ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പൃഥ്വി ഷായുടെ മോശം പ്രകടനം തുടരുന്നു. ഇന്ത്യയുടെ യുവ ഓപ്പണര്‍മാരില്‍ ഏറ്റവും മികച്ച താരങ്ങളിലൊരാളെന്ന് വിളിക്കാവുന്ന പൃഥ്വി ഇത്തവണ ഗംഭീര പ്രകടനം നടത്തുമെന്ന പ്രതീക്ഷകളേറെയായിരുന്നു. എന്നാല്‍ താരം മോശം ഫോമില്‍ തുടരുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരേയും താരം നിരാശപ്പെടുത്തി. മൂന്ന് ബൗണ്ടറികളടക്കം 10 പന്തില്‍ 15 റണ്‍സാണ് താരം നേടിയത്.
ഹൃതിക് ഷൊക്കീന്റെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച പൃഥ്വിയുടെ ടൈമിങ് പിഴച്ചു. കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കിയാണ് പൃഥ്വി പുറത്തായത്. പേസര്‍മാരെ നന്നായി നേരിട്ട് തുടങ്ങിയ പൃഥ്വിയുടെ ദൗര്‍ബല്യം മനസിലാക്കി മുംബൈ നായകന്‍ രോഹിത് ശര്‍മ സ്പിന്‍ കെണിയൊരുക്കുകയായിരുന്നു. പൃഥ്വിയുടെ ഈഗോയെ മുതലാക്കി സ്പിന്നിനെ കളത്തിലിറക്കിയതോടെ ആ കെണിയില്‍ കൃത്യമായി പൃഥ്വി വീഴുകയായിരുന്നു.

ജൂനിയര്‍ സെവാഗെന്ന് പോലും വിളിക്കപ്പെട്ട പൃഥ്വി അവസാന സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. പവര്‍പ്ലേ മുതലാക്കി കളിക്കുന്ന താരം വലിയ ഷോട്ടുകള്‍ കളിക്കുന്നവനാണെങ്കിലും ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നു. പൃഥ്വിയുടെ അവസാന ഏഴ് ഐപിഎല്‍ സ്‌കോര്‍ നോക്കുമ്പോള്‍ത്തന്നെ താരം എത്രത്തോളം നിരാശപ്പെടുത്തുന്നുണ്ടെന്ന് വ്യക്തം. 0, 5, 24, 12, 7, 0, 15 എന്നിങ്ങനെയാണ് പൃഥ്വിയുടെ സ്‌കോര്‍.
എതിരാളികള്‍ക്ക് ഫ്രീ വിക്കറ്റായി പൃഥ്വി മാറുന്നുവെന്നതാണ് കണക്കുകളില്‍ നിന്ന് മനസിലാവുന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരികെ പരിഗണിക്കണമെന്ന് പറഞ്ഞ് വലിയ പ്രതിഷേധം ഉയര്‍ത്തിയ താരമാണ് പൃഥ്വി. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കായി നായകനായും ബാറ്റ്‌സ്മാനായും തിളങ്ങിയിട്ടുള്ള പൃഥ്വിക്ക് പക്ഷെ ഐപിഎല്ലില്‍ ഉത്തരവാദിത്തത്തോടെ കളിക്കാനാവുന്നില്ല.
പൃഥ്വിയുടെ ബാറ്റിങ് ശൈലി ടി20ക്ക് ഗുണം ചെയ്യുന്നതാണ്. എന്നാല്‍ താരത്തിന്റെ ഷോട്ട് സെലക്ഷനും ടൈമിങ്ങും പലപ്പോഴും പ്രശ്‌നമുയര്‍ത്തുന്നു. ഇതുകൊണ്ടാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധിക്കാതെ പോവുന്നത്. ഇനി ഡല്‍ഹിയുടെ പ്ലേയിങ് 11ല്‍ പൃഥ്വി വേണ്ടെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ടീമിന്റെ വിജയത്തിനായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത താരമാണ് പൃഥ്വി ഷാ.

അവസരത്തിനൊത്ത് ഉയരാനോ ഉത്തരവാദിത്തതോടെ ബാറ്റ് ചെയ്യാനോ പൃഥ്വിക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഡല്‍ഹിയും പൃഥ്വിയെ പ്ലേയിങ് 11 നിന്ന് തഴയാന്‍ സാധ്യത കൂടുതലാണ്. ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ത്തന്നെ നിരാശപ്പെടുത്തിയതോടെ ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ് പൃഥ്വിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പൃഥ്വിയുടെ ദൗര്‍ബല്യം എല്ലാ എതിരാളികള്‍ക്കും അറിയാമെന്നാണ് പോണ്ടിങ് പറഞ്ഞത്.
എന്നാല്‍ ഡല്‍ഹി വീണ്ടും പൃഥ്വിക്ക് അവസരം നല്‍കിയില്ലെങ്കിലും വേണ്ടവിധം ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിക്കാതെ പോയിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളില്‍ പൃഥ്വി ബെഞ്ചിലിരുന്നാല്‍ മതിയെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഡല്‍ഹിക്ക് പൃഥ്വിയെ മാറ്റിനിര്‍ത്തുക എളുപ്പമല്ല. കാരണം മറ്റൊരു മികച്ച ഓപ്പണര്‍ ഡല്‍ഹിക്കൊപ്പമില്ല. മിച്ചല്‍ മാര്‍ഷല്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്.

മിച്ചല്‍ തിരിച്ചെത്തിയാല്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം പരിഗണിക്കാവുന്നതാണ്. സര്‍ഫറാസ് ഖാന്റെ മോശം ഫോമില്‍ താരത്തെ പരിഗണിക്കാനാവില്ല. നായകന്‍ റിഷഭ് പന്തിന്റെ അഭാവം ഡല്‍ഹിയെ കാര്യമായി ബാധിക്കുന്നുണ്ട്. മധ്യനിരയിലെ റിഷഭിന്റെ വിടവ് നികത്താന്‍ ഇത്തവണ ഡല്‍ഹിക്ക് സാധിക്കുന്നില്ല. ഇതിന്റെ ഫലമാണ് ആദ്യ മൂന്ന് മത്സരവും തോറ്റതെന്ന് പറയാം.
ഡേവിഡ് വാര്‍ണര്‍ മുംബൈക്കെതിരായ മത്സരത്തിലൂടെ 600 ബൗണ്ടറികളെന്ന റെക്കോഡിലേക്കെത്തിയതിനെ ആരാധകര്‍ പ്രശംസിക്കുന്നു. ഐപിഎല്ലില്‍ 200 ലധികം സിക്‌സും 600 ബൗണ്ടറികളുമുള്ള ഏക താരം ഡേവിഡ് വാര്‍ണറാണ്. ആദ്യ മത്സരങ്ങളില്‍ മെല്ലപ്പോക്ക് ബാറ്റിങ് കാഴ്ചവെച്ച വാര്‍ണര്‍ക്ക് മോശമല്ലാത്ത തുടക്കം മുംബൈക്കെതിരേ ലഭിച്ചിട്ടുണ്ട്.