ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ ഫ്‌ളോപ്പായിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തില്‍ ഒരു റണ്‍സ് മാത്രമേ സ്‌കൈയ്ക്കു നേടാനായുളളൂ. രണ്ടു ബോളുകളുടെ ആയുസ് മാത്രമേ ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബാറ്റര്‍ക്കുണ്ടായുള്ളൂ. ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍ക്കായിരുന്നു സൂര്യയുടെ വില പിടിപ്പുള്ള വിക്കറ്റ്.
എന്നാല്‍ മിച്ചെല്‍ സാന്‍റ്നറുടെ ബോളിന്റെ മിടുക്കിനേക്കാള്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയുടെ കിടിലന്‍ ക്യാച്ചും അതിനേക്കാള്‍ മികച്ച റിവ്യവുമാണ് സൂര്യക്കു വിക്കറ്റ് നഷ്ടപ്പെടുത്തിയത്. യഥാര്‍ഥത്തില്‍ വിക്കറ്റ് കൈവിടേണ്ട ബോളായിരുന്നില്ല അത്. ഷോട്ടിനു ശ്രമിക്കാതെ സൂര്യ ബോള്‍ ലീവ് ചെയ്തിരുന്നെങ്കില്‍ വൈഡ് ലഭിക്കേണ്ടതായിരുന്നു. പക്ഷെ ഏതു ബോളിലും ഷോട്ടിനു ശ്രമിക്കുന്ന സൂര്യയുടെ അഗ്രസീവ് ശൈലി അദ്ദേഹത്തിനു തന്നെ വിനയാവുകയായിരുന്നു.

എട്ടാമത്തെ ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു സൂര്യയുടെ മടക്കം. ലെഗ് സൈഡിലൂടെ പോവുകയായിരുന്ന നിരുപദ്രവകാരിയായ ബോളിനെതിരേ സൂര്യ അനാവശ്യമായി സ്വീപ്പ് ഷോട്ടിനു ശ്രമിക്കുകയായിരുന്നു. ധോണി വിക്കറ്റിനു പിന്നില്‍ മനോഹരമായി ബോള്‍ പിടിയിലൊതുക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നോട്ടൗട്ട് വിധിച്ചു. പക്ഷെ ടച്ചുണ്ടെന്നു ധോണിക്ക് ഉറപ്പായിരുന്നു. അദ്ദേഹം റിവ്യു എടുക്കുകയും ചെയ്തു. റീപ്ലേയില്‍ അള്‍ട്രാ എഡ്ജില്‍ സൂര്യയുടെ ഗ്ലൗസില്‍ ബോള്‍ ചെറുതായി ഉരസിയെന്ന വ്യക്തമാവുകയും അംപയര്‍ ഔട്ട് വിധിക്കുകയും നല്‍കുകയായിരുന്നു.

എംഎസ് ധോണിയുടെ തകര്‍പ്പന്‍ ക്യാച്ചിനെയും റിവ്യുവിനെയും പ്രശംസിച്ചും സൂര്യകുമാര്‍ യാദവിനെ വിമര്‍ശിച്ചുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിനെ രക്ഷിക്കാന്‍ അംപയര്‍ പരമാവധി ശ്രമിച്ചു. പക്ഷെ ഗ്ലൗവില്‍ ടച്ചുണ്ടെന്നു എംഎസ് ധോണിക്കു നന്നായി അറിയാമായിരുന്നുവെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്. ലോകത്തില്‍ നിങ്ങള്‍ക്കു എന്തിനെക്കുറിച്ചും സംശയിക്കാം. പക്ഷെ ധോണി റിവ്യു സിസ്റ്റത്തെക്കുറിച്ച് മാത്രം സംശയിക്കാന്‍ പാടില്ലെന്നായിരുന്നു ഒരു പ്രതികരണം.
ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യു സിസ്റ്റമെന്നാണെന്നു എംഎസ് ധോണിക്കല്‍ക്കൂടി തെളിയിച്ചിര്കുകയാണെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്. ലോകത്തിലെ എക്കാലത്തെയും മഹാനായ വിക്കറ്റ് കീപ്പറാണ് എംഎസ് ധോണി. ഞാന്‍ ബ്രെന്‍ഡന്‍ മക്കെല്ലത്തിന്റെ വലിയൊരു ഫാനാണ്. പക്ഷെ വിക്കറ്റ് കീപ്പിങിന്റെ കാര്യത്തില്‍ എംഎസ്ഡി തീര്‍ച്ചയായും ഏറെ മുന്നിലാണന്നും ഒരു യൂസര്‍ കുറിച്ചു.
സൂര്യകുമാര്‍ യാദവിനു മുംബൈ ഇന്ത്യന്‍സ് കുറച്ചു മല്‍സരങ്ങളില്‍ വിശ്രമം നല്‍കണമെന്നാണ് ഞാന്‍ കരുതുന്നത്. അതു ഇപ്പോഴത്തെ മാനസികാവസ്ഥയെ മറികടക്കാന്‍ അദ്ദേഹത്തെ സഹായിക്കും. ഈ തരത്തിലുള്ള ചെറിയ സ്‌കോറുകള്‍ സൂര്യയുടെ ആത്മവിശ്വാസം തകര്‍ക്കും. പിന്നീട് നമുക്ക് അദ്ദേഹത്തെ ഒരിക്കലും തിരികെ കൊണ്ടുവരാന്‍ സാധിച്ചേക്കില്ല. 2021ലെ ഐപിഎല്ലില്‍ ഇഷാന്‍ കിഷന്റെ കാര്യത്തിലും മുംബൈ ഇന്ത്യന്‍സ് ഇതായിരുന്നു ചെയ്തത്. ഇഷാന്റെ ഫോം വീണ്ടെടുക്കാന്‍ ഇതു സഹായിക്കുകയും ചെയ്തു. സൂര്യയുടെ കാര്യത്തിലും ഇതു ഫലം ചെയ്‌തേക്കുമെന്നു ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.