മുംബൈ: ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തെറിഞ്ഞ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബൗളിങിലൂടെ മുംബൈയെ മാനസികമായി തളര്‍ത്തിയ സിഎസ്‌കെ പിന്നാലെ അജിങ്ക്യ രഹാനെയുടെ തീപ്പൊരി ബാറ്റിങിടെ അവരെ ചാമ്പലാക്കുകയും ചെയ്തു. സിഎസ്‌കെയെ സംബന്ധിച്ച് ഒരു പെര്‍ഫെക്ട് മാച്ച് തന്നെയായിരുന്നു ഇത്.
നിര്‍ണായകമായ ടോസ് മുതല്‍ എല്ലാം സിഎസ്‌കെയുടെ ആഗ്രഹം പോലെ തന്നെ വന്നു. ഏഴു വിക്കറ്റിന്റെ മിന്നുന്ന വിജയമാണ് വാംഖഡെയില്‍ ചെന്നൈ ആഘോഷിച്ചത്. സീസണില്‍ സിഎസ്‌കെയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിതെങ്കില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. മുംബൈ എട്ടിന് 158. ചെന്നൈ 18.1 ഓവറില്‍ മൂന്നിന് 159.

ടോസിനു ശേഷം സിഎസ്‌കെ നായകന്‍ എംഎസ് ധോണി മുംബൈയോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഫ്‌ളോപ്പായ ചെന്നൈ ബൗളര്‍മാരെയല്ല ഈ മല്‍സരത്തില്‍ കണ്ടത്. മുംബൈ ബാറ്റിങ് നിരയെ തുടക്കം മുതല്‍ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു. ഒരിക്കല്‍പ്പോലും ചെന്നൈ ബൗളിങിനു മേല്‍ ആധിപത്യം നേടാന്‍ ആതിഥേയര്‍ക്കായില്ല. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന മുംബൈയെ പിടിച്ചുനിര്‍ത്താന്‍ ചെന്നൈയ്ക്കു സാധിച്ചു.
മറുപടിയില്‍ സ്വപ്‌നതുല്യമായ തുടക്കമായിരുന്നു മുംബൈയ്ക്കു പേസര്‍ ജേസണ്‍ ബെറന്‍ഡോര്‍ഫ് നല്‍കിയത്. സിഎസ്‌കെയുടെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഡെവന്‍ കോണ്‍വേയെ അദ്ദേഹം ബൗള്‍ഡാക്കി. തുടര്‍ന്നായിരുന്നു മല്‍സരഗതി മാറ്റി അജിങ്ക്യ രഹാനെയുടെ തീപ്പൊരി പ്രകടനം. വെറും 19 ബോളുകളില്‍ ഫിഫ്റ്റിയടിച്ച അദ്ദേഹം 61 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്. 27 ബോളുകള്‍ നേരിട്ട രഹാനെ ഏഴു ഫോറും മൂന്നു സിക്‌സറുകളുമടിച്ചു. രണ്ടാം വിക്കറ്റില്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം അദ്ദേഹം 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 ബോളുകളില്‍ നിന്നായിരുന്നു ഇത്.

രഹാനെ പുറത്തായ ശേഷം മൂന്നാം വിക്കറ്റില്‍ റുതുരാജ്- ശിവം ദുബെ സഖ്യം 42 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ചെന്നൈ വിജയമുറപ്പാക്കി. ദുബെ 26 ബോളില്‍ 28 റണ്‍സെടുത്ത് മടങ്ങിയെങ്കിലും റുതുരാജും (40*) അമ്പാട്ടി റായുഡുവും (20*) ചേര്‍ന്ന് 18.1 ഓവറില്‍ ചെന്നൈയെ വിജയത്തിലെത്തിക്കുകയായിരുന്നു.
നേരത്തേ മുംബൈ ബാറ്റിങ് ലൈനപ്പില്‍ ടോപ്‌സ്‌കോററായത് ഓപ്പണര്‍ ഇഷാന്‍ കിഷനായിരുന്നു. 32 റണ്‍സാണ് അദ്ദേഹം നേടിയത്. 21 ബോളുകള്‍ നേരിട്ട ഇഷാന്‍ അഞ്ചു ഫോറുകളടിച്ചു. തിലക് വര്‍മ (22), നായകന്‍ രോഹിത് ശര്‍മ (21), വാലറ്റത്ത് റിത്വിക് ഷോക്കീന്‍ (18*), കാമറൂണ്‍ ഗ്രീന്‍ (12) എന്നിവരാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. സൂര്യകുമാര്‍ യാദവിനു (1) ഈ മല്‍സരത്തിലും തിളങ്ങാനായില്ല. മൂന്നു വിക്കറ്റുകളെടുത്ത രവീന്ദ്ര ജഡേജയാണ് ചെന്നൈ ബൗളര്‍മാരില്‍ മികച്ചു നിന്നത്. മിച്ചെല്‍ സാന്റ്‌നറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ ടോസിനു ശേഷം ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ജയിച്ച കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ മൂന്നു മാറ്റങ്ങളോടെയാണ് സിഎസ്‌കെ ഇറങ്ങിയത്. ബെന്‍ സ്റ്റോക്‌സ്, മോയിന്‍ അലി, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവരെ ചെന്നൈ ഒഴിവാക്കുകയായിരുന്നു. പകരം അജിങ്ക്യ രഹാനെ, ഡ്വയ്ന്‍ പ്രെട്ടോറിയസ്, സിസാന്‍ഡ മംഗാല, എന്നിവര്‍ക്കു ഇടം ലഭിച്ചു. മറുഭാഗത്തു ജോഫ്ര ആര്‍ച്ചര്‍ക്കു മുംബൈ വിശ്രമം നല്‍കി.
ആദ്യ മല്‍സരത്തില്‍ വന്‍ പരാജയമായിരുന്നു മുംബൈയ്ക്കു നേരിട്ടത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു അവരുടെ മൈതാനത്തു എട്ടു വിക്കറ്റിനു മുംബൈ തകരുകയായിരുന്നു. ബാറ്റങില്‍ തുടക്കത്തില്‍ പതറിയ ശേഷം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചെങ്കിലും ബാറ്റിങില്‍ അമ്പെ പരാജയമായി മാറി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴു വിക്കറ്റിനു 171 റണ്‍സാണ് നേടിയത്. മറുപടിയില്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയും വിരാട് കോലിയും ഫിഫ്റ്റികളുമായി മിന്നിച്ചപ്പോള്‍ 16.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ആര്‍സിബി ലക്ഷ്യത്തിലെത്തി.
അതേസമയം, ചെന്നൈ ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ജിടിയോടു തോറ്റു കൊണ്ടാണ് ചെന്നൈ തുടങ്ങിയത്. അഞ്ചു വിക്കറ്റിനായിരുന്നു സിഎസ്‌കെ പരാജയത്തിലേക്കു വീണത്. എന്നാല്‍ ഹോംഗ്രൗണ്ടായ ചെപ്പോക്കിലെ രണ്ടാമത്തെ മാച്ചില്‍ ധോണിപ്പട ശക്തമായി തിരിച്ചുവന്നു. അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ 12 റണ്‍സിനു ചെന്നൈ ജയിച്ചുകയറുകയായിരുന്നു.
പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അര്‍ഷദ് ഖാന്‍, റിത്വിക് ഷോക്കീന്‍, പിയൂഷ് ചൗള, ജേസണ്‍ ബെറന്‍ഡോര്‍ഫ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഡെവന്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഡ്വയ്ന്‍ പ്രെട്ടോറിയസ്, ദീപക് ചാഹര്‍, മിച്ചെല്‍ സാന്റ്‌നര്‍, സിസാന്‍ഡ മഗാല, തുഷാര്‍ ദേശ്പാണ്ഡെ.