ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ കൈയടി നേടിയിരിക്കുകയാണ് അക്ഷര്‍ പട്ടേല്‍. സമീപകാലത്തായി ബാറ്റിങ്ങില്‍ വളരെയധികം മെച്ചപ്പെട്ട അക്ഷര്‍ പട്ടേല്‍ ഐപിഎല്ലിലെ കന്നി അര്‍ധ സെഞ്ച്വറിയാണ് നേടിയെടുത്തത്. ഏഴാമനായി ക്രീസിലെത്തി 25 പന്തില്‍ 54 റണ്‍സാണ് അക്ഷര്‍ നേടിയത്.
നാല് ഫോറും 5 സിക്‌സും ഉള്‍പ്പെടെ 216 സ്‌ട്രൈക്കറേറ്റിലാണ് അക്ഷര്‍ കസറിയത്. ഡല്‍ഹിയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോഴാണ് അക്ഷറിന്റെ ഗംഭീര ബാറ്റിങ്. ഇത്രയും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്ന അക്ഷറിന് എന്തുകൊണ്ട് ടോപ് ഓഡറില്‍ ബാറ്റ് ചെയ്തുകൂടാ? മുംബൈക്കെതിരായ മത്സരശേഷം അവതാരകന്റെ ഈ ചോദ്യത്തിന് അക്ഷറിന്റെ മറുപടി ഇങ്ങനെയായിരുന്നു.

'ഞാനും ഇതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും 10-12 ഓവറെങ്കിലും എനിക്ക് കളിക്കാന്‍ സാധിക്കുന്നുണ്ട്. പിന്നെ എന്തിനാണ് ടോപ് ഓഡറില്‍ ഇറങ്ങുന്നത്. എവിടെ ബാറ്റ് ചെയ്താലും എനിക്ക് ഒരേ വികാരമാണ് തോന്നുന്നത്. അത് ഏഴാം നമ്പറിലാണെങ്കിലും അല്ലെങ്കിലും. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ പറയുന്നില്ല. എനിക്ക് ബാറ്റ് ചെയ്യാന്‍ 10-12 ഓവറുകള്‍ തന്നെ ധാരാളമാണ്'-അക്ഷര്‍ പട്ടേല്‍ പറഞ്ഞു.
നിലവിലെ ഡല്‍ഹിയുടെ ബാറ്റിങ് തകര്‍ച്ചയെ പരോക്ഷമായി പരിഹരിക്കുകയും ചെയ്തിരിക്കുകയാണ് അക്ഷര്‍. ഡല്‍ഹിയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യമായി ശോഭിക്കാനാവാത്തതിനാല്‍ ഏഴാം നമ്പറിലിറങ്ങുന്ന അക്ഷറിന് 10 ഓവറിലധികം ബാറ്റ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നുണ്ട്. എന്നാല്‍ താന്‍ ടോപ് ഓഡറില്‍ ബാറ്റിങ്ങിനിറങ്ങാത്തതിന് മറ്റൊരു കാരണവും അക്ഷര്‍ ചൂണ്ടിക്കാട്ടുന്നു.

'ടീം മാനേജ്‌മെന്റും ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. ടോപ് ഓഡറിലേക്ക് ബാറ്റിങ് ഉയര്‍ത്തിയാല്‍ സ്പിന്നര്‍മാരെ ഫലപ്രദമായി നേരിടാന്‍ എനിക്ക് സാധിക്കുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ ഞാന്‍ ടോപ് ഓഡറില്‍ ബാറ്റ് ചെയ്താല്‍ ഫിനിഷിങ് റോളില്‍ ആരെന്ന ചോദ്യമുയരും. നായകനും പരിശീലകനുമാണ് ഇത് സംബന്ധിച്ച തന്ത്രം മെനയേണ്ടത്.
ഞാന്‍ നേരത്തെ ബാറ്റിങ്ങിനിറങ്ങിയാല്‍ എന്ത് സംഭവിക്കുമെന്നും എങ്ങനെ ഫിനിഷിങ് മാനേജ് ചെയ്യുമെന്നതെല്ലാം അവരാണ് തീരുമാനിക്കേണ്ടത്. അതുകൊണ്ട് തന്നെ എന്റെ ബാറ്റിങ് ഓഡര്‍ ടോപ് ഓഡറിലേക്കെത്തുമ്പോള്‍ നിരവധി കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടതായുണ്ട്'- അക്ഷര്‍ പട്ടേല്‍ പറഞ്ഞു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ അക്ഷര്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായാണ് ബാറ്റിങ്ങില്‍ വളരെയധികം മെച്ചപ്പെട്ടത്.
ദേശീയ ടീമിനൊപ്പവും ഐപിഎല്ലിലും അക്ഷര്‍ ബാറ്റിങ് മികവ് കാട്ടുന്നു. ഡല്‍ഹി തുടര്‍ച്ചയായ നാല് മത്സരങ്ങളാണ് ഈ സീസണില്‍ തോറ്റത്. തോല്‍വിയുടെ കാരണത്തെക്കുറിച്ച് അക്ഷര്‍ പട്ടേല്‍ പറയുന്നതിങ്ങനെയാണ്. 'നാലാം മത്സരത്തിലും തോറ്റതില്‍ ഞാന്‍ സ്വയം തന്നെ വിമര്‍ശിക്കുകയാണ്. ഞാന്‍ പുറത്താവുമ്പോള്‍ 10 പന്തുകള്‍ ബാക്കിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ ഷോട്ടുകള്‍ കളിക്കുന്നതിന് മുമ്പ് ഞാന്‍ അല്‍പ്പം കൂടി ശ്രദ്ധിക്കണമായിരുന്നു.

ആ സമയത്ത് മികച്ച ഫ്‌ളോയിലാണ് ബാറ്റ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ആവേശത്തില്‍ ബാറ്റ് ചെയ്തപ്പോള്‍ ടൈമിങ് പിഴച്ചു. പുതിയൊരു ബാറ്റ്‌സ്മാന് ആ സമയത്ത് ക്രീസിലെത്തി വലിയ സ്‌കോര്‍ നേടുക എളുപ്പമല്ല. മുംബൈയുടെ ബാറ്റ്‌സ്മാന്‍മാരും അവസാന സമയത്ത് പ്രയാസപ്പെട്ടത് കണ്ടതാണ്. സ്‌കോര്‍ ഒരു 180ലേക്കുയര്‍ത്താന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരം മറ്റൊരു തലത്തിലേക്കെത്തിക്കാന്‍ സാധിക്കുമായിരുന്നു'- അക്ഷര്‍ കൂട്ടിച്ചേര്‍ത്തു.
എന്തായാലും തുടര്‍ച്ചയായി നാല് മത്സരം തോറ്റത് ഡല്‍ഹിയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീമായി ഡല്‍ഹി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളിലും ഡല്‍ഹിക്ക് സമ്മര്‍ദ്ദമേറെ. എങ്ങനെ ടീമിന് തിരിച്ചുവരാന്‍ സാധിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം.