ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഏറ്റവും നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയ മത്സരമാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ആര്‍സിബിയും തമ്മില്‍ നടന്നത്. വിരാട് കോലിയുടെ ആക്രമണോത്സകത നിറഞ്ഞാടിയ മത്സരത്തില്‍ അമിത് മിശ്ര, നവീന്‍ ഉല്‍ ഹഖ്, ഗൗതം ഗംഭീര്‍ എന്നിവരോടെല്ലാം കോലി കൊമ്പുകോര്‍ത്തു. മത്സരത്തിന് ശേഷം ഗംഭീറും കോലിയും തമ്മില്‍ ശക്തമായ വാക്കുതര്‍ക്കമുണ്ടായി.
അംപയര്‍മാരും സഹതാരങ്ങളും ഇടപെട്ടില്ലായിരുന്നെങ്കില്‍ കോലിയും ഗംഭീറും തമ്മില്‍ കൈയാങ്കളി വരെ നടന്നേനെ. എല്ലാത്തിനും കാരണം ഗൗതം ഗംഭീറാണെന്നാണ് കോലി ആരാധകര്‍ വാദിക്കുന്നത്. ആര്‍സിബിയെ തട്ടകത്തില്‍ ലഖ്‌നൗ തോല്‍പ്പിച്ചപ്പോള്‍ ഗൗതം ഗംഭീര്‍ ബംഗളൂരുവിലെ ആരാധകരോട് വായടക്കാന്‍ ആവിശ്യപ്പെട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് കോലി ആരാധകര്‍ പറയുന്നത്.

എന്നാല്‍ ഇന്നലെ ലഖ്‌നൗവില്‍ നടന്നത് മുഴുവനും കോലിയുടെ അഹങ്കാരത്തിന്റെ ഫലമായുണ്ടായതാണെന്നും കോലി മാത്രമാണ് കുറ്റക്കാരനെന്നുമാണ് ലഖ്‌നൗ ആരാധകരുടെ പക്ഷം. അതിന്റെ കാരണങ്ങള്‍ ആരാധകര്‍ അക്കമിട്ട് നിരത്തുന്നു. ആര്‍സിബി ബൗളിങ്ങിനിറങ്ങിയപ്പോള്‍ മുതല്‍ കോലി അനാവശ്യമായി ലഖ്‌നൗ താരങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടായിരുന്നു. ടോപ് ഓഡറില്‍ വിക്കറ്റുകള്‍ വീണപ്പോള്‍ കോലി വായില്‍ വിരല്‍വെച്ച് ഗംഭീറിനെ പരിഹസിച്ചിരുന്നു.
ബംഗളൂരുവില്‍ ഗംഭീര്‍ ചെയ്തതിന് അതേ രീതിയില്‍ കോലി ലഖ്‌നൗവിന്റെ മണ്ണില്‍ മറുപടി പറയുകയായിരുന്നു. ഇതിനെ ആക്രമണോത്സകതയെന്നോ പ്രതികാരമെന്നോ വിലയിരുത്താമെങ്കിലും പിന്നീട് നടന്നതെല്ലാം കോലിയുടെ അഹങ്കാരത്തില്‍ നിന്ന് മാത്രം ഉണ്ടായവയാണ്. നവീന്‍ ഉല്‍ ഹഖ് ബാറ്റ് ചെയ്യുന്നതിനിടെ അനാവശ്യമായി പ്രകോപിച്ചത് കോലിയാണ്. ആര്‍സിബിയുടെ മൂന്ന് വിക്കറ്റുകള്‍ നവീന്‍ വീഴ്ത്തിയതിന്റെ പ്രതികാരമായി ഇതിനെ വിശേഷിപ്പിക്കാം.
എന്നാല്‍ അമിത് മിശ്രയോട് കോലി കയര്‍ത്തതെന്തിനെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്ത്യയുടെ സീനിയര്‍ താരമാണ് അമിത്. ആരോടും ഒന്നിനും നില്‍ക്കാത്ത അദ്ദേഹത്തെപ്പോലൊരു താരത്തെ കോലി അപമാനിക്കാന്‍ ശ്രമിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് ആരാധക പക്ഷം. കോലിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണിതെന്നും സീനിയര്‍ താരങ്ങളെ ബഹുമാനിക്കാന്‍ കോലി മടികാട്ടുന്നതെന്തിനാണെന്നും ആരാധകര്‍ ചോദിക്കുന്നു.
ലഖ്‌നൗവുമായി ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ കോലിയെ പുറത്താക്കിയത് അമിത് മിശ്രയായിരുന്നു ഇതിന്റെ പ്രതികാരം കോലി തീര്‍ത്തതാണ് കോലിയെന്നും ആരാധകര്‍ പ്രതികരിക്കുന്നു. ചെറിയ കാര്യങ്ങളില്‍ പോലും ശത്രുതകാട്ടുകയും അതിന് കളത്തില്‍ പകപോക്കുകയും ചെയ്യുന്നത് കോലിയുടെ ശീലമാണ്. എന്നാല്‍ മിശ്രയെപ്പോലൊരു താരത്തോട് അത് വേണ്ടിയിരുന്നില്ലെന്നും ഇത് മാപ്പര്‍ഹിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു.
മത്സരത്തിന് ശേഷവും പ്രകോപനമുണ്ടാക്കിയത് കോലിയാണ്. ഹസ്തദാനം ചെയ്യുന്നതിനിടെ സീനിയര്‍ താരമെന്ന അഹങ്കാരത്തോടെ നവീനോട് പ്രകോപനപരമായി സംസാരിച്ചത് കോലിയാണ്. ഇതിന് ശേഷമാണ് നവീന്‍ തിരിച്ചുപറഞ്ഞത്. പിന്നീട് കോലി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ നവീന്‍ ഒഴിഞ്ഞുമാറിയതും ഇതുകൊണ്ടാണ്. മൈതാനം വിടാതെ പ്രകോപിച്ചുകൊണ്ട് കളത്തില്‍ തുടര്‍ന്നത് കോലിയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഗുരുത അച്ചടക്ക ലംഘനമായാണ് ബിസിസി ഐ സംഭവത്തെക്കണ്ടത്. അതുകൊണ്ട് തന്നെയാണ് കോലിക്കും ഗംഭീറിനും മത്സരത്തിന്റെ 100 ശതമാനം മാച്ച് ഫീ പിഴശിക്ഷയായി നല്‍കിയത്. കോലിക്ക് 1.7 കോടി രൂപയും ഗൗതം ഗംഭീറിന് 25 ലക്ഷവും നവീന്‍ ഉല്‍ ഹഖിന് 1.79 ലക്ഷവുമാണ് പിഴ തുകയായി നല്‍കേണ്ടി വരിക. കോലി നേരത്തെ തന്നെ അമിത ആക്രമണോത്സകത കാട്ടി വിവാദത്തിലായിരുന്നു.
ഇതിന്റെ പേരില്‍ അദ്ദേഹത്തിന് താക്കീത് ലഭിക്കുകയും ചെയ്തതാണ്. എന്നാല്‍ കോലി ഇപ്പോഴും തന്റെ അമിത ആക്രമണോത്സക സ്വഭാവത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കോലി ഇനിയൊരു മത്സരത്തില്‍ക്കൂടി അച്ചടക്ക ലംഘനം നടത്തിയാല്‍ കോലിയെ വിലക്കാനുള്ള സാധ്യതയും ഏറെയാണ്.