ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ മോശം ഫോം തുടര്‍ന്ന് സൂര്യകുമാര്‍ യാദവ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നിര്‍ണ്ണായക സമയത്ത് ഗോള്‍ഡന്‍ ഡെക്കായാണ് സൂര്യയുടെ മടക്കം. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനെന്ന വിശേഷണം തനിക്ക് ചേരില്ലെന്ന് തോന്നിക്കും വിധമാണ് ഇപ്പോള്‍ സൂര്യ ബാറ്റ് ചെയ്യുന്നത്. മുകേഷ് കുമാറിനെ തന്റെ സിഗ്നേച്ചര്‍ ഷോട്ടിലൂടെ സിക്‌സര്‍ പറത്താനുള്ള സൂര്യയുടെ ശ്രമം പാളി.
ഫൈന്‍ ലെഗ് ബൗണ്ടറിയില്‍ കുല്‍ദീപ് യാദവിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് സൂര്യകുമാര്‍ യാദവ് പുറത്തായത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഹാട്രിക് ഗോള്‍ഡന്‍ ഡെക്കിന്റെ നാണക്കേടില്‍ നിന്ന് പതിയെ കരകേറവെയാണ് വീണ്ടും സൂര്യ നാണംകെട്ടിരിക്കുന്നത്. സമീപകാലത്തായി സൂര്യ മോശം ഫോമില്‍ തുടരുന്നത് മുംബൈ ഇന്ത്യന്‍സിനെയും പിന്നോട്ടടിക്കുകയാണ്.

സൂര്യകുമാര്‍ യാദവിന്റെ അവസാന ആറ് ഇന്നിങ്സ് പരിശോധിച്ചാല്‍ വലിയ നിരാശയാണെന്ന് കാണാനാവും. ഓസ്ട്രേലിയക്കെതിരേ 8, 0, 0, 0, ആര്‍സിബിക്കെതിരേ 15, സിഎസ്‌കെയ്ക്കെതിരേ 1 എന്നിങ്ങനെയാണ് സൂര്യകുമാറിന്റെ സമ്പാദ്യം. നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്സ്മാനെന്ന് പറയുമ്പോഴും ചീത്തപ്പേര് കേള്‍പ്പിക്കുന്ന പ്രകടനമാണ് ഇപ്പോള്‍ സൂര്യകുമാര്‍ യാദവ് കാഴ്ചവെക്കുന്നത്.
ഇപ്പോള്‍ ഗോള്‍ഡന്‍ ഡെക്കുമായതോടെ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. സൂര്യ പ്ലേയിങ് 11ലെ ബാധ്യതയായി മാറുന്നുവെന്ന് പറയാം. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും സൂര്യകുമാര്‍ യാദവ് തന്റെ മോശം ഫോം തുടരുകയാണ്. മത്സരങ്ങള്‍ മുന്നോട്ട് പോകവെ സൂര്യയുടെ ഫോം മുംബൈക്ക് വലിയ തലവേദനയാവുമെന്നതില്‍ തര്‍ക്കമില്ല.

അവസാന ആറ് ഇന്നിങ്‌സില്‍ നാല് ഗോള്‍ഡന്‍ ഡെക്കെന്നത് സൂര്യയെപ്പോലൊരു താരത്തില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കപ്പെടുന്നതല്ല. വെറും 26 ദിവസത്തിനുള്ളിലാണ് നാല് തവണ നേരിട്ട ആദ്യ പന്തില്‍ത്തന്നെ സൂര്യ പുറത്തായതെന്നതാണ് കൗതുകം. സൂര്യയെ മാറ്റിനിര്‍ത്താന്‍ എന്തായാലും മുംബൈ തയ്യാറായേക്കില്ല. സൂര്യയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് വരുന്ന മത്സരങ്ങളിലൂടെ പ്രതീക്ഷിക്കാം.
മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിക്കാന്‍ മുംബൈക്കായി. ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് മുംബൈ സീസണിലെ ആദ്യ ജയം നേടിയെടുത്തത്. അവസാന പന്തുവരെ പൊരുതിയാണ് ഡല്‍ഹി കീഴടങ്ങിയത്. ഡെത്ത് ഓവറുകളില്‍ അത്യുജ്ജ്വല പോരാട്ടം ഡല്‍ഹി കാഴ്ചവെച്ചു. ഇതോടെ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെട്ടു.

അവസാന പന്തില്‍ മുംബൈക്ക് ജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ടിം ഡേവിഡ് മുംബൈയുടെ രക്ഷകനാവുകയായിരുന്നു. കാമറൂണ്‍ ഗ്രീന്‍ (8 പന്തില്‍ 17), ടിം ഡേവിഡ് (11 പന്തില്‍ 13) പുറത്താവാതെ നിന്നു. ഗ്രീന്‍ ഓരോ സിക്‌സും ഫോറും പറത്തിയപ്പോള്‍ ഡേവിഡ് ഒരു സിക്‌സാണ് നേടിയത്. രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈ ജയത്തില്‍ നിര്‍ണ്ണായകമായത്.
രോഹിത് 45 പന്തില്‍ 6 ഫോറും 4 സിക്‌സും പറത്തിയപ്പോള്‍ തിലക് വര്‍മ 29 പന്തില്‍ 1 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 41 റണ്‍സും അടിച്ചെടുത്തു. ഇഷാന്‍ കിഷന്‍ (26 പന്തില്‍ 31) റണ്‍സാണ് സ്വന്തമാക്കിയത്. 24 ഇന്നിങ്‌സുകള്‍ക്ക് ശേഷമാണ് രോഹിത് ഐപിഎല്ലില്‍ ഫിഫ്റ്റി നേടുന്നത്. ടീമിന് ഏറ്റവും ആവിശ്യമുള്ള സമയത്ത് രോഹിത് മുന്നില്‍ നിന്ന് നയിച്ച് ടീമിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.