ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യത്തെ എല്‍ ക്ലാസിക്കോ പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു വന്‍ പരാജയമേറ്റു വാങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടന്ന പോരാട്ടത്തില്‍ ഏഴു വിക്കറ്റിനായിരുന്നു രോഹിത് ശര്‍മയയും സംഘത്തെയും സിഎസ്‌കെ തകര്‍ത്തെറിഞ്ഞത്. ആദ്യം ഉജ്ജ്വല ബൗളിങിലൂടെ മുംബൈയെ വരിഞ്ഞുകെട്ടിയ എംഎസ് ധോണിയുടെ ടീം റണ്‍ചേസിലും കാര്യമായി വിയര്‍ക്കാതെ തന്നെ ലക്ഷ്യത്തിലെത്തുകയായിരുന്നു. മുംബൈയെ സംബന്ധിച്ച് വലിയ ക്ഷീണം തന്നെയാണ് ഈ പരാജയം. കാരണം ചെന്നൈയ്‌ക്കെതിരേ മികച്ച വിജയ റെക്കോര്‍ഡായിരുന്നു വാംഖഡെയില്‍ അവര്‍ക്കുണ്ടായിരുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈയെ എട്ടു വിക്കറ്റിനു 157 റണ്‍സിലൊതുക്കാന്‍ ചെന്നൈയ്ക്കു സാധിച്ചു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ നിന്നും വ്യത്യസ്മായി വളരെ അച്ചടക്കത്തോടെയായിരുന്നു ഈ മല്‍സരത്തില്‍ ചെന്നൈ ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ഇതോട മുംബൈയ്ക്കു റണ്ണെടുക്കുക ദുഷ്‌കരമായി തീരുകയും ചെയ്തു. മൂന്നു വിക്കറ്റുകളെടുത്ത സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു സിഎസ്‌കെയുടെ ബൗളിങിനു ചുക്കാന്‍ പിടിച്ചത്.

റണ്‍ചേസില്‍ ആദ്യ വിക്കറ്റ് പൂജ്യത്തിനു നഷ്ടമായെങ്കിലും ചെന്നൈ പതറിയില്ല. അജിങ്ക്യ രഹാനെയുടെ (27 ബോളില്‍ 61) മാസ്റ്റര്‍ ക്ലാസ് ഇന്നിങ്‌സ് മുംബൈയുടെ കഥ കഴിച്ചു. 18.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ചെന്നൈ വിജയറണ്‍സ് കുറിക്കുകയും ചെയ്തു. ഈ മല്‍സത്തില്‍ മുംബൈയുടെ കനത്ത പരാജയത്തിനു കാരണങ്ങള്‍ എന്തൊക്കെയാണ്. നമുക്കു പരിശോധിക്കാം.
ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ അഭാവത്തിലായിരുന്നു മുംബൈ ഇന്ത്യന്‍സ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. പക്ഷെ തങ്ങളുടെ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ മുംബൈയ്ക്കായില്ല. പരാജയത്തിന്റെ ആദ്യത്തെ കാരണവും ഇതു തന്നെയാണ്. ജേസണ്‍ ബെറന്‍ഡോര്‍ഫായിരുന്നു മുംബൈ നിരയിലെ ഏക മുന്‍നിര ബൗളര്‍. സീം ബൗളിങ് ഓള്‍റൗണ്ടര്‍മാരായ കാമറൂണ്‍ ഗ്രീനിനെയും മുഹമ്മദ് അര്‍ഷദ് ഖാനെയും സഹായത്തിനു നിയോഗിക്കുകയും ചെയ്തു. ആദ്യ ഓവറില്‍ തന്നെ ഡെവന്‍ കോണ്‍വേയെ പൂജ്യത്തിനു ബൗള്‍ഡാക്കി തകര്‍പ്പന്‍ തുടക്കമായിരുന്നു ചെന്നൈയ്ക്കു ബെറന്‍ഡോര്‍ഫ് നല്‍കിയത്.

പവര്‍പ്ലേയില്‍ തന്റെ രണ്ടോവറുകള്‍ ബൗള്‍ ചെയ്തിട്ടും മൂന്നാമതൊരു ഓവര്‍ നായകന്‍ രോഹിത് ശര്‍മ അദ്ദേഹത്തിനു നല്‍കിയില്ല. പിന്നീട് ഡെത്ത് ഓവറിലായിരുന്നു ബെറന്‍ഡോര്‍ഫിനെ പന്തേല്‍പ്പിച്ചത്. പക്ഷെ അപ്പോഴേക്കും കളി കൈവിട്ടുപോയിരുന്നു.ജോഫ്ര ആര്‍ച്ചര്‍ ഇല്ലാത്തതിനാല്‍ തന്നെ മുംബൈയ്ക്കു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ ആവശ്യമായിരുന്നു. ആഗ്രഹിച്ചതു പോലെയൊരു തുടക്കം ബെറന്‍ഡോര്‍ഫ് അവര്‍ക്കു നല്‍കുകയും ചെയ്തു. പക്ഷ പിന്നീട് അങ്ങോട്ടു വിക്കറ്റുകളെടുക്കാന്‍ സാധിക്കാതിരുന്നത് ചെന്നൈയ്ക്കു കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു.
മുംബൈയുടെ പരാജയത്തിനു മറ്റൊരു കാരണം അവരുടെ വിചിത്രമായ ടീം സെലക്ഷനായിരുന്നു. ജോഫ്ര ആര്‍ച്ചര്‍ക്കു വിശ്രമം നല്‍കിയതിനാല്‍ പകരക്കാരനായി റിലേ മെറെഡിത്ത്, ഡുവാന്‍ യാന്‍സണ്‍ എന്നിവരാണ് ഓപ്ഷനുകളുണ്ടായിരുന്നത്. പക്ഷെ വളരെ വിചിത്രമായ തീരുമാനമാണ് മുംബൈയെടുത്ത്. ആര്‍ച്ചര്‍ക്കു പകരം ഫാസ്റ്റ് ബൗളറെ കൊണ്ടു വരുന്നതിനു പകരം ബാറ്റര്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയാണ് അവര്‍ കളപ്പിച്ചത്. മുംബൈ നിരയില്‍ നേരത്തേ തന്നെ പല പവര്‍ ഹിറ്റര്‍മാരുമുണ്ട്്. അതുകൊണ്ടു തന്നെ സ്റ്റബ്‌സിനെ ആവശ്യവുമില്ലായിരുന്നു. പേസ ബൗളിങായിരുന്നു മുംബൈ ശക്തിപ്പെടുത്തേണ്ടിയിരുന്നത്. ജേസണ്‍ ബെറന്‍ഡോര്‍ഫിനൊപ്പം കാമറൂണ്‍ ഗ്രീന്‍, അര്‍ഷദ് ഖാന്‍ എന്നിവരെ ഫാസ്റ്റ് ബൗളര്‍മാരായി മുംബൈ കളിപ്പിക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ച നെഹാല്‍ വദേരയെ പുറത്തിരുത്തിയാണ് സ്റ്റബ്‌സിനെ മുംബൈ ഇറക്കിയത്. പക്ഷെ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ താരത്തിനായില്ല. അഞ്ചു റണ്ണെടുത്ത് സ്റ്റബ്‌സ് പുറത്താവുകയായിരുന്നു.

മുംബൈയുടെ തോല്‍വിക്കു മറ്റൊരു കാരണം അവരുടെ ബാറ്റിങ് ലൈനപ്പായിരുന്നു. ചെന്നൈയ്‌ക്കെതിരേ അനുയോജ്യമായ ഒരു ബാറ്റിങ് ഓര്‍ഡറായിരുന്നില്ല ഈ കളിയില്‍ മുംബൈയുടേത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ എട്ടാമനായാണ് മുംബൈ കളിപ്പിച്ചത്. താരത്തെ സംബന്ധിച്ച് ഒട്ടും അനുയോജ്യമായ ബാറ്റിങ് പൊസിഷനായിരുന്നില്ല അത്. കാമറൂണ്‍ ഗ്രീന്‍ പേസര്‍മാര്‍ക്കെതിരേയാണ് തിളങ്ങാറുള്ളത്. പക്ഷെ അതു നന്നായി ഉപയോഗിക്കാന്‍ മുംബൈയ്ക്കായില്ല. രവീന്ദ്ര ജഡേജയായിരുന്നു താരത്തെ സ്വന്തം ബൗളിങില്‍ പിടികൂടിയത്.
സിഎസ്‌കെയുടെ ഇടംകൈ സ്പിന്‍ ജോടികളെ നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് അര്‍ഷദ് ഖാനെ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തത്. പക്ഷെ താരത്തിനു അനുഭവസമ്പത്ത് കുറവായതിനാല്‍ ഈ നീക്കം ക്ലിക്കായില്ല. രണ്ടു റണ്‍സ് മാത്രമേ അര്‍ഷദിനു നേടാനായുള്ളൂ. മുംബൈ നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ ടിം ഡേവിഡ് ഏഴാം നമ്പറിലായിരുന്നു ക്രീസിലെത്തിയത്. 22 ബോളില്‍ 31 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു. കുറേക്കൂടി നേരത്തേ ഡേവിഡിനെ മുംബൈയ്ക്കു പരീക്ഷിക്കാവുന്നതായിരുന്നു. പക്ഷെ അതുണ്ടായില്ല. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ തങ്ങളുടെ താരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മുംബൈയ്ക്കു ഈ തരത്തിലുള്ള തിരിച്ചടികള്‍ നേരിടുമെന്നുറപ്പാണ്.