വിരാട് കോലിയും ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും തമ്മിലുള്ള ശത്രുതയ്ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോഴും തങ്ങള്‍ക്കിടയിലുള്ള മഞ്ഞുരുകിയിട്ടില്ലെന്നും പഴയ വൈരാഗ്യവും ദേഷ്യവുമെല്ലാം ഇപ്പോഴും അതുപോലെ തന്നെയുണ്ടെന്നു വീണ്ടും വ്യക്തമായിരിക്കുകയാണ്.
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മല്‍സരം കഴിഞ്ഞതിനു പിന്നാലെയായിരുന്നു നാടകീയ രംഗങ്ങള്‍. കോലിയും ലഖ്‌നൗ ടീമിന്റെ ഉപദേശകനായ ഗംഭീറും തമ്മില്‍ ഡഗൗട്ടില്‍ വച്ച് പരസ്പരം ചൂടേറിയ വാഗ്വാദം നടക്കുകയും കൈയാങ്കളിയിലേക്കു നീങ്ങുമെന്നു തോന്നിയതോടെ മറ്റുള്ളവര്‍ തടയുകയുമായിരുന്നു.

screen shot
കോലിയും ഗംഭീറും തമ്മില്‍ പരസ്പരം തല്ലുമോയെന്ന ഘട്ടത്തിലേക്കു പോലും കാര്യങ്ങളെത്തിയിരുന്നു. ഗംഭീറിനു അരികിലേക്കു രോഷത്തോടെ വന്ന കോലിയെ ലഖ്‌നൗ താരം അമിത് മിശ്ര തടിഞ്ഞു നിര്‍ത്തുകയും അനുനയിപ്പിച്ച് തിരികെ അയക്കുകയുമായിരുന്നു. ഇതിനിടെ ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലും കോച്ചിങ് സംഘത്തിലുള്ള വിജയ് ദാഹിയ അടക്കമുള്ള മറ്റുള്ളവരും ചുറ്റുമുണ്ടായിരുന്നു.
ആദ്യമായല്ല കോലിയും ഗംഭീറും കൈയാങ്കളിയുടെ വക്കിലെത്തുന്നത്. 2013ലെ ഐപിഎല്ലില്‍ ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള മാച്ചിനിടെയും ഇരുവരും കൊമ്പുകോര്‍ത്തിരുന്നു. അന്നു കെകെആറിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഗംഭീര്‍.
ഇത്തവണ എന്താണ് കോലിയും ഗംഭീറും തമ്മില്‍ പെട്ടെന്നു പ്രകോപനമുണ്ടാവാനുള്ള കാരണമെന്നു വ്യക്തമല്ല. കോലിയുടെ അതിരുവിട്ട ആഹ്ലാദ പ്രകടനമായിരിക്കാം ഗംഭീറിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. നേരത്തേ ബെംഗളൂരുവില്‍ നടന്ന ആദ്യപാദത്തില്‍ ആര്‍സിബിയെ ലഖ്‌നൗ തോല്‍പ്പിച്ച ശേഷം ഗംഭീര്‍ കാണികള്‍ക്കു നേരെ ചുണ്ടില്‍ വിരല്‍ വച്ച് മിണ്ടാതിരിക്കൂയെന്ന് ആംഗ്യം കാണിച്ചിരുന്നു. ഇന്നു ഗംഭീറിനുള്ള മറുപടിയായി കോലിയും ഇതേ രീതിയില്‍ ലഖ്‌നൗവിലെ കാണികള്‍ക്കു നേരെ മിണ്ടാതിരിക്കാന്‍ ആംഗ്യം കാണിച്ചിരുന്നു. ഇതു തന്നെയാവാം ഇരുവരും തമ്മിലുള്ള വാക്കറ്റേത്തിലേക്കു നയിച്ചതെന്നാണ് കരുതുന്നത്.

ഗൗതം ഗംഭീറിനു അരികില്‍ നിന്നും പിടിച്ചുമാറ്റിയ ശേഷവും വിരാട് കോലി വളരെ ചൂടനായാണ് കാണപ്പെട്ടത്. തുടര്‍ന്ന് ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഇടപെട്ട് അദ്ദേഹത്തെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. കളിക്കളത്തിലെ ഈ മോശം പെരുമാറ്റത്തിന്റെ പേരില്‍ കോലിക്കും ഗംഭീറിനുമെതിരേ ഇനി ശിക്ഷാ നടപടിയുണ്ടാവുമോയെന്നാണ് അറിയാനുള്ളത്.
വിരാട് കോലിയും ഗൗതം ഗംഭീറും കൊമ്പുകോര്‍ക്കുന്ന വീഡിയോ
കളിയിലുടനീളം വളരെ അഗ്രസീവായാണ് കോലി പെരുമാറിയത്. പലപ്പോഴും അദ്ദേഹത്തിന്റെ ആഹ്ലാദ പ്രകടനം അതിരു കടക്കുകയും ചെയ്തിരുന്നു. ഈ സീസണില്‍ ഇതിനകം തന്നെ ഒരു തവണ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ കോലിക്കു പിഴ ചുമത്തിക്കഴിഞ്ഞു.
അതേസമയം, ചെറിയ സ്‌കോര്‍ പിറന്ന മല്‍സരത്തില്‍ 18 റണ്‍സിനാണ് ലഖ്‌നൗവിനെ ആര്‍സിബി പരാജയപ്പെടുത്തിയത്. ഈ ജയത്തോടെ പ്ലേഓഫ് സാധ്യതകള്‍ ആര്‍സിബി നിലനിര്‍ത്തുകയും ചെയ്തു. ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ആര്‍സിബിക്കു ഒമ്പതു വിക്കറ്റിനു 126 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ലഖ്‌നൗ ഈ സ്‌കോര്‍ അനായാസം ചേസ് ചെയ്യുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ഉജ്ജ്വലായി ബൗള്‍ ചെയ്ത ആര്‍സിബി ഒരു ബോള്‍ ബാക്കിനില്‍ക്കെ 108 റണ്‍സിന് ലഖ്‌നൗവിനെ എറിഞ്ഞിടുകയായിരുന്നു.