ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. രാത്രി മുംബൈയുടെ തട്ടകമായ വാംഖഡെയിലാണ് എംഎസ് ധോണിയും സംഘവും പോരിനു ഇറങ്ങുന്നത്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും സീം ബൗളിങ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് ഈ മാച്ചില്‍ മുംബൈ അരങ്ങേറാന്‍ അവസരം നല്‍കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
കഴിഞ്ഞ രണ്ടു സീസണുകളായി താരം മുംബൈ സ്‌ക്വാഡിലുണ്ട്. പക്ഷെ ഇതുവരെ അര്‍ജുനെ കളിപ്പിക്കാന്‍ മുംബൈ ധൈര്യം കാണിച്ചിട്ടില്ല. എന്നാല്‍ സിഎസ്‌കെയ്‌ക്കെതിരേ താരക്കെ കയറൂരി വിടാനാണ് മുംബൈ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2021ലെ മെഗാ ലേലത്തിലായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ വാങ്ങിയത്. പക്ഷെ നെറ്റ്‌സില്‍ പന്തെറിയാന്‍ മാത്രമായിരുന്നു താരത്തിനു അവസരമുണ്ടായത്. കഴിഞ്ഞ സീസണില്‍ മുംബൈയെ സംബന്ധിച്ച് ദയനീയമായിരുന്നു. 14 ലീഗ് മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തിലാണ് അവര്‍ക്കു ജയിക്കാനായത്. ടീമിലെ ഒട്ടുമിക്ക കളിക്കാരെയും മുംബൈ വിവിവിധ മല്‍സരങ്ങളില്‍ പരീക്ഷിച്ചു നോക്കിയെങ്കിലും അര്‍ജുനെ കൡപ്പിക്കാന്‍ അവര്‍ തയ്യാറായില്ല. ഇതു ആരാധകരെ ചൊടിപ്പിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ മുംബൈ ടീം മാനേജ്‌മെന്റിനെ അവര്‍ വിമര്‍ശിക്കുകയും ചെയ്തു.
അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പ്രധാന പോരായ്മയായി മുംബൈ ഇന്ത്യന്‍സ് കണ്ടിരുന്നത് അനുഭവസമ്പത്ത് കുറവാണെന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം ഏറെ മുന്നോട്ടു പോയ്ക്കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമില്‍ മതിയായി അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ അര്‍ജുന്‍ കഴിഞ്ഞ വര്‍ഷം ഗോവന്‍ ടീമിലേക്കു മാറിയിരുന്നു. അച്ഛന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉപദേശപ്രകാരമായിരുന്നു ഇത്.
മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റ അച്ഛന്‍ യോഗ്‌രാജ് സിങിന്റെ കീഴില്‍ പരിശീലനം നടത്തുകയും ചെയ്തു. ഗോവയ്ക്കായി രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി നേടാന്‍ അര്‍ജുന് കഴിഞ്ഞിരുന്നു. കൂടാതെ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലും താരം മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിരുന്നു. നിലവില്‍ ഗോവന്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളായി അര്‍ജുന്‍ മാറിയിരിക്കുകയാണ്.

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കു പകരമായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. ആര്‍സിബിയുമായുള്ള കഴിഞ്ഞ മല്‍സരത്തിലായിരുന്നു ആര്‍ച്ചര്‍ മുംബൈയ്ക്കായി അരങ്ങേറിയത്. ഈ കളിയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചതുമില്ല. ആര്‍ച്ചര്‍ക്കു പരിക്കേറ്റതായും ചെന്നൈക്കെതിരേ കളിച്ചേക്കില്ലെന്നുമാണ് വിവരം. അങ്ങനെയെങ്കില്‍ പകരക്കാരനായിട്ടാവും അര്‍ജുന്‍ മുംബൈയുടെ പ്ലെയിങ് ഇലവനിലേക്കു വരിക.
ആദ്യ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു വന്‍ തോല്‍വിയേറ്റു വാങ്ങിയ രോഹിത് ശര്‍മയ്ക്കും സംഘത്തിനും സ്വന്തം തട്ടകത്തില്‍ ജയിച്ചേ തീരൂ. മറുഭാഗത്തു ചെന്നൈയാവട്ടെ അവസാന കളിയില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണിലേതു പോലെ ഇത്തവണയും ഒരുപാട് പ്രശ്‌നങ്ങള്‍ മുംബൈ ടീമിനെ അലട്ടുകയാണ്. പരിക്കുകളും ചില താരങ്ങളുടെ മോശം ഫോമുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പ്രധാനമായും ബൗളിങാണ് മുഖ്യ തലവേദന. കൂടാതെ ബാറ്റിങില്‍ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ മോശം ഫോമും മുംബൈയ്ക്കു തിരിച്ചടിയാണ്.
എങ്കിലും ചില യുവതാരങ്ങളുടെ പ്രകടനം മുംബൈ ഇന്ത്യന്‍സിനു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്. തിലക് വര്‍മയാണ് മുംബൈ നിരയില്‍ ഏറ്റവും മികച്ച ഫോമിലുള്ള താരം. കൂടാതെ ആര്‍സിബിക്കെതിരായ കഴിഞ്ഞ മാച്ചില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച നെഹാല്‍ വധേരയും മുംബൈയ്ക്കു പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ മാച്ചില്‍ ബാറ്റിങില്‍ തിളങ്ങാന്‍ സാധിക്കാതെ പോയ രോഹിത്തില്‍ നിന്നും വലിയൊരു സ്‌കോര്‍ മുംബൈയ്ക്കു ആവശ്യമാണ്.
രോഹിത്- ഇഷാന്‍ ഓപ്പണിങ് സഖ്യം ക്ലിക്കായെങ്കില്‍ മാത്രമേ മുംബൈയ്ക്കു ഈ സീസണില്‍ മുന്നേറാന്‍ സാധിക്കുകയുള്ളൂ. ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ഒരു മല്‍സരത്തില്‍പ്പോലും ഇഷാന്‍ ബാറ്റിങില്‍ തിളങ്ങിയിട്ടില്ല. ഇപ്പോള്‍ ഐപിഎല്ലിലും താരം ഇതാവര്‍ത്തിക്കുകയാണ്.
മുംബൈയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, തിലക് വര്‍മ, ടിം ഡേവിഡ്, നെഹാല്‍ വദേര, കുമാര്‍ കാര്‍ത്തികേയ, പിയൂഷ് ചൗള, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, അര്‍ഷദ് ഖാന്‍.