ഡല്‍ഹി: ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് പ്ലേയിങ് 11ല്‍ ആരാധകര്‍ പ്രതീക്ഷിച്ച പേരാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഇടം കൈയന്‍ പേസറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഡല്‍ഹിക്കെതിരേയും മുംബൈ തഴഞ്ഞതോടെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.
കളിപ്പിക്കുന്നില്ലെങ്കില്‍ മുംബൈ അര്‍ജുനെ ഒഴിവാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. മൂന്ന് വര്‍ഷത്തോളമായി മുംബൈക്കൊപ്പം ഉണ്ടെങ്കിലും ഒരു മത്സരത്തില്‍ പോലും താരത്തിന് അവസരം നല്‍കിയിട്ടില്ല. ഇതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. മുംബൈ അര്‍ജുന്റെ ഭാവി നശിപ്പിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. കളിപ്പിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ മുംബൈ അര്‍ജുനെ ഒഴിവാക്കാന്‍ തയ്യാറാവണം.

അവസരം നല്‍കാന്‍ സാധിക്കില്ലെങ്കില്‍ അര്‍ജുനെ ഇനിയും ബെഞ്ചിലിരുത്തരുത്. മുംബൈയുടെ വാട്ടര്‍ ബോയിയായി ഒതുങ്ങേണ്ട താരമല്ല അര്‍ജുനെന്നാണ് ആരാധകര്‍ പറയുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയും ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്ത താരമാണ് അര്‍ജുന്‍. ഇടം കൈയന്‍ പേസറെന്നതിലുപരിയായി നന്നായി ബാറ്റ് ചെയ്യാനും അര്‍ജുന് കഴിവുണ്ട്.
മുംബൈക്കായി ആദ്യ രണ്ട് മത്സരവും കളിച്ച അര്‍ഷാദ് ഖാന്‍ നന്നായി തല്ലുവാങ്ങിയിരുന്നു. അതുകൊണ്ട് തന്നെ അര്‍ജുനെ മുംബൈ പരീക്ഷിക്കാന്‍ തയ്യാറാവാത്തത് യുവതാരത്തോട് ചെയ്യുന്ന ചതിയാണെന്നും ആരാധകര്‍ പ്രതികരിക്കുന്നു. അര്‍ജുനെ സച്ചിന്റെ മകനായതുകൊണ്ടല്ല പ്രതിഭകണ്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് പല തവണ മുംബൈ ഇന്ത്യന്‍സ് പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഒരു അവസരം പോലും നല്‍കാത്തത് വഞ്ചനയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ വര്‍ഷവും ഒറ്റ മത്സരം പോലും മുംബൈ അര്‍ജുന് നല്‍കാതെ വന്നാല്‍ താരത്തിന്റെ കരിയര്‍ അത് തകര്‍ക്കും. മൂന്ന് വര്‍ഷം കളിപ്പിക്കാതെ ഒഴിവാക്കിയാല്‍ അടുത്ത ലേലത്തില്‍ ആരും അര്‍ജുനെ വാങ്ങാത്ത അവസ്ഥ വരും. പിന്നീട് ഐപിഎല്ലിലേക്കെത്തുക അര്‍ജുന് പ്രയാസമാവും. അതുകൊണ്ട് തന്നെ മുംബൈ അര്‍ജുന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്തണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഏഴ് ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്ന് 12 വിക്കറ്റും 223 റണ്‍സും ഏഴ് ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് എട്ട് വിക്കറ്റും 25 റണ്‍സും ഒമ്പത് ടി20യില്‍ നിന്ന് 12 വിക്കറ്റും 20 റണ്‍സുമാണ് അര്‍ജുന്റെ പേരിലുള്ളത്. 6.60 എന്ന മികച്ച ടി20 ഇക്കോണമിയും അര്‍ജുനുണ്ട്. അതുകൊണ്ട് തന്നെ ഒരു മത്സരത്തിലെങ്കിലും അര്‍ജുന്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
നിലവിലെ മുംബൈ ഇന്ത്യന്‍സിന്റെ ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങുന്നു. അര്‍ജുനെ നേരിട്ട് ആര്‍ക്കും അധികം പരിചയവുമില്ല. അതുകൊണ്ട് തന്നെ മുംബൈക്ക് അര്‍ജുനെ പരിഗണിക്കാമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈ ഇന്ത്യന്‍സ് ബൗളിങ് നിരയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഡല്‍ഹിക്കെതിരേ ഇറങ്ങിയത്. ജോഫ്രാ ആര്‍ച്ചര്‍ പരിക്കിന്റെ പിടിയില്‍ തുടര്‍ന്നതോടെ റില്ലി മെറീഡെത്തിനെയാണ് മുംബൈ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയത്.

അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള യുവ പേസറാണ് അര്‍ജുന്‍. എന്നാല്‍ അവസരങ്ങള്‍ ലഭിക്കാതെ പുറത്തിരുന്നതിനാല്‍ താരത്തിന് മികവ് കാട്ടാന്‍ സാധിക്കുന്നില്ല. അര്‍ഷാദ് ഖാനെക്കാളും മികച്ചവന്‍ അര്‍ജുനാണ്. 135ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ അര്‍ജുന് സാധിക്കും. ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്താനും അര്‍ജുന് സാധിക്കും. അര്‍ഷാദ് ഖാനെക്കാളും മികച്ച ബാറ്റ്‌സ്മാനുമാണ്.
അതുകൊണ്ട് അര്‍ജുനെ മുംബൈ പരിഗണിക്കാത്തത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നാണ് ആരാധക വിമര്‍ശനം. അവസാന സീസണിലെ അവസാന സ്ഥാനക്കാരായ മുംബൈ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ താരങ്ങളെ ഉപയോഗിക്കുന്നതില്‍ മുംബൈക്ക് പിഴക്കുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.