മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ 31ാം തീയ്യതി ആരംഭിക്കാന്‍ പോവുകയാണ്. അവസാന സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ വലിയ പ്രതീക്ഷയിലാണ്. അവസാന സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാന്‍ റോയല്‍സ്. കരുത്തുറ്റ താരനിര ഇത്തവണയും രാജസ്ഥാനൊപ്പമുണ്ട്. അതുകൊണ്ട് തന്നെ കിരീട പ്രതീക്ഷകളുമേറെ.

അവസാന സീസണില്‍ ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായത്. നാല് സെഞ്ച്വറി ഉള്‍പ്പെടെ രാജസ്ഥാനായി കസറുന്ന പ്രകടനമാണ് ബട്‌ലര്‍ കാഴ്ചവെച്ചത്. എന്നാല്‍ ഇത്തവണ ആരാവും രാജസ്ഥാന്റെ ഹീറോ?. അവസാന സീസണിലെ മികവ് ബട്‌ലര്‍ ഇത്തവണ ആവര്‍ത്തിക്കുമോ?. സഞ്ജു സാംസണ്‍, യശ്വസി ജയ്‌സ്വാള്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ തുടങ്ങിയ വമ്പന്മാരെല്ലാം ഇത്തവണയും രാജസ്ഥാനൊപ്പമുണ്ട്.
ഇവരില്‍ നിന്നെല്ലാം വമ്പന്‍ പ്രകടനമാണ് രാജസ്ഥാന്‍ ടീമും ആരാധകരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ പ്രതീക്ഷിക്കാത്തവരുടെ പട്ടികയില്‍ നിന്ന് മാച്ച് വിന്നര്‍മാരായി മാറാന്‍ സാധ്യതയുള്ള ചില താരങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ട്. നായകന്‍ സഞ്ജു സാംസണിനെപ്പോലും അത്ഭുതപ്പെടുത്തി മാച്ച് വിന്നര്‍മാരാവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം റിയാന്‍ പരാഗാണ്.

ഓള്‍റൗണ്ടറായ പരാഗിനെ മധ്യനിരയിലാണ് രാജസ്ഥാന്‍ കളിപ്പിക്കുന്നത്. രാജസ്ഥാന്‍ ആരാധകര്‍ പോലും പലവട്ടം ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള താരമാണ് പരാഗ്. വെറും ഷോയല്ലാതെ കാര്യമായൊന്നും ഇതുവരെ ചെയ്യാന്‍ പരാഗിനായിട്ടില്ല. അതുകൊണ്ട് തന്നെ വലിയ വിമര്‍ശനവും താരം നേരിടേണ്ടി വന്നിട്ടുണ്ട്. ടീം മാനേജ്‌മെന്റിന്റെ ബന്ധക്കാരനായതിനാലാണ് പരാഗ് പ്ലേയിങ് 11ലെത്തിയതെന്നുപോലും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ പരാഗ് തിളങ്ങിയേക്കും.
താരത്തിന്റെ സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളെല്ലാം അതിഗംഭീരമാണ്. അതുകൊണ്ട് തന്നെ അപ്രതീക്ഷിത മാച്ച് വിന്നറായി രാജസ്ഥാന്‍ നിരയില്‍ കൈയടി നേടാന്‍ കരുത്തുള്ളവനാണ് റിയാന്‍ പരാഗ്. രണ്ടാമതായി ഈ പട്ടികയിലേക്ക് പരിഗണിക്കാവുന്ന താരം ആദം സാംബയാണ്. ഇത്തവണയും രാജസ്ഥാന്റെ സ്പിന്‍ നിരയില്‍ ആര്‍ അശ്വിനും യുസ് വേന്ദ്ര ചഹാലിനുമാണ് അവസരം. എന്നാല്‍ സാംബ രാജസ്ഥാന്റെ വജ്രായുധമായി മാറാന്‍ സാധ്യത കൂടുതലാണ്.
അവസാന ഇന്ത്യന്‍ പരമ്പരയില്‍ ഓസ്‌ട്രേലിയ ഏകദിന പരമ്പര നേടിയപ്പോള്‍ ഗംഭീര ബൗളിങ് പ്രകടനമാണ് സാംബ കാഴ്ചവെച്ചത്. ഇന്ത്യന്‍ പിച്ചുകളില്‍ ഗൂഗ്ലിയിലൂടെ നേട്ടമുണ്ടാക്കാന്‍ സാംബക്ക് സാധിക്കും. എന്നാല്‍ രാജസ്ഥാന്‍ സാംബയെ എങ്ങനെ ഉപയോഗിക്കുമോയെന്ന് കണ്ടറിയാം. വിദേശ താരമായതിനാല്‍ സാംബ കൂടുതല്‍ മത്സരത്തിലും പുറത്തിരിക്കാനാണ് സാധ്യത. സാംബയെ രാജസ്ഥാന്‍ പരിഗണിച്ചാല്‍ അപ്രതീക്ഷിത മാച്ച് വിന്നറായി മാറിയേക്കും.

സന്ദീപ് ശര്‍മയാണ് മറ്റൊരു താരം. പ്രസിദ്ധ് കൃഷ്ണ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായെത്തിയ താരമാണ് സന്ദീപ് ശര്‍മ. ഐപിഎല്ലിലെ അനുഭവസമ്പന്നനായ സന്ദീപ് ശര്‍മ ലേലത്തില്‍ അണ്‍സോള്‍ഡായത് എല്ലാവരെയും ഞെട്ടിപ്പിക്കുന്ന കാര്യമായിരുന്നു. ജസ്പ്രീത് ബുംറക്ക് പകരക്കാരനായി സന്ദീപ് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സ് സന്ദീപിനെ ഒപ്പം കൂട്ടുകയായിരുന്നു. നിലവില്‍ വലിയ പ്രതീക്ഷകളില്ലത്ത താരമാണെങ്കിലും മാച്ച് വിന്നറായി മാറിയേക്കും.
പ്രസിദ്ധിന് പകരം സന്ദീപിന് തന്നെ പ്ലേയിങ് 11 അവസരം ലഭിച്ചേക്കും. വിരാട് കോലിക്കെതിരേ മികച്ച റെക്കോഡുള്ള ബൗളറാണ് സന്ദീപ് ശര്‍മ. നല്ല സ്വിങ് കണ്ടെത്താന്‍ സാധിക്കുന്ന ബൗളറായ അദ്ദേഹം ഇത്തവണ രാജസ്ഥാന്റെ അപ്രതീക്ഷിത മാച്ച് വിന്നറായി മാറാന്‍ സാധ്യത കൂടുതലാണ്. കുല്‍ദീപ് സെന്‍, നവദീപ് സൈനി എന്നിവരില്‍ നിന്നും ഇത്തവണ അപ്രതീക്ഷിത പ്രകടനം പ്രതീക്ഷിക്കാം.