ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയുള്ള മാജിക്കല്‍ ഇന്നിങ്‌സിലൂടെ തന്റെ കരിയര്‍ അവസാനിച്ചില്ലെന്നു സെലക്ടര്‍മാരെ ഓര്‍മിപ്പിച്ചിരിക്കുകയാണ് അജിങ്ക്യ രഹാനെ. തന്റെ സുവര്‍ണ കാലത്തെ അനുസ്മരിപ്പിക്കുന്ന ഷോട്ടുകളായിരുന്നു താരം പായിച്ചത്. വെറും 27 ബോളുകളില്‍ നിന്നും 67 റണ്‍സ് രഹാനെ വാരിക്കൂട്ടി. ഏഴു ഫോറും മൂന്നു സിക്‌സറുകളുമടക്കമായിരുന്നു ഇത്.
മുംബൈയില്‍ നിന്നും മല്‍സരം തട്ടിയെടുത്തതും അദ്ദേഹത്തിന്റെ അവിശ്വസനീയ ഇന്നിങ്‌സായിരുന്നു. റണ്‍ചേസില്‍ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ചെന്നൈയ്ക്കു ഡെവന്‍ കോണ്‍വേയെ നഷ്ടമായിരുന്നു. പിന്നീടായിരുന്നു രഹാനെയുടെ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സ്. ഇതോടെ മുംബൈ ബാക്ക്ഫൂട്ടിലാവുകയും ചെയ്തു. രണ്ടാം വിക്കറ്റില്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം 82 റണ്‍സ് ടീം സ്‌കോറിലേക്കു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റുതുരാജിനെ ക്രീസിന്റെ മറുഭാഗത്തു കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു രഹാനെ ഷോ.

അജിങ്ക്യ രഹാനെയുടെ കിടിലന്‍ ഇന്നിങ്‌സ് കണ്ടതോടെ വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ അദ്ദേഹത്തെ നാലാം നമ്പറിലേക്കു ഇന്ത്യ പരിഗണിക്കണമെന്ന ആവശ്യമുയര്‍ന്നിരിക്കുകയാണ്. ഏകദിനത്തില്‍ ഇന്ത്യയുടെ സ്ഥിരം നാലാം നമ്പര്‍ ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തിരിക്കുകയാണ്. ശസ്ത്രക്രിയക്കു വിധേയനാവുകയാണെങ്കില്‍ ലോകകപ്പില്‍ അദ്ദേഹത്തിനു കളിക്കാനുമോയെന്ന കാര്യവും സംശയമാണ്. ശ്രേയസിനു പകരം കഴിഞ്ഞ മല്‍സരങ്ങളില്‍ സൂര്യകുമാര്‍ യാദവിനെ നാലാമനായി ഇന്ത്യ പരീക്ഷിച്ചിരുന്നു. പക്ഷെ അദ്ദേഹം ഈ റോളില്‍ തികഞ്ഞ പരാജയമായി മാറി. ഇതോടെ ലോകകപ്പില്‍ പുതിയൊരു നാലാമനെ ഇന്ത്യക്കു ആവശ്യമായി വന്നിരിക്കുകയാണ്.
സഞ്ജു സാംസണുള്‍പ്പെടെയുള്ളവര്‍ ഈ റോള്‍ മോഹിച്ച് രംഗത്തുണ്ട്. നിലവില്‍ ഏകദിനത്തില്‍ 66 ബാറ്റിങ് ശരാശരിയുള്ള തരമാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഏകദിനത്തില്‍ സഞ്ജു മിന്നുന്ന പ്രകടം നടത്തിയിരുന്നു. അതിനിടെയാണ് ലോകകപ്പിലെ നാലാമനാവാന്‍ അജിങ്ക്യ രഹാനെയുടെ സര്‍പ്രൈസ് എന്‍ട്രി. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍പ്പോലും അദ്ദേഹത്തിനു ഇടമില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി മിന്നുന്ന പ്രകടനം രഹാനെ അടുത്തിടെ കാഴ്ചവച്ചിരുന്നു. ഇപ്പോള്‍ ഐപിഎല്ലിലും നന്നായി തുടങ്ങിയതോടെ അദ്ദേഹം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരും രഹാനെയെ ഇന്ത്യന്‍ ടീമിലേക്കു തിരികെ വിളിക്കണമെന്നു ആവശ്യപ്പെട്ടു കഴിഞ്ഞു.

2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ആവേണ്ടിയിരുന്ന താരമാണ് അജിങ്ക്യ രഹാനെ. ഫസ്റ്റ് ചോയ്‌സ് ആയില്ലെങ്കിലും ശിഖര്‍ ധവാനു പകരക്കാരനായി മായങ്ക് അഗര്‍വാളിനു പകരം രഹാനെയെ പരിഗണിക്കേണ്ടിയിരുന്നു. കെഎല്‍ രാഹുലിനെ നാലാം നമ്പറില്‍ ഇറക്കി രഹാനെയെ ഓപ്പണിങില്‍ പരീക്ഷിക്കാമായിരുന്നു. മുമ്പത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ സെഞ്ച്വറി നേടിയ താരമാണ് രഹാനെയെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി. 2018ല്‍ എന്തുകൊണ്ടാണ് അജിങ്ക്യ രഹാനെയെ ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നൊഴിവാക്കിയതെന്നറിയില്ല. ഇന്ത്യയുടെ ഏറ്റവും സാങ്കേതികത്തികവുള്ള ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഏകദിനത്തിലും ടെസ്റ്റിലും നാലാം നമ്പറില്‍ ഏറ്റവും അനുയോജ്യനുമാണെന്നുമായിരുന്നു ഒരു പ്രതികരണം.
ഇന്ത്യക്കു വേണ്ടി നാലാംനമ്പറില്‍ നേരത്തേ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള താരമാണ് അജിങ്ക്യ രഹാനെ. ചില മോശം ഇന്നിങ്‌സുകളുടെ പേരില്‍ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചെന്നു നമുക്കു പറയാന്‍ കഴിയില്ല. ആരാധക പിന്തുണയും ബ്രാന്‍ഡ് മൂല്യവും കാരണമാണ് നമ്മുടെ ഇന്ത്യന്‍ ടീമില്‍ ചില കളിക്കാര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ രഹാനെയും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.