IPL 2023: ഇത്രയും അഹങ്കാരം പാടില്ല, മാന്യതയില്ലേ? കോലിയെ വിലക്കണം! രൂക്ഷ വിമര്‍ശനം
ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ നാടകീയമായ സംഭവങ്ങള്‍ക്ക് ആര്‍സിബിയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും തമ്മിലുള്ള അവസാന മത്സരത്തിന് ശേഷം നടന്നത്. ബൗളര്‍മാര്‍ കരുത്തുകാട്ടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഒമ്പത് വിക്കറ്റിന് 126 റണ്‍സെടുത്തപ്പോള്‍ 19.5 ഓവറില്‍ 108 റണ്‍സില്‍ ലഖ്‌നൗവിനെ ഒതുങ്ങി ആര്‍സിബി കളി പിടിക്കുകയായിരുന്നു.
ലഖ്‌നൗവിന്റെ തട്ടകത്തില്‍ 18 റണ്‍സിനാണ് ആര്‍സിബി ജയിച്ചത്. മത്സരത്തിലുടെനീളം വിരാട് കോല അമിത ആക്രമണോത്സകതകാട്ടിയിരുന്നു. ലഖ്‌നൗവിന്റെ അഫ്ഗാന്‍ പേസര്‍ നവീന്‍ ഉല്‍ ഹഖിനോട് കോലി ഉടക്കിയതും ലഖ്‌നൗവിന്റെ ടോപ് ഓഡര്‍ തകര്‍ന്നപ്പോള്‍ ഗൗതം ഗംഭീറിനെ പരിഹസിച്ച് വായില്‍ വിരല്‍ വെച്ച് നിശബ്ദമായിരിക്കാന്‍ കാട്ടിയതുമെല്ലാം ലഖ്‌നൗവിനെ നന്നായി പ്രകോപിപ്പിച്ചിരുന്നു.

മത്സരശേഷം ഇതെല്ലാം കൂടിയുള്ള പ്രതികരണമായാണ് ലഖ്‌നൗ താരങ്ങളെല്ലാം ചേര്‍ന്ന് കോലിക്ക് നേരെ തിരഞ്ഞത്. മത്സരശേഷം ഹസ്തദാനം ചെയ്യവെ നവീന്‍ ഉല്‍ ഹഖ് കോലിയോട് കയര്‍ത്തതും ഗൗതം ഗംഭീറും ഏറ്റുപിടിച്ച് വിരല്‍ച്ചൂണ്ടി കോലിക്കെതിരേയെത്തിയതുമെല്ലാം മത്സരശേഷം ലഖ്‌നൗ മൈതാനത്ത് കണ്ടു. സഹതാരങ്ങള്‍ ചേര്‍ന്ന് വളരെ പണിപ്പെട്ടാണ് കോലിയേയും ഗംഭീറിനെയും പിന്തിരിപ്പിച്ചത്.
ഇപ്പോഴിതാ കോലിയെ വിലക്കണമെന്ന് ആവിശ്യപ്പെട്ട് ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് ലഖ്‌നൗ ആരാധകര്‍. കോലിയുടെ അമിത ആക്രമണോത്സകത ക്രിക്കറ്റിന്റെ മാന്യതക്ക് ചേര്‍ന്നതല്ലെന്നും കോലിയെ രണ്ട് മത്സരത്തിലെങ്കിലും വിലക്കണമെന്നാണ് ലഖ്‌നൗ ആരാധകര്‍ ആവിശ്യപ്പെടുന്നത്. അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയാണ് കോലി. യാതൊരു കാരണവുമില്ലാതെ താരങ്ങളോട് തട്ടിക്കയറുകയും സ്ലെഡ്ജ് ചെയ്യുകയും ചെയ്യുന്നു.
സൂപ്പര്‍ താരമാണെങ്കിലും അതിരുകടന്ന ആക്രമണോത്സകതയെ പ്രോത്സാഹിപ്പിക്കാനാവില്ല. കോലി കാട്ടുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. ആരും ചോദ്യം ചെയ്യാന്‍ ഇല്ലെന്ന അഹങ്കാരമാണ് കോലി. ആരെയും വകവെക്കാതെ താന്‍ വലിയ താരമാണെന്ന അഹങ്കാരം കാട്ടുകയാണ് കോലിയെന്നാണ് ലഖ്‌നൗ ആരാധകര്‍ പറയുന്നത്. നവീന്‍ ഉല്‍ ഹഖ് യുവതാരമാണ്. യാതൊരു കാരണവുമില്ലാതെയാണ് അദ്ദേഹത്തെ കോലി സ്ലെഡ്ജ് ചെയ്തത്.
ഈ സീസണില്‍ ഇതിനോടകം അമിത ആക്രമണോത്സകത കാട്ടിയതിന് കോലിക്ക് താക്കീത് ലഭിച്ചതാണ്. എന്നാല്‍ ഇതിനെയൊന്നും പ്രശ്‌നമാക്കാതെയാണ് കോലി തന്റെ അഹങ്കാരം തുടരുന്നത്. രണ്ട് മത്സരത്തിലെങ്കിലും പുറത്തിരുത്തുമ്പോള്‍ അല്‍പ്പം ഒതുങ്ങുമെന്നാണ് ആരാധകര്‍ പറയുന്നത്. ആര്‍സിബിയുടെ നായകനെന്ന നിലയില്‍ ജയത്തിനായാണ് കോലി ആക്രമണോത്സകത കാട്ടിയതെന്ന് പറയാം. എന്നാല്‍ ലഖ്‌നൗവിനെതിരേ ഇത് പരിധിവിട്ടു.

താരങ്ങളോട് അനാവശ്യമായി തട്ടിക്കയറുന്നത് ഇന്ത്യന്‍ താരങ്ങള്‍ ക്ഷമിച്ചാലും വിദേശ താരങ്ങള്‍ ക്ഷമിക്കില്ല. നവീന്‍ ഉല്‍ ഹഖ് അഫ്ഗാന്‍ താരമാണ്. അതുകൊണ്ട് തന്നെ കോലിയെ ഭയപ്പെടുകയോ ബഹുമാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഭാഗ്യത്തിനാണ് നവീന്റെ അടുത്ത് നിന്ന് കോലിക്ക് അടികിട്ടാത്തതെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ സൂര്യകുമാര്‍ യാദവിനെപ്പോലും സ്ലെഡ്ജ് ചെയ്തയാളാണ് കോലി.
ജയിക്കാനായി ഇന്ത്യന്‍ താരത്തെപ്പോലും സ്ലെഡ്ജ് ചെയ്യാന്‍ കോലി മടികാട്ടില്ല. ഇത് മാന്യതയല്ല. കോലി തന്റെ പ്രതിഭയ്ക്ക് ചീത്തപ്പേര് കേള്‍പ്പിക്കുന്ന സ്വഭാവമാണ് ഇപ്പോള്‍ കാട്ടുന്നത്. കോലി ഇനിയും ഇതേ സ്വഭാവം തുടരാതിരിക്കാന്‍ താക്കീത് നല്‍കിയിട്ട് കാര്യമില്ലെന്നും വിലക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതിന് സാധ്യത വളരെ കുറവാണെന്ന് പറയാം.
കോലി സൂപ്പര്‍ താരമാണെന്നതും കോലിയുടെ ആരാധക പിന്തുണ ഏറെയാണെന്നതും അദ്ദേഹത്തിന് മറ്റ് താരങ്ങളെക്കാള്‍ മുന്‍തൂക്കം നല്‍കുന്നു. കോലിയെ വിലക്കാന്‍ ബിസിസി ഐ മുതിര്‍ന്നേക്കില്ല. അച്ചടക്ക ലംഘത്തിന് പിഴ ശിക്ഷ ലഭിക്കാന്‍ സാധ്യത കൂടുതലാണ്. എന്തായാലും കോലിയെ സംബന്ധിച്ച് വലിയ നാണക്കേടായി മാറിയ സംഭവമാണ് ലഖ്‌നൗവില്‍ അരങ്ങേറിയത്.
മത്സരശേഷം ലഖ്‌നൗ താരങ്ങള്‍ നേര്‍ക്കെത്തിയപ്പോള്‍ കോലി ശാന്തനായാണ് കാണപ്പെട്ടത്. ഹസ്തദാനത്തിനിടെ നവീന്‍ രൂക്ഷമായി സംസാരിച്ചപ്പോഴും കോലി അല്‍പ്പം ശാന്തതയോടെയാണ് സംസാരിച്ചത്. എന്നാല്‍ ഇൗ മാന്യത മത്സരം നടക്കുമ്പോള്‍ കോലി കാട്ടുന്നില്ല. ആര്‍സിബിയെ സ്വന്തം തട്ടകത്തില്‍ ലഖ്‌നൗ തോല്‍പ്പിച്ചിരുന്നു. ഇതിന് ലഖ്‌നൗവിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് പ്രതികാരം ചെയ്യാന്‍ കോലിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications