ടീം ഇന്ത്യയിലേക്കുള്ള തന്റെ ഏറ്റവും നിര്‍ണായകമായ 'എന്‍ട്രന്‍സ് പരീക്ഷയായ' ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി തുടക്കം ഗംഭീരമാക്കിക്കഴിഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ 55 റണ്‍സെടുത്ത സഞ്ജു ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. 32 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ഫോറും നാലു സിക്‌സറുമടിച്ചിരുന്നു.
ഈ കളിയില്‍ ഹൈദരാബാദിനെതിരേ 72 റണ്‍സിന്റെ ആധികാരിക വിജയവും റോയല്‍സ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്നുള്ള മല്‍സരങ്ങളിലും ബാറ്റിങില്‍ മികവ് തുടര്‍ന്ന് പരമാവധി റണ്‍സ് അടിച്ചെടുക്കാനായാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറക്കുമെന്നുറപ്പാണ്.

അതിനിടെ സഞ്ജു സാംസണിനു അധികം വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി തീരാന്‍ സാധിക്കുമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ മനോജ് തിവാരി. ഇതിനുള്ള പ്രധാനപ്പെട്ട കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു തിവാരി. അസാധാരണ പ്രതിഭയുള്ള ക്രിക്കറ്ററാണ് സഞ്ജു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ തുടങ്ങിയവരെപ്പോലെ ജന്‍മസിദ്ധമായ കഴിവുകള്‍ അദ്ദേഹത്തിനുണ്ട്. ഇന്ത്യന്‍ ടീമില്‍ സഞ്ജു എപ്പോള്‍ സ്ഥിരം സാന്നിധ്യമായി മാറുമെന്നത് ഉറപ്പാണ്. അതു വൈകാതെ ത്‌ന്നെയുണ്ടാവുമെന്നും തിവാരി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്ററാണ് സഞ്ജു സാംസണ്‍. വ്യക്തിപരമായി മാത്രമല്ല സഞ്ജുവിന്റെ ഗെയിമും അദ്ദേഹം ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ ദേശീയ ടീമിലേക്കുള്ള വിളി അധികം വൈകില്ല.
ദ്രാവിഡ് തീര്‍ച്ചയായും സഞ്ജുവിനെ പിന്തുണയ്ക്കുക തന്നെ ചെയ്യും. ഇതിനായി ഒരേയൊരു അവസരമാണ് അദ്ദേഹം തിരയുന്നതെന്നും മനോജ് തിവാരി വ്യക്തമാക്കി. ഉചിതമായ അവസരമെത്തിയാല്‍ ദ്രാവിഡിന്റെ പൂര്‍ണ പിന്തുണ സഞ്ജുവിന് ലഭിക്കും. അതു ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനമുറപ്പിക്കുകയും ചെയ്യുമെന്നും തിവാരി ചൂണ്ടിക്കാട്ടി.
രോഹിത് ശര്‍മ ഒരു മോശം സമയത്തിലൂടെ കടന്നുപോയപ്പോള്‍ വളരെയധികം പിന്തുണച്ചിട്ടുള്ളയാളാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. രോഹിത് റണ്ണെടുക്കാന്‍ വളെയധികം ബുദ്ധിമുട്ട് നേരിട്ട സമയമായിരുന്നു അത്. രോഹിത്തില്‍ പ്രതിഭയുണ്ടെന്നു അന്നു ധോണിക്കു അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം പൂര്‍ണ പിന്തുണ നല്‍കിയത്. അന്നു രോഹിത്തിന് ധോണി നല്‍കിയതു പോലെയുള്ള പിന്തുണയാണ് സഞ്ജുവിനും ആവശ്യം.

കാരണം രോഹിത്തിനെപ്പോലെ തന്നെയുള്ള കഴിവ് അദ്ദേഹത്തിനുമുണ്ട്. അതിനാല്‍ സഞ്ജുവിനെയും അതുപോലെ പിന്തുണയ്‌ക്കേണ്ടത് വളരെ പ്രധാനമാണ്. ഐപിഎല്ലില്‍ ഇത്തവണ ഒരു സാധാരണ പ്രകടനമല്ല, അസാധാരണ പ്രകടനം തന്നെയാണ് സഞ്ജുകാഴ്ചവയ്‌ക്കേണ്ടത്. എങ്കില്‍ മാത്രമല്ല ഇന്ത്യന്‍ ടീമിന്റ വാതില്‍ മുട്ടുകയല്ല, അതു തകര്‍ത്ത് അകത്തേക്കു കയറാന്‍ കഴിയൂവെന്നും മനോജ് തിവാരി കൂട്ടിച്ചേര്‍ത്തു.
ഐപിഎല്ലിനു ശേഷം വെസ്റ്റ് ഇന്‍ഡീസ് അയര്‍ലാന്‍ഡ് പര്യടനങ്ങളിലാണ് ഇന്ത്യന്‍ ടീം കളിക്കുക. കൂടാതെ ഓസ്‌ട്രേലിയയുമായി വൈറ്റ് ബോള്‍ പരമ്പരയുമുണ്ട്. കൂടാതെ ഏഷ്യാ കപ്പും പിന്നാലെ ഐസിസിയുടെ ഏകദിന ലോകകപ്പും ഇന്ത്യയെ കാത്തിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ സഞ്ജു സാംസണിനു ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതിനായി ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ. ഈ വര്‍ഷം ഇന്ത്യക്കായി ഒരേയൊരു ടി20യില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. ജനുവരിയില്‍ ശ്രീലങ്കയുമായി നടന്ന ടി20 പരമ്പരയിലായിരുന്നു ഇത്. പക്ഷെ ആദ്യ കളിക്കിടെ അദ്ദേഹത്തിനു പരിക്കേല്‍ക്കുകയും തുടര്‍ന്ന് പരമ്പരയില്‍ നിന്നും പിന്മാറേണ്ടി വരികയുമായിരുന്നു.
ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ വൈകിയതിനാല്‍ പിന്നീട് ന്യൂസിലാന്‍ഡുമായുള്ള വൈറ്റ് ബോള്‍ പരമ്പരകളിലേക്കു സഞ്ജു പരിഗണിക്കപ്പെട്ടില്ല. പക്ഷെ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടും ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിന പരമ്പരയില്‍ അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിച്ചില്ല. ശ്രേയസ് അയ്യര്‍ക്കു പരിക്കേറ്റപ്പോള്‍ പകരക്കാരനായി സഞ്ജുവിന് നറുക്കുവീഴുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അതു സംഭവിച്ചില്ല.