അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിരാശപ്പെടുത്തുകയാണ്. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമെന്ന പേരിന് ചീത്തപ്പേര് കേള്‍പ്പിക്കുന്നതാണ് ഇപ്പോഴത്തെ മുംബൈയുടെ പ്രകടനം. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 55 റണ്‍സിനാണ് മുംബൈ തോറ്റത്.
മത്സരത്തില്‍ മുംബൈയുടെ തോല്‍വിക്ക് പിന്നാലെ പല വിമര്‍ശനങ്ങളും ടീമിനെതിരേ ഉയരുകയാണ്. അതില്‍ ഏറ്റവും വിമര്‍ശനം നേരിടുന്നത് അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ബൗളിങ്ങില്‍ വേണ്ടപോലെ ഉപയോഗിച്ചില്ലെന്നതിലാണ്. പവര്‍പ്ലേയില്‍ രണ്ടോവര്‍ പന്തെറിഞ്ഞ അര്‍ജുന്‍ ഒമ്പത് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ പിന്നീട് ഒരോവര്‍ പോലും താരത്തിന് ലഭിച്ചില്ല. ഇതിന്റെ പേരില്‍ മുംബൈ നായകന്‍ രോഹിത് വലിയ വിമര്‍ശനം കേള്‍ക്കുന്നു.

ഇപ്പോഴിതാ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ബൗളിങ്ങിനെക്കുറിച്ചും ടീം തന്ത്രത്തെക്കുറിച്ചും വെളിപ്പെടുത്തുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകനായ ഷെയ്ന്‍ ബോണ്ട്. 'ഗുജറാത്തിനെതിരേ നന്നായി അര്‍ജുന്‍ പന്തെറിഞ്ഞു. അവസാന മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം ഇതുപോലെ വലിയ മൈതാനത്ത് മികച്ച പ്രകടനം നടത്തുകയെന്നത് എളുപ്പമല്ല.
എന്നാല്‍ അര്‍ജുന്റെ പേസ് അല്‍പ്പംകൂടി വര്‍ധിപ്പിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഗുജറാത്തിനെതിരേ ടീം ആവിശ്യപ്പെട്ടത് ചെയ്യാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ട്. മോശം മത്സരത്തിന് ശേഷം തൊട്ടടുത്ത മത്സരത്തില്‍ ഇത്തരത്തില്‍ തിരിച്ചുവരിക പ്രയാസമാണ്. ഞങ്ങളുടെ ബൗളര്‍മാര്‍ക്കെല്ലാം കഴിഞ്ഞ കുറച്ച് മത്സരങ്ങള്‍ അത്ര മികച്ചതല്ല.
ടി20യില്‍ കഴിഞ്ഞതിനെക്കുറിച്ച് ആലോചിച്ചിരിക്കാതെ പെട്ടെന്ന് തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. പ്ലേ ഓഫില്‍ കടക്കുന്നതിനായി ടീം മെനയുന്ന തന്ത്രങ്ങള്‍ നടപ്പിലാക്കേണ്ടതായുണ്ട്. ഇപ്പോള്‍ ചെയ്യുന്നതിലും മികച്ച പ്രകടനം നടത്താന്‍ ഈ ടീമിന് സാധിക്കും'-ഷെയ്ന്‍ ബോണ്ട് പറഞ്ഞു. ഗുജറാത്തിന്റെ ടോപ് ഓഡറിലെ പിടിച്ചുകെട്ടിയെങ്കിലും മധ്യനിര ഡെത്ത് ഓവറുകളില്‍ തല്ലിത്തകര്‍ക്കുകയായിരുന്നു.
അവസാന നാല് ഓവറില്‍ 70 റണ്‍സാണ് മുംബൈ വഴങ്ങിയത്. ഇതാണ് മത്സരം കൈവിട്ടുപോകാന്‍ പ്രധാന കാരണമായതും. മുംബൈയെ സംബന്ധിച്ച് തിരിച്ചുവരാന്‍ ബൗളര്‍മാര്‍ മെച്ചപ്പെടേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ബാറ്റിങ് നിരയും സ്ഥിരത കാട്ടുന്നില്ലെങ്കിലും ബൗളിങ് നിരയാണ് കൂടുതല്‍ ദുര്‍ബലം. ജോഫ്രാ ആര്‍ച്ചര്‍ക്ക് പരിക്കേറ്റതും ജസ്പ്രീത് ബുംറയുടെ അഭാവവും മുംബൈയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് പറയാം.

'ടീമിന്റെ തന്ത്രങ്ങളെക്കുറിച്ചും പ്ലേയിങ് 11നെക്കുറിച്ചും കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതായുണ്ട്. ടീമിന്റെ സംതുലിതാവസ്ഥയാണ് പ്രധാനപ്പെട്ടത്. ടൂര്‍ണമെന്റിലുടെനീളം ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ ബൗളിങ് നിരയ്ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. അടുത്ത മത്സരത്തിന് മുമ്പ് ഞങ്ങള്‍ക്ക് കുറച്ച് സമയം ലഭിക്കും. ടീമിന്റെ പരിശീലകരും നായകനും ചേര്‍ന്ന് ഉചിതമായ മാറ്റങ്ങള്‍ വരുത്തും'- ബോണ്ട് കൂട്ടിച്ചേര്‍ത്തു.
മുംബൈ ഇന്ത്യന്‍സിന് തിരിച്ചുവരവ് കടുപ്പമാണെന്ന് പറയാം. ബൗളിങ് നിരയില്‍ ഇനി പരീക്ഷിക്കാനും വിശ്വസ്തനായ താരങ്ങളില്ല. സന്ദീപ് വാര്യരെ മാത്രമാണ് മുംബൈക്ക് ഇനി പരിഗണിക്കാനാവുക. എന്നാല്‍ സന്ദീപില്‍ വിശ്വാസം അര്‍പ്പിക്കുകയും പ്രയാസമാണ്. ഈ സാഹചര്യത്തില്‍ മുംബൈയുടെ ബൗളിങ് നിരയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാനാവില്ല. അതുകൊണ്ട് തന്നെ മുംബൈയില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല.
ശേഷിക്കുന്ന മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് നിരക്ക് പണികൂടും. നിലവിലെ ബൗളിങ് നിരയുമായി മുന്നോട്ട് പോയാല്‍ റണ്‍സ് പ്രതിരോധിച്ച് ജയിക്കുക കടുപ്പമാണ്. അതുകൊണ്ട് തന്നെ ബാറ്റിങ് നിര കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. ബൗളിങ്ങിലെ പരിമിതി നികത്താന്‍ ബാറ്റിങ് നിരക്ക് സാധിക്കാത്ത പക്ഷം മുംബൈ ഇത്തവണയും പ്ലേ ഓഫ് കാണാതെ പുറത്തായേക്കും.