ്ടിയിരുന്നു. തോല്‍വിയുടെ രണ്ടാമത്തെ കാരണം നിര്‍ഭാഗ്യമാണെന്ന് പറയാം. ക്രിസ് ജോര്‍ദാന്റെ കൈമുട്ട് തട്ടി കണ്ണിന് പരിക്കേറ്റ ഇഷാന്‍ കിഷന് കളിക്കാന്‍ സാധിച്ചില്ല. ഇതോടെ ഓപ്പണിങ് കൂട്ടുകെട്ട് അപ്രതീക്ഷിതമായി പൊളിയുകയും മധ്യനിരക്കാരന്‍ നിഹാല്‍ വദേരയെ ഓപ്പണിങ്ങിലേക്ക് പരീക്ഷിക്കേണ്ടി വരികയും ചെയ്തു. ഇത് പാളി. പിന്നാലെ കാമറൂണ്‍ ഗ്രീനിന് പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ടാവേണ്ടി വന്നു.
താരം തിരിച്ചുവന്നെങ്കിലും പരിക്കേറ്റത് പ്രകടനത്തെ സ്വാധീനിച്ചു. ഇഷാന്‍ തന്റേതായ ദിവസം വലിയ സ്‌കോര്‍ നേടുന്നവനാണ്. അതുകൊണ്ട് തന്നെ ഇഷാന് ബാറ്റ് ചെയ്യാന്‍ സാധിക്കാതെ പോയത് മുംബൈക്ക് തിരിച്ചടിയായി. മൂന്നാമത്തെ കാരണം രോഹിത് ശര്‍മയാണ്. നായകനെന്ന നിലയില്‍ യാതൊരു ഉത്തരവാദിത്തവും രോഹിത്ത് കാട്ടിയില്ല. ബാറ്റിങ്ങിനിറങ്ങി 7 പന്തില്‍ 8 റണ്‍സാണ് രോഹിത്തിന് നേടാനായത്. പ്ലേ ഓഫില്‍ രോഹിത് മോശം ഫോം തുടരുകയാണ്.
നായകനെന്ന നിലയില്‍ രോഹിത് ഇന്ന് ഒന്നും ചെയ്തില്ലെന്ന് പറയാം. ബൗളര്‍മാര്‍ ഒരുവശത്ത് തല്ലുവാങ്ങുമ്പോള്‍ നിര്‍ദേശങ്ങള്‍ നല്‍കാനോ പിഴവുകള്‍ ചൂണ്ടിക്കാട്ടാനോ രോഹിത് അധികം തയ്യാറായില്ല. നിരാശ പല തവണ പ്രകടമാക്കിയതല്ലാതെ നായകനെന്ന നിലയില്‍ ബൗളര്‍മാരെ നന്നായി നിയന്ത്രിക്കാന്‍ രോഹിത്തിനായില്ല. ഇതും തോല്‍വിയുടെ കാരണമായി മാറി. ശുബ്മാന്‍ ഗില്ലിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രം മെനയാന്‍ രോഹിത്തിനായില്ല.

സിഎസ്‌കെയ്‌ക്കെതിരേ ധോണി ഗില്ലിനെ പൂട്ടിയതുപോലെ രോഹിത്തിന് പദ്ധതി മെനയാനായില്ല. ബൗളര്‍മാരെ കയറൂരി വിട്ട നായകനായി രോഹിത് മാറി. നായകനെന്ന നിലയില്‍ രോഹിത് എല്ലാ തരത്തിലും നിരാശപ്പെടുത്തുന്നതാണ് മൈതാനത്ത് കണ്ടത്. ഇത് മുംബൈയുടെ തോല്‍വിയെ സ്വാധീനിച്ചു. സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ രോഹിത്തിന് സാധിച്ചില്ലെന്നതാണ് വസ്തുത.
അതേ സമയം ഗുജറാത്തിന്റെ ജയത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ നായക മികവ് എടുത്തു പറയേണ്ടതാണ്. പ്രധാനമായും സ്പിന്നര്‍മാരെ ഉപയോഗിച്ചതും മോഹിത് ശര്‍മയെ ഡെത്തോവറിലേക്ക് മാറ്റിവെച്ചതും. മോഹിത്തിന്റെ അനുഭവസമ്പത്തില്‍ ഹര്‍ദിക് അര്‍പ്പിച്ച വിശ്വാസം തെറ്റിയില്ല. സൂര്യകുമാര്‍ യാദവിനെയടക്കം പുറത്താക്കി 10 റണ്‍സിന് അഞ്ച് വിക്കറ്റുകളാണ് മോഹിത് വീഴ്ത്തിയത്. ഇതാണ് മത്സരം ഗുജറാത്തിന് അനുകൂലമാക്കിയത്.
ജോഷ് ലിറ്റിലിന്റെ ഓവറുകളും നിര്‍ണ്ണായകമായി. റാഷിദ് ഖാനെയും നൂര്‍ അഹമ്മദിനെയും ഉപയോഗിച്ച് മുംബൈക്ക് കൃത്യ സമയത്ത് സമ്മര്‍ദ്ദം നല്‍കാന്‍ ഹര്‍ദിക്കിന് സാധിച്ചു. തുടര്‍ച്ചയായ രണ്ടാം സീസണിലും ഗുജറാത്ത് ഫൈനല്‍ കളിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഹര്‍ദിക്കിന്റെ നായകമികവിന് വലിയ പങ്കുണ്ട്.