ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ രോഹിത് ശര്‍മയുടെ വെടിക്കെട്ട്. മോശം ഫോമിലാണെന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നിലൂടെ ഹിറ്റ്മാന്‍ തലയുയര്‍ത്തി ബാറ്റ് ചെയ്തതോടെ പവര്‍പ്ലേയില്‍ റണ്ണൊഴുകി. 14 റണ്‍സ് പിന്നിട്ടതോടെ വിരാട് കോലിയുടെ വമ്പനൊരു റെക്കോഡും രോഹിത് ശര്‍മ സ്വന്തം പേരിലാക്കി.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. ഈ മത്സരത്തിന് മുമ്പ് 32 മത്സരമാണ് രോഹിത് ഡല്‍ഹിക്കെതിരേ കളിച്ചത്. 912 റണ്‍സും രോഹിത്തിന്റെ പേരിലുണ്ടായിരുന്നു. 31.4 ശരാശരിയും 130ന് മുകളില്‍ സ്‌ട്രൈക്കറേറ്റുമുണ്ട്. 26 മത്സരത്തില്‍ നിന്ന് 925 റണ്‍സാണ് കോലി ഡല്‍ഹിക്കെതിരേ നേടിയത്.

14 റണ്‍സായിരുന്നു ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ രോഹിത്തിന് വേണ്ടിയിരുന്നത്. ഇത് നേടിയതോടെ ഈ റെക്കോഡില്‍ കോലിയെ മറികടക്കാന്‍ രോഹിത്തിന് സാധിച്ചു. ആദ്യ ഓവറില്‍ത്തന്നെ സിക്‌സര്‍ പറത്തിയതോടെ മറ്റൊരു വമ്പന്‍ റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. ഐപിഎല്ലില്‍ ആദ്യ ഓവറില്‍ കൂടുതല്‍ സിക്‌സര്‍ പറത്തുന്നവരില്‍ ക്രിസ് ഗെയ്‌ലിനും വീരേന്ദര്‍ സെവാഗിനുമൊപ്പം തലപ്പത്തേക്കെത്താന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്.
മൂന്ന് പേരുടെ പേരിലും 12 സിക്‌സുകളാണുള്ളത്. ഇൗ സീസണിലൂടെ ഈ റെക്കോഡിലും ഒന്നാമനാവാന്‍ രോഹിത്തിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഇടവേളക്ക് ശേഷമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് ഇത്തരമൊരു വെടിക്കെട്ട് പ്രകടനം കണ്ടത്. 200ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് അദ്ദേഹം പവര്‍പ്ലേയില്‍ കളിച്ചത്. രോഹിത്തിന്റെ മോശം ഫോം മുംബൈക്ക് തലവേദനയായിരിക്കവെയാണ് താരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.

രോഹിത് ശര്‍മയുടെ മോശം ഫോം ആദ്യ മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ പിന്നോട്ടടിക്കുന്നതില്‍ പ്രധാന കാരണമായിരുന്നു. അവസാന 24 ഇന്നിങ്സിലെ രോഹിത്തിന്റെ ശരാശരി 20ല്‍ താഴെയാണ്. 48 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 24 ഇന്നിങ്സിലെ രോഹിത്തിന്റെ ശരാശരി 19.58ഉും സ്ട്രൈക്കറേറ്റ് 120.20ഉുമാണ്. 470 റണ്‍സാണ് ആകെ നേടാനായത്. വിമര്‍ശനം ശക്തമാകവെയാണ് ഹിറ്റ്മാന്റെ ഉജ്ജ്വല തിരിച്ചുവരവ്.
ആദ്യ രണ്ട് മത്സരവും തോറ്റ മുംബൈക്ക് ഡല്‍ഹിക്കെതിരായ മത്സരം നിര്‍ണ്ണായകമാണ്. രോഹിത്തിനോടൊപ്പം ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ കിഷനും ആദ്യ മത്സരങ്ങളില്‍ നിറം മങ്ങിയിരുന്നു. ഇഷാന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേയും വിമര്‍ശനം ശക്തമാകവെ താരവും ഭേദപ്പെട്ട പ്രകടനം ഡല്‍ഹിക്കെതിരേ കാഴ്ചവെച്ചു. 26 പന്തില്‍ 6 ബൗണ്ടറി ഉള്‍പ്പെടെ 31 റണ്‍സാണ് ഇഷാന്‍ നേടിയത്.
മുസ്തഫിസുര്‍ റഹ്‌മാനെ മൂന്ന് ബൗണ്ടറിയടക്കം പറത്തി ഇഷാന്‍ തുടങ്ങിയെങ്കിലും പിന്നീട് അല്‍പ്പം പതറി. സ്‌ട്രൈക്കറേറ്റ് മോശമായിത്തുടങ്ങിയ ഇഷാന്‍ അനാവശ്യ റണ്ണിനായി ശ്രമിച്ച് റണ്ണൗട്ടാവുകയായിരുന്നു. രോഹിത് ശര്‍മയുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് ഇഷാന്‍ റണ്ണൗട്ടായത്. ഫോമിലേക്കെത്തിയ താരം പുറത്താവുമ്പോള്‍ മുംബൈ സ്‌കോര്‍ബോര്‍ഡില്‍ 71 റണ്‍സുണ്ടായിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഗംഭീര റെക്കോഡുള്ള താരമാണ് ഇഷാന്‍ കിഷന്‍. ഡല്‍ഹിക്കെതിരായ അവസാന ആറ് ഇന്നിങ്സിലെ ഇഷാന്റെ സ്‌കോര്‍ 72* (47), 55* (30), 33* (19), 26 (28), 81* (48), 48 (35). 157.5 ശരാശരിയിലും 152.17 സ്ട്രൈക്കറേറ്റിലും 315 റണ്‍സാണ് ഇഷാന്‍ നേടിയത്. ഇത്തവണയും 30ലധികം റണ്‍സുമായി ഭേദപ്പെട്ട് നില്‍ക്കാന്‍ ഇഷാന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
എന്നാല്‍ ഡല്‍ഹിക്കെതിരേ ഇഷാന്റെ കീപ്പിങ് അത്ര മികച്ചതായിരുന്നില്ല. ഒന്നിലധികം പിഴവുകള്‍ താരം വരുത്തി. മുംബൈ ഇന്ത്യന്‍സ് 15 കോടിയിലധികം നല്‍കുന്ന ഇഷാനില്‍ നിന്ന് ഈ പ്രതിഫലത്തിനൊത്ത പ്രകടനം ഈ സീസണില്‍ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം.