അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പുറത്താക്കി ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ ടിക്കറ്റെടുത്തിരിക്കുകയാണ്. കലാശപ്പോരാട്ടത്തില്‍ ഗുജറാത്തും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം ക്വാളിഫയറില്‍ 62 റണ്‍സിനാണ് കരുത്തരായ മുംബൈയെ ഗുജറാത്ത് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മൂന്ന് വിക്കറ്റിന് 233 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 18.2 ഓവറില്‍ 171 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു.
ടോസ് ഭാഗ്യം മുംബൈക്ക് അനുകൂലമായിരുന്നു. മഴ പെയ്ത് തോര്‍ന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യുക ദുഷ്‌കരമായിരുന്നെങ്കിലും ഗുജറാത്ത് സ്വപ്‌ന തുല്യ ടോട്ടല്‍ പടുത്തുയര്‍ത്തി. ശുബ്മാന്‍ ഗില്ലിന്റെ (129) സെഞ്ച്വറിയാണ് ഗുജറാത്തിന് കരുത്തായത്. മോഹിത് ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനവും നിര്‍ണ്ണായകമായി. എന്നാല്‍ മത്സരത്തില്‍ മുംബൈയെ പൂട്ടിയതിന് പിന്നില്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയുടെ മികവ് എടുത്തു പറയേണ്ടതാണ്.

ഗുജറാത്തിന്റെ ഒരു മാസ്റ്റര്‍പ്ലാനാണ് മുംബൈയെ തകര്‍ത്തത്. അതിന് ഹര്‍ദിക് പാണ്ഡ്യയും ആശിഷ് നെഹ്‌റയും കൈയടി അര്‍ഹിക്കുന്നു. ഗുജറാത്ത് ബൗളര്‍മാരെ ഉപയോഗിച്ച രീതിയാണ് എടുത്തു പറയേണ്ടത്. മോഹിത് ശര്‍മയുടെ ഓവറുകളാണ് നിര്‍ണ്ണായകമായി മാറിയത്. മധ്യ ഓവറുകളില്‍ റാഷിദ് ഖാനെയും നൂര്‍ അഹമ്മദിനെയും നന്നായി ഉപയോഗിച്ച ഹര്‍ദിക് 15ാം ഓവറിലാണ് മോഹിത്തിനെ പന്തേല്‍പ്പിക്കുന്നത്.
ഈ ഓവറില്‍ത്തന്നെ മത്സരം ഗുജറാത്തിന് അനുകൂലമാക്കി മാറ്റാന്‍ മോഹിത്തിന് സാധിച്ചു. മോഹിത്തിന്റെ അനുഭവസമ്പത്തില്‍ ഗുജറാത്ത് വിശ്വാസം അര്‍പ്പിച്ചത് തെറ്റിയില്ല. മോഹിത്തിനെ ഡെത്തോവറിലേക്ക് മാറ്റിവെക്കാനുള്ള കാരണം അദ്ദേഹത്തിന്റെ ബൗളിങ്ങിന്റെ സവിശേഷതയാണ്. സ്ലോ കട്ടറുകള്‍ എറിയാനും വേഗം നന്നായി നിയന്ത്രിക്കാനും കഴിവുള്ള ബൗളറാണ് മോഹിത്.
സ്വാഭാവികമായും ഡെത്തോവറില്‍ ബാറ്റ്‌സ്മാന്‍ ആക്രമിച്ചാവും കളിക്കുക. അങ്ങനെ വരുമ്പോള്‍ മോഹിത്തിന്റെ സ്ലോ ബോളുകളില്‍ വിക്കറ്റ് വീഴാന്‍ സാധ്യത കൂടുതലാവുമെന്ന വിലയിരുത്തലിലാവും ഹര്‍ദിക് മോഹിത്തിനെ പന്തേല്‍പ്പിച്ചിരിക്കുക. ഇതാണ് മത്സരത്തില്‍ നിര്‍ണ്ണായകമായി മാറിയതും. സൂര്യകുമാര്‍ യാദവിനെ ക്ലീന്‍ബൗള്‍ഡാക്കിയാണ് മോഹിത് മുംബൈയുടെ ചങ്കിലേക്ക് ആണി അടിച്ചുകയറ്റിയത്.
സൂര്യയുടെ വിക്കറ്റ് മോഹിത്തിന്റെ അനുഭവസമ്പത്തില്‍ നിന്നുണ്ടായതാണ്. സൂര്യയുടെ ഷോട്ട് ഏറെക്കുറെ മുന്നില്‍ക്കണ്ടാണ് മോഹിത് പന്തെറിഞ്ഞത്. സ്റ്റംപിന് ആക്രമിക്കുകയെന്ന തന്ത്രം ഫലിച്ചപ്പോള്‍ സൂര്യകുമാര്‍ ക്ലീന്‍ബൗള്‍ഡായി മടങ്ങി. സൂര്യ പ്രതീക്ഷിച്ച വേഗം മോഹിത്തിന്റെ പന്തിനുണ്ടായിരുന്നില്ല. വിഷ്ണു വിനോദിനെ മോഹിത് കുടുക്കിയതും സ്ലോ ബോളിലാണ്.
15ാം ഓവറില്‍ പന്തെറിയാനെത്തി 2.2 ഓവറില്‍ 10 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെന്ന നേട്ടമാണ് മോഹിത് നേടിയെടുത്തത്. സൂര്യകുമാര്‍ ക്രീസില്‍ നില്‍ക്കുന്നത് മുംബൈക്ക് വിജയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും മോഹിത്തിന്റെ ആദ്യ ഓവറിലൂടെത്തന്നെ കളി മാറി മറിഞ്ഞു. അഹമ്മദാബാദിലെ വലിയ പിച്ചില്‍ മോഹിത്തിനെ ഉപയോഗിച്ച് മുംബൈക്ക് വാരിക്കുഴിയൊരുക്കിയ ഹര്‍ദിക്കിന്റെ ബുദ്ധി കൈയടി അര്‍ഹിക്കുന്നു.

മുഹമ്മദ് ഷമി പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പിന്നീടങ്ങോട്ട് തല്ലുവാങ്ങി. ഹര്‍ദിക് പാണ്ഡ്യയും പന്തെടുത്തപ്പോള്‍ റണ്‍റേറ്റ് ഉയര്‍ന്നുനിന്നു. എന്നാല്‍ ജോഷ് ലിറ്റിലിന്റെ മൂന്ന് ഓവറുകള്‍ നിര്‍ണ്ണായകമായി. 26 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ലിറ്റില്‍ നേടിയത്. ഒരു ഘട്ടത്തിലും ഹര്‍ദിക് സമ്മര്‍ദ്ദത്തിലായില്ലെന്നതാണ് ശ്രദ്ധേയം.
തന്റെ പദ്ധതികളില്‍ കൃത്യമായി വിശ്വസിക്കുകയും അത് മൈതാനത്ത് കൃത്യമായി നടപ്പിലാക്കാനുമാണ് ഹര്‍ദിക് ശ്രമിച്ചത്. ഇതിന്റെ ഫലം കാണുകയും ചെയ്തു. പവര്‍പ്ലേയിലടക്കം ഹര്‍ദിക്കിന്റെ ബുദ്ധിയാണ് ഫലം കണ്ടത്. ബൗളര്‍മാരെ ഉപയോഗിക്കുന്നതിലും സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിലും ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിലും രോഹിത്തിനെക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെ നില്‍ക്കാന്‍ ഹര്‍ദിക്കിനായി.