ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വലിയ നാണക്കേടുണ്ടാക്കുന്ന സംഭവമണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടന്ന അവസാന മത്സരത്തിന് ശേഷം മൈതാനത്ത് അരങ്ങേറിയത്. ആര്‍സിബി നായകനും ഇന്ത്യന്‍ ഇതിഹാസവുമായ വിരാട് കോലിയും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരങ്ങളും തമ്മില്‍ വാക്കുതര്‍ക്കവും കൈയാങ്കളിയുടെ വക്കോളമെത്തുന്നതുമാണ് മത്സരശേഷം കണ്ടത്.
കോലി-ഗംഭീര്‍ ശത്രുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗംഭീര്‍ കെകെആര്‍ നായകനായിരിക്കെ തുടങ്ങിയ ഈ ശത്രുത ഇപ്പോഴും തുടരുന്നുവെന്ന് തെളിയിക്കുന്നതാണ് മത്സരശേഷം നടന്നത്. കോലി മത്സരത്തിനിടെ ലഖ്‌നൗ താരം നവീന്‍ ഉല്‍ ഹഖിനെ സ്ലെഡ്ജ് ചെയ്തിരുന്നു. കൂടാതെ ഗംഭീറിനെ കളിയാക്കി കോലി വായില്‍ വിരല്‍ വെച്ച് നിശബ്ദനാവാനുള്ള ആഗ്യവും കാട്ടിയിരുന്നു.

സീസണില്‍ നേരത്തെ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ആര്‍സിബിയെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് സാധിച്ചിരുന്നു. ഇതിന് ശേഷം ഗൗതം ഗംഭീര്‍ ആര്‍സിബി ആരാധകരെ പരിഹസിക്കുന്ന രീതിയില്‍ വായില്‍ വിരല്‍വെച്ച് കാണികളോട് നിശബ്ദാനാവാന്‍ ആവിശ്യപ്പെട്ടിരുന്നു. ഇത് അന്ന് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഇപ്പോള്‍ അവസരം ലഭിച്ചപ്പോള്‍ കോലി അതിന് മറുപടി നല്‍കുകയും ചെയ്തു.
മത്സരശേഷം നടന്ന നാടകീയ സംഭവങ്ങള്‍ ആവേശം ഉണ്ടാക്കുന്നതാണെങ്കിലും തമ്മില്‍ത്തല്ലുന്ന നിലവാരത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത് ഐപിഎല്ലിന് ചേരുന്നതല്ല. ഈ പ്രശ്‌നങ്ങള്‍ക്ക് ആരെയാണ് കുറ്റം പറയേണ്ടത്. വിരാട് കോലി, ഗൗതം ഗംഭീര്‍, നവീന്‍ ഉല്‍ ഹഖ് എന്നീ മൂന്ന് പേരാണ് പ്രശ്‌നങ്ങളുടെ കാരണക്കാര്‍. എന്നാല്‍ ഇതില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് ഗൗതം ഗംഭീറാണെന്ന് പറയാം.
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവാണ് ഗംഭീര്‍. ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തിന് ശേഷം ഗംഭീര്‍ നടത്തിയ ആഘോഷമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പ്രധാന കാരണം. ബംഗളൂരുവിലെ ആരാധകരോട് വായടക്കൂവെന്ന തരത്തില്‍ ഗംഭീര്‍ ആംഗ്യം കാട്ടിയത് സ്വാഭാവികമായും ആര്‍സിബി ആരാധകരെ പ്രകോപിപ്പിക്കും. ഇതിന്റെ ബാക്കിയായാണ് ഇപ്പോള്‍ ലഖ്‌നൗവിന്റെ തടക്കത്തില്‍ നടന്നത്.
കര്‍മ ഫലമാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ലഖ്‌നൗവിന്റെ ടോപ് ഓഡറിലെ വിക്കറ്റുകള്‍ പോയപ്പോള്‍ കോലി ഒന്നിലധികം തവണ വായില്‍ വിരല്‍വെച്ച് നിശബ്ദനാവൂയെന്ന് ആംഗ്യം കാട്ടി ഗംഭീറിനെ പരിഹസിക്കുന്നുണ്ടായിരുന്നു. ഇതില്‍ ഗംഭീറിന് കടുത്ത അമര്‍ഷമുണ്ടെന്ന് മുഖ ഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു. ഇതിനിടെയാണ് കോലി നവീന്‍ ഉല്‍ ഹഖുമായി ഉടക്കുന്നത്. 17ാം ഓവറിലാണ് ഇത് നടന്നത്.
മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍സിബിയെ ചെറിയ സ്‌കോറില്‍ തളച്ചിടാന്‍ ലഖ്‌നൗവിന് കരുത്തായത് നവീന്‍ ഉല്‍ ഹഖാണ്. അതുകൊണ്ട് തന്നെ നവീന്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ പരമാവധി പ്രകോപിപ്പിക്കാന്‍ കോലി ശ്രമിക്കുകയും ചെയ്തു. യുവതാരമെന്ന നിലയില്‍ കോലി നവീനോട് അല്‍പ്പം കൂടി പരിഗണന കാട്ടേണ്ടതായിരുന്നു. എന്നാല്‍ കോലി അത് കാട്ടാതിരുന്നത് സീനിയര്‍ താരമെന്ന നിലയില്‍ കോലിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച.

ആര്‍സിബി നായകനെന്ന നിലയില്‍ വിജയത്തിനായുള്ള ശ്രമങ്ങളാണ് കോലി നടത്തിയത്. ആക്രമണോത്സകത കാട്ടാന്‍ കോലിക്ക് മടിയില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ലഖ്‌നൗവിനെതിരേ പഴയ പകയുള്ളതിനാല്‍ കോലി അല്‍പ്പം അതിരുവിട്ട് ആക്രമണോത്സകതകാട്ടി. നവീന്‍ അഫ്ഗാന്‍ താരമാണ്. ഇതിന് മുമ്പ് തന്നോട് മുട്ടാന്‍ വന്നവരോടെല്ലാം അതേ രീതിയില്‍ മറുപടി നല്‍കിയിട്ടുള്ള താരമാണ് അദ്ദേഹം.
കോലിയുടെ ഭാഗത്ത് നിന്നുണ്ടായത് വലിയ വീഴ്ചയാണെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം ഗംഭീറാണെന്ന് പറയാം. നേരത്തെ മുതല്‍ കോലിയും ഗംഭീറും തമ്മിലുണ്ടായിരുന്ന ശത്രുത ഇരുവരും മറന്നിട്ടില്ലാത്തത് വീണ്ടും വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കാന്‍ കാരണമാവുന്നു. രണ്ട് പേരും ദേഷ്യം നിയന്ത്രിക്കാന്‍ പ്രയാസമുള്ളവരായത് വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും കാര്യങ്ങളെത്തിക്കുന്നു. എന്തായാലും വലിയ നാണക്കേടായി സംഭവം മാറി.