ഡല്‍ഹി: തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനാണ് മുംബൈ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 172 റണ്‍സ് അടിച്ചെടുത്തപ്പോള്‍ അവസാന പന്തിലാണ് മുംബൈക്ക് വിജയലക്ഷ്യം മറികടക്കാനായത്. അവസാന പന്തുവരെ നീണ്ടുനിന്ന ആവേശകരമായ ചെറുത്തുനില്‍പ്പ് കാഴ്ചവെക്കാന്‍ ഡല്‍ഹിക്കായി.
മുംബൈയെ സംബന്ധിച്ച് തിരിച്ചുവരവിന് ഊര്‍ജം നല്‍കുന്ന ജയമാണിത്. അഞ്ച് തവണ ചാമ്പ്യന്മാരായിട്ടുള്ള മുംബൈ അവസാന സീസണിലെ അവസാന സ്ഥാനക്കാരായിരുന്നു. ഇത്തവണ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ചിറങ്ങിയ മുംബൈ ആദ്യത്തെ രണ്ട് മത്സരത്തിലും നാണംകെടേണ്ടി വന്നെങ്കിലും മൂന്നാം മത്സരത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.

നായകനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും രോഹിത് ശര്‍മയുടെ ബ്രില്യന്‍സാണ് മുംബൈക്ക് ജയമൊരുക്കിയതെന്ന് പറയാം. 25 ഇന്നിങ്‌സുകള്‍ക്ക് ശേഷം ഐപിഎല്ലില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ രോഹിത്തിന് സാധിച്ചു. 45 പന്തില്‍ 6 ഫോറും 4 സിക്‌സുമാണ് രോഹിത് അടിച്ചെടുത്തത്. 144ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിച്ച രോഹിത്തിന്റെ പ്രകടനം മുംബൈയുടെ ജയത്തില്‍ നിര്‍ണ്ണായകമായി.
നായകനെന്ന നിലയില്‍ രോഹിത്തിന്റെ ചില മികച്ച തീരുമാനങ്ങളും ടീമിന് കരുത്ത് പകര്‍ന്നു. അതില്‍ പ്രധാനപ്പെട്ടത് സ്പിന്നര്‍മാരെ ഉപയോഗിച്ച രീതിയാണ്. ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷാ മോശം ഫോമിലാണെന്ന് പറയുമ്പോഴും അപകടകാരിയായ ബാറ്റ്‌സ്മാനാണ്. പേസര്‍മാരെ ആക്രമിച്ച് പൃഥ്വി ഫോമിലേക്കെത്താനൊരുങ്ങവെ സ്പിന്നറെ ഇറക്കി പൃഥ്വിയെ പൂട്ടിയത് രോഹിത്തിന്റെ നായക മികവ് എടുത്തു കാട്ടുന്നതാണ്.
ഹൃതിക് ഷൊക്കീനെ ഉപയോഗിച്ചാണ് രോഹിത് പൃഥ്വിയെ പൂട്ടിയത്. പീയൂഷ് ചൗളയെ ഫലപ്രദമായി ഉപയോഗിച്ചതിനും രോഹിത് കൈയടി അര്‍ഹിക്കുന്നു. മനീഷ് പാണ്ഡെ, റോവ്മാന്‍ പവല്‍, ലളിത് യാദവ് എന്നിവരെ തളച്ചിട്ടത് ചൗളയാണ്. സീനിയര്‍ സ്പിന്നറുടെ മികവിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ രോഹിത്തിന് സാധിച്ചത് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി മാറുകയായിരുന്നു.

ടീമിന്റെ ബാറ്റിങ് ഓഡറില്‍ വരുത്തിയ മാറ്റമാണ് രോഹിത്തിന്റെ മികച്ച ക്യാപ്റ്റന്‍സി വ്യക്തമാക്കുന്ന മറ്റൊരു കാര്യം. ഓപ്പണിങ്ങില്‍ ആദ്യ രണ്ട് മത്സരത്തിലും മുംബൈ പതറിയെങ്കിലും ഡല്‍ഹിക്കെതിരേ കടന്നാക്രമിക്കുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ടീമിന്റെ മനോഭാവത്തിലുണ്ടായ മാറ്റത്തിലും നായകന്‍ കൈയടി അര്‍ഹിക്കുന്നു. താനടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് രണ്ടാം മത്സരത്തിന് ശേഷം രോഹിത് പറഞ്ഞിരുന്നു.
എന്നാല്‍ ഡല്‍ഹിക്കെതിരേ ഇത് മുന്നില്‍ നിന്ന് കാട്ടിക്കൊടുക്കാന്‍ രോഹിത്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച് മുംബൈക്ക് വിജയമൊരുക്കാന്‍ രോഹിത്തിന് സാധിച്ചു. ബാറ്റിങ് ഓഡറില്‍ വരുത്തിയ ഫലപ്രദമായ മാറ്റങ്ങളും എടുത്തു പറയേണ്ടതാണ്. തിലക് വര്‍മയെ മൂന്നാം നമ്പറില്‍ കളിപ്പിച്ചതാണ് ഇതില്‍ എടുത്തു പറയേണ്ടത്.

രോഹിത് ശര്‍മക്ക് മികച്ച ടൈമിങ് ലഭിച്ചപ്പോള്‍ ആംഗര്‍ റോളില്‍ കളിച്ച തിലക് രോഹിത് റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ അതിവേഗം റണ്‍സുയര്‍ത്തിയും തിലക് കൈയടി നേടി. ഫിനിഷര്‍മാരുടെ റോളില്‍ ടിം ഡേവിഡിനെയും കാമറൂണ്‍ ഗ്രീനിനെയും ഉപയോഗിച്ച മുംബൈയുടെ തന്ത്രവും മികച്ചത്. സൂര്യകുമാര്‍ യാദവിന്റെ മോശം ഫോം മാത്രമാണ് മുംബൈക്ക് വലിയ തലവേദന.
മത്സരത്തില്‍ തിലക് വര്‍മയെക്കൊണ്ട് രോഹിത് പന്തെറിയിച്ചിരുന്നു. ഇതും മികച്ച തീരുമാനമായെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. അടുത്ത മത്സരത്തിലും മുംബൈ ഇതേ ബാറ്റിങ് ഓഡര്‍ നിലനിര്‍ത്തി മുന്നോട്ട് പോകാനാണ് സാധ്യത. മുംബൈയുടെ പേസ് നിരയിലേക്ക് ജോഫ്രാ ആര്‍ച്ചര്‍ മടങ്ങിയെത്തുന്നതോടെ മുംബൈയുടെ ബൗളിങ് നിര കൂടുതല്‍ മികച്ചതാവും. ഇത് നായകനെന്ന നിലയില്‍ രോഹിത്തിനും കൂടുതല്‍ ആശ്വാസം നല്‍കും.